കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിന്‍റെ പ്രവർത്തനം സുഗമമാക്കാൻ മൂന്ന് മാസത്തിനകം 50 കോടി രൂപ സ്വരൂപിക്കുമെന്ന് സർക്കാർ ഹൈകോടതിയിൽ. കേരള ബാങ്കിൽനിന്നടക്കം വായ്പ സ്വീകരിച്ച് തുക തിരിച്ചുനൽകാനാണ് തീരുമാനം. സഹകരണ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതാധികാര സമിതി ചേർന്ന് പരിഹാര മാർഗങ്ങൾ ചർച്ച ചെയ്തു. പ്രതിസന്ധി നേരിടുന്ന മറ്റ് സഹകരണ സംഘങ്ങൾക്കായി ദീർഘകാല പുനരുദ്ധാരണ പദ്ധതി നടപ്പാക്കുമെന്നും ഇതിനായി സഹകരണ രജിസ്ട്രാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.
പ്രതിസന്ധി പരിഹരിക്കാൻ 40 കോടി രൂപ വേണമെന്ന് ഉന്നതാധികാര സമിതി വിലയിരുത്തിയതായി സര്‍ക്കാര്‍ അറിയിച്ചു. ബാങ്കിന്‍റെ ആസ്തികൾ പണയംവെച്ച് കേരള ബാങ്കിൽനിന്ന് 25 കോടിയും സഹകരണ ക്ഷേമ ബോർഡിൽനിന്ന് 10 കോടിയും ബാങ്ക് കരുതൽ ധനത്തിൽനിന്ന് രണ്ട് കോടിയും ബാങ്കിന്‍റെ കൈവശമുള്ള തുകയും ചേർത്ത് നിലവിലെ പ്രതിസന്ധി മറികടക്കാനാവും. സ്വർണപ്പണയ വായ്പ, ചിട്ടി, ചെറുകിട നിക്ഷേപ പദ്ധതി തുടങ്ങിയവ പുനരാരംഭിക്കുക വഴി പ്രവർത്തനം സാധാരണ നിലയിലാക്കാൻ സാധിക്കും. ബാങ്കിനായി കൂടുതൽ സെയിൽസ് ഓഫിസർമാരുടെ സേവനം വിട്ടുനൽകിയിട്ടുണ്ട്. നിക്ഷേപകർക്കിടയിൽ ഇടനിലക്കാരുടെ ഇടപെടൽ ബുദ്ധിമുട്ടുണ്ടാക്കുന്നതായും സർക്കാർ കോടതിയെ അറിയിച്ചു.
ടോക്കണ്‍ നല്‍കി പണം തിരികെ നല്‍കുന്ന നടപടി പൂര്‍ണമായും നിര്‍ത്തിവെക്കാനും പണം അത്യാവശ്യമുള്ളവർ ബാങ്കിനോട് രേഖാമൂലം ആവശ്യപ്പെടാനും ഹരജി പരിഗണിച്ച ജസ്റ്റിസ് ടി.ആർ. രവി നിർദേശിച്ചു. വായ്പ വാങ്ങിയവർ കോടതിയിൽനിന്ന് സ്റ്റേ സമ്പാദിച്ചതിന് ശേഷം കോടതി നിർദേശിച്ച തുക അടക്കാൻ വീഴ്ചവരുത്തിയ കേസുകളിൽ ലേല നടപടികൾ തുടരാം. അത്യാവശ്യക്കാർക്ക് പണം നൽകിയതിന്റെ രേഖകളും ഹാജരാക്കണം.
ഇനി കേസ് പരിഗണിക്കുമ്പോൾ ബാങ്കിന് ലഭിക്കാനുള്ള പണം തിരികെ ലഭിച്ചോ, നിക്ഷേപകര്‍ക്ക് നല്‍കാനുള്ള ചെലവ് എത്ര തുടങ്ങിയ കാര്യങ്ങൾ അറിയിക്കണം. നിക്ഷേപകർക്ക് തുക തിരിച്ചുനൽകുന്നതിൽ കൃത്യമായ നടപടിക്രമങ്ങളെന്തെന്ന് സർക്കാർ വിശദീകരിക്കണമെന്നും കോടതി നിർദേശിച്ചു. മുൻഗണനക്രമം നിശ്ചയിക്കലടക്കം തുടർ നടപടികൾക്ക് 12 ദിവസത്തെ സമയം സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഹരജി ആഗസ്റ്റ് 25ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.