കരുവന്നൂർ കേസ്: ഇ.ഡിക്ക് തടയിടാൻ ക്രൈംബ്രാഞ്ച് നീക്കം; നിക്ഷേപകർക്ക് പാരയായേക്കും

കൊച്ചി: ലൈഫ് മിഷൻ കേസിനു പിന്നാലെ കരുവന്നൂർ കേസിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും (ഇ.ഡി) ക്രൈംബ്രാഞ്ചും ‘ഏറ്റുമുട്ടാൻ’ ഒരുങ്ങുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി ബാങ്കിൽ നിന്നടക്കം പിടിച്ചെടുത്ത രേഖകളുടെ പകർപ്പു തേടി ക്രൈംബ്രാഞ്ച് പ്രത്യേക സാമ്പത്തിക കോടതിയെ (പി.എം.എൽ.എ) സമീപിച്ചതോടെയാണിത്.

പ്രതികളിൽനിന്നും സാക്ഷികളിൽനിന്നും പിടിച്ചെടുത്ത രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം ശരിയായ ദിശയിൽ പുരോഗമിക്കുമ്പോൾ ക്രൈംബ്രാഞ്ച് കേസന്വേഷണത്തിൽ ഇടപെടുന്നതു പ്രതികളുടെ കള്ളപ്പണം കണ്ടുകെട്ടാനുള്ള നടപടിയെ മന്ദീഭവിപ്പിക്കുമെന്നാണ് ഇ.ഡി ഉദ്യോഗസ്ഥർ പറയുന്നത്.

കരുവന്നൂർ കേസിൽ നിക്ഷേപകർക്കും ബാങ്കിനും നഷ്ടപ്പെട്ട 350 കോടി രൂപ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പി.എം.എൽ.എ) കണ്ടുകെട്ടി പ്രതികളിൽ‌നിന്നു തിരിച്ചുപിടിക്കാനുള്ള ഇ.ഡിയുടെ നീക്കത്തിനു തടസ്സമുണ്ടാക്കുന്നതാണ് ക്രൈംബ്രാഞ്ച് നീക്കമെന്നാണ് വിലയിരുത്തൽ. ബിനാമി വായ്പ തട്ടിപ്പിലൂടെ മുതൽ ഇനത്തിൽ 180 കോടി രൂപയോളം നിക്ഷേപകർക്ക് നഷ്ടപ്പെട്ടിട്ടുണ്ട്.

ഇതിൽ പ്രതികളുടെ 87 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി. ശേഷിക്കുന്ന സ്വത്തുക്കളും കണ്ടുകെട്ടി ഇ.ഡി ബാങ്കിൽ സമർപ്പിക്കുന്നതോടെ പണം നഷ്ടപ്പെട്ട മുഴുവൻ നിക്ഷേപകർക്കും ബാങ്കിനും കോടതിയെ സമീപിച്ച് അവരുടെ പണം തിരികെ വാങ്ങാൻ കഴിയും. ഈ നടപടി തടസ്സപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നതെന്നും നിക്ഷേപകർക്കെതിരായ നീക്കമാണിതെന്നുമാണ് ഇ.ഡി വിശദീകരണം.

അന്വേഷണം നിർണായക ഘട്ടത്തിൽ നിൽക്കുമ്പോൾ വെറുതെ ഇടപെട്ട് കുഴപ്പമുണ്ടാക്കാതെ സഹകരിച്ചു മുന്നോട്ടുപോകണമെന്നും ഇ.ഡി കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ പറയുന്നു. ക്രൈംബ്രാഞ്ചിന്റെ ഹരജി തള്ളണമെന്നും പി.എം.എൽ.എ കോടതിയിൽ ഇ.ഡി ബോധിപ്പിച്ചു.

Tags:    
News Summary - Karuvannur case: Crime branch moves to stop ED; Investors may be disappointed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.