കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയും സി.പി.എം നേതാവുമായ പി.ആർ. അരവിന്ദാക്ഷൻ, മറ്റൊരു പ്രതിയും ബാങ്കിലെ മുൻ അക്കൗണ്ടന്റുമായ സി.കെ. ജിൽസ് എന്നിവരുടെ ജാമ്യാപേക്ഷ എറണാകുളം പ്രത്യേക പി.എം.എൽ.എ കോടതി തള്ളി. പ്രതികൾക്കെതിരെ തെളിവുണ്ടെന്നും ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും നിരീക്ഷിച്ചാണ് കോടതി ജാമ്യാപേക്ഷ നിരാകരിച്ചത്.
സാക്ഷികളിൽ പലരും രാഷ്ട്രീയ പാർട്ടിയിലുള്ളവരാണ്. വലിയ പണമിടപാട് നടന്നതായി രേഖകളിൽനിന്ന് വ്യക്തമാണ്. പണത്തിന്റെ ഉറവിടം പ്രതികൾ വെളിപ്പെടുത്തിയിട്ടില്ലെന്നും കോടതി ഉത്തരവിൽ പറഞ്ഞു. കേസിലെ ഇ.ഡി സമർപ്പിച്ച ഡയറിയും പരിശോധിച്ചാണ് കോടതി ജാമ്യം നിരസിച്ചത്. ബാങ്ക് തട്ടിപ്പിലെ മുഖ്യപ്രതിയായ സതീഷ് കുമാറുമായി ബന്ധം കണ്ടെത്തിയതിനെത്തുടർന്നാണ് അരവിന്ദാക്ഷനെ ഇ.ഡി നേരത്തേ അറസ്റ്റ് ചെയ്തത്.
അരവിന്ദാക്ഷന് 50 ലക്ഷത്തിലധികം രൂപയുടെ സ്ഥിര നിക്ഷേപമുള്ളതായും ബാങ്ക് വായ്പ തട്ടിപ്പിലൂടെ ലഭിക്കുന്ന വരുമാനം അരവിന്ദാക്ഷൻ മുഖേന വിവിധ ബിനാമി ബിസിനസുകളിലും സ്വത്തുക്കളിലും സതീഷ് കുമാർ നിക്ഷേപിച്ചതായും ഇ.ഡി ആരോപിച്ചിരുന്നു. സി.കെ. ജിൽസ് അനധികൃത വായ്പ ഇടപാടുകളിൽ പങ്കാളിയായെന്നും ഇ.ഡി ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.