തൃശൂർ: കോടികളുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് നിക്ഷേപകർ കിട്ടാവുന്നത്ര പണം പിൻവലിച്ചതോടെ കരുവന്നൂർ സഹകരണ ബാങ്കിെൻറ സാമ്പത്തിക നില പരുങ്ങലിൽ. ഇടപാടുകൾക്കായി ബാങ്കിലുള്ളത് 25 ലക്ഷം രൂപ മാത്രമാണ്. ബാങ്ക് പ്രവർത്തനം പ്രതിസന്ധിയിലാവാതെയും നിക്ഷേപകരെ ആശങ്കയിലാക്കാതെയും ബാങ്കിനെ പഴയ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പുതുതായി ഭരണച്ചുമതല ലഭിച്ച അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി. തിങ്കളാഴ്ച സംഘം ബാങ്കിലെത്തി രേഖകൾ പരിശോധിച്ചും ജീവനക്കാരുമായി ചർച്ച ചെയ്തും തുടർനടപടികൾ സംബന്ധിച്ച് തീരുമാനമെടുക്കും.
കേരള ബാങ്കിൽ 100 കോടിയുടെ വായ്പക്ക് അപേക്ഷിച്ചത് ഉടൻ ലഭിച്ചേക്കും. എന്നാൽ, ഇക്കാര്യത്തിൽ സർക്കാറും സി.പി.എമ്മും നിർദേശം നൽകിയിട്ടില്ല. ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള പണം നിലവിലെ സാഹചര്യത്തിൽനിന്നുതന്നെ കണ്ടെത്താനാണ് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ആലോചിക്കുന്നത്. ഇതിനായി ബാങ്കിലെ സ്വർണപ്പണയ വായ്പകൾ തിരിച്ചുപിടിക്കാനാണ് തീരുമാനം. സ്വർണപ്പണയ വായ്പകളുടെ കാലാവധി പരിശോധന അന്തിമഘട്ടത്തിലാണ്.
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിെൻറ എക്സ്റ്റൻഷൻ കൗണ്ടർ നിയമവിരുദ്ധമായി സമാന്തര ബാങ്കായി പ്രവർത്തിച്ചതായി ഓഡിറ്റ് റിപ്പോർട്ട്. ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷൻ എക്സ്റ്റൻഷൻ കൗണ്ടർ സംബന്ധിച്ചാണ് കണ്ടെത്തൽ.
എക്സ്റ്റൻഷൻ കൗണ്ടറുകളിൽ വായ്പ അനുവദിക്കാനോ ചിട്ടി നടത്താനോ അനുമതിയില്ലെന്നിരിക്കെ, നിയമവിരുദ്ധമായി പ്രവർത്തിച്ചുവെന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്. ജില്ല സഹകരണ ബാങ്കിൽനിന്നെടുത്ത 4.25 കോടി വായ്പയിൽ ബാങ്ക് വായ്പ നൽകിയതാവട്ടെ 2.22 കോടി മാത്രമാണ്. വായ്പയുടെ 20 ശതമാനം കാർഷിക വായ്പ നൽകണമെന്നാണ് ചട്ടം. എന്നാൽ, അരശതമാനം മാത്രമാണ് കരുവന്നൂർ ബാങ്ക് വായ്പ നൽകിയത്. 95 ശതമാനം വായ്പകളും നിക്ഷേപ ഈടിന്മേലാണ് അനുവദിച്ചത്. ഇതിൽ തന്നെ 50 ശതമാനവും 50 ലക്ഷത്തിന് മുകളിലും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.