കരുവന്നൂർ: 25 മണിക്കൂറോളം നീണ്ട് ഇ.ഡി പരിശോധന

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് തൃശൂരിലെ സഹകരണ ബാങ്കുകളിലെ ഇ.ഡി പരിശോധന നീണ്ടത് 25 മണിക്കൂറോളം.

ഇ.ഡി ചരിത്രത്തിലെ ദൈർഘ്യമേറിയ പരിശോധനയാണിതെന്നാണ് പറയുന്നത്. തൃശൂർ സഹകരണ ബാങ്കിൽ 17 മണിക്കൂറും അയ്യന്തോൾ സഹകരണ ബാങ്കിൽ 25 മണിക്കൂറോളവും ആണ് പരിശോധന നടന്നത്. തൃശൂർ സഹകരണ ബാങ്കിലെയടക്കം പരിശോധന ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിയോടെയും അയ്യന്തോൾ സർവിസ് സഹകരണ ബാങ്കിലേത് രാവിലെ ഒമ്പതോടെയുമാണ് പൂർത്തിയായത്. 40 പേരടങ്ങുന്ന സംഘമാണ് ഒന്നാം പ്രതി പണമിടപാടുകാരൻ പി. സതീഷ് കുമാറുമായി ബന്ധമുള്ള തൃശൂരിലെ എട്ടിടങ്ങളിലും എറണാകുളത്തെ ഒരിടത്തും ഒരേ സമയം പരിശോധന നടത്തിയത്.

സതീഷ് കുമാറിന്റേതടക്കം നിരവധി ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ ഇ.ഡി സംഘം ശേഖരിച്ചു. തൃശൂർ സഹകരണ ബാങ്കിൽ നിന്നും ഇടപാടുകളുടെ അയ്യായിരത്തോളം ഫയലുകൾ കസ്റ്റഡിയിലെടുത്തു. സംശയത്തിന്റെ പേരിൽ മാർക്ക് ചെയ്തിരുന്ന ഫയലുകൾ അഞ്ഞൂറോളം ഫയലുകൾ ചൊവ്വാഴ്ച രാവിലെ എറണാകുളത്തെ ഇ.ഡി ഓഫിസിൽ എത്തിച്ച് നൽകി. അയ്യന്തോൾ സഹകരണ ബാങ്കിൽ നിന്നും നേരത്തെ തന്നെ സതീഷ് കുമാറുമായി ബന്ധപ്പെട്ട അക്കൗണ്ട് വിവരങ്ങൾ ഇ.ഡി വാങ്ങിയിരുന്നു. സംശയകരമായി തോന്നിയ ഇടപാട് രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

എസ്.ടി ജ്വല്ലറിയിലും ജ്വല്ലറി ഉടമയുടെ വീട്ടിലും റിയൽ എസ്റ്റേറ്റ് നടത്തിപ്പുകാരന്റെ വീട്ടിലും ആധാരം എഴുത്തുകാരുടെ ഓഫിസുകളിലും നടത്തിയ പരിശോധന തിങ്കളാഴ്ച രാത്രി ഒമ്പതോടെ അവസാനിപ്പിച്ചിരുന്നു. ആധാരം എഴുത്തുകാരുടെ ഓഫിസുകളിൽ നിന്നും രേഖകൾ പിടിച്ചെടുക്കുകയും ചെയ്തു.

കരുവന്നൂർ സഹകരണ ബാങ്കിലേത് 500 കോടിയുടെ ക്രമക്കേടാണെന്ന പുതിയ നിഗമനത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇ.ഡിയുടെ പരിശോധന.

സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വൈസ് ചെയർമാനുമായ എം.കെ. കണ്ണൻ പ്രസിഡന്‍റായ തൃശൂർ സർവിസ് സഹകരണ ബാങ്ക്, കള്ളപ്പണ ഇടപാടിലെ മുഖ്യപ്രതി പി. സതീഷ് കുമാർ ഇടപാട് നടത്തിയതായി കണ്ടെത്തിയ അയ്യന്തോൾ സർവിസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലും മൂന്ന് ആധാരമെഴുത്തുകാരുടെ വീടുകളിലും സ്ഥാപനങ്ങളിലും ജ്വല്ലറിയിലുമാണ് പരിശോധന നടന്നത്.

Tags:    
News Summary - Karuvannur: ED examination lasted for 25 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.