തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ പ്രതിസന്ധി പരിഹരിക്കാനും സഹകരണ മേഖലയുടെ വിശ്വാസ്യത വീണ്ടെടുക്കാനുമുള്ള ശ്രമങ്ങൾക്ക് അതിവേഗം. സഹകരണമന്ത്രി വി.എൻ. വാസവൻ വിളിച്ച യോഗം ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടക്കും. ബാങ്കിലെ അഡ്മിനിസ്ട്രേറ്റിവ് -ഭരണസമിതി അംഗങ്ങൾ, വകുപ്പിലെ ഉന്നതോദ്യോഗസ്ഥർ എന്നിവരാണ് പങ്കെടുക്കുക. സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനാവശ്യമായ ഇടപെടലിനെക്കുറിച്ച് ആലോചിക്കാൻ ഒക്ടോബർ നാലിന് മുഴുവൻ സഹകരണ ബാങ്ക് പ്രസിഡന്റുമാരുടെയും യോഗവും മന്ത്രി വിളിച്ചിട്ടുണ്ട്.
സഹകരണ ബാങ്കുകളുടെ വിശ്വാസ്യത നിലനിര്‍ത്താൻ തീവ്രശ്രമത്തിനാണ് സർക്കാർ തീരുമാനം. നിക്ഷേപ സുരക്ഷിതത്വം ഉറപ്പാക്കാൻ യോഗങ്ങളും വീടുകളിൽ കയറി ബോധവത്കരണവും സംഘടിപ്പിക്കാനും സി.പി.എം തീരുമാനിച്ചിട്ടുണ്ട്. സഹകാരികളും ബാങ്ക് ജീവനക്കാരും സംഘങ്ങളായി ചൊവ്വാഴ്ച മുതലാണ് വീടുകളിൽ കയറുക. കരുതൽധനത്തിന്റെയും വായ്പകളുടേയും വിശദാംശങ്ങൾ അതത് സഹകരണ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രദര്‍ശിപ്പിക്കും. ബോധവത്കരണത്തിനൊപ്പം പുതിയ നിക്ഷേപം സ്വീകരിക്കലും കുടിശ്ശിക പിരിവുമാണ് അജണ്ട.
കേരള ബാങ്കിൽനിന്ന് 50 കോടി കൈമാറാനാണ് ആദ്യം ആലോചിച്ചതെങ്കിലും റിസർവ് ബാങ്ക് മാനദണ്ഡങ്ങൾ ചൂണ്ടിക്കാണിച്ച് നബാർഡ് വിലക്ക് ഉയർത്തിയതിനാൽ ഇതിന് പകരം പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ മേൽനോട്ടമാകും കേരള ബാങ്കിനുള്ളത്. പ്രാഥമിക സഹകരണ സംഘങ്ങളിൽനിന്ന് അടിയന്തരമായി നിക്ഷേപം സ്വീകരിച്ച് കരുവന്നൂര്‍ ബാങ്കിലേക്ക് പണമെത്തിക്കാനുള്ള ചർച്ചകളിലാണ് സർക്കാറും സി.പി.എം നേതാക്കളും. സര്‍ക്കാറിന്റെ സഹകരണ പുനരുദ്ധാരണ നിധിയിലേക്ക് കേരള ബാങ്കിന്റെ കരുതൽ ധനത്തിൽനിന്ന് പണമെത്തിയാലുടൻ നിക്ഷേപം പിൻവലിക്കാമെന്ന വ്യവസ്ഥയും വെക്കും.
കേരള ബാങ്കിൽനിന്ന് സഹകരണ പുനരുദ്ധാരണ നിധിയിലേക്ക് വായ്പയെടുക്കുന്നതിലും സാങ്കേതിക കടമ്പകൾ ഏറെയാണ്. കോര്‍ ഫണ്ടിനേക്കാൾ മുകളിൽ നഷ്ടമുള്ളതോ തട്ടിപ്പിലൂടെ തകര്‍ന്ന സംഘങ്ങള്‍ക്കോ വായ്പ നൽകരുതെന്നാണ് ആർ.ബി.ഐ വ്യവസ്ഥ.
പ്രാഥമിക സഹകരണ സംഘങ്ങൾ ലാഭത്തിന്റെ 15 ശതമാനം കേരള ബാങ്കിൽ കരുതൽ ധനം നിക്ഷേപിക്കുന്നുണ്ട്. ഈയിനത്തിൽ കേരള ബാങ്കിന്റെ കൈവശം 1500 കോടിയോളമുണ്ട്. ഇതിൽനിന്ന് 500 കോടി പുനരുദ്ധാരണ നിധിയിലേക്ക് മാറ്റാനാണ് ആലോചിക്കുന്നത്. ഇതിന് അതത് സഹകരണ സംഘത്തിന്റെ അനുമതിക്കൊപ്പം സഹകരണ നിയമഭേദഗതിയുടെ നടപടിക്രമങ്ങളും പൂർത്തിയാക്കിയാൽ മതി. കേരള ബാങ്ക് ഭരണസമിതി തീരുമാനിച്ചാൽ വായ്പ നൽകാനും തടസ്സമില്ല. എന്നാൽ, റിസര്‍വ് ബാങ്ക് മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടിയുള്ള നബാര്‍ഡ് നോട്ടീസ് തടസ്സമാണ്. കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങൾക്ക് അടിയന്തരമായി കണ്ടെത്തേണ്ട പണം സഹകരണ സംഘങ്ങളിൽനിന്ന് നിക്ഷേപമായി എത്തിക്കാനാണ് ശ്രമം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.