കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത സി.പി.എം നേതാവും വടക്കാഞ്ചേരി നഗരസഭ സ്ഥിരംസമിതി അധ്യക്ഷനുമായ പി.ആർ. അരവിന്ദാക്ഷൻ, ബാങ്ക് സീനിയര്‍ അക്കൗണ്ടന്റ് ജിൽസ് എന്നിവർക്കെതിരെ കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കി. അരവിന്ദാക്ഷന്റെയും ജില്‍സിന്റെയും ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത ഇ.ഡി, കേസിലെ മുഖ്യപ്രതി പി. സതീഷ് കുമാറുമായി അരവിന്ദാക്ഷൻ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ഫോണ്‍ സംഭാഷണങ്ങളിലെ വിവരങ്ങളും കോടതിയില്‍ അറിയിച്ചു. ഈ തെളിവുകൾ കൂടി പരിശോധിച്ചായിരിക്കും ജാമ്യാപേക്ഷയിൽ കോടതി തീരുമാനമെടുക്കുക. ജാമ്യാപേക്ഷയിൽ വിധി പറയുന്നത് എറണാകുളം പി.എം.എൽ.എ കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.
അരവിന്ദാക്ഷൻ കള്ളപ്പണം വെളുപ്പിച്ചതായാണ് ഇ.ഡിയുടെ കണ്ടെത്തൽ. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മൂന്നാം പ്രതിയാണ് അരവിന്ദാക്ഷൻ. കേസിൽ അറസ്റ്റിലായ സ്വകാര്യ പണമിടപാടുകാരൻ പി. സതീഷ്കുമാർ, ഇടനിലക്കാരൻ പി.പി. കിരൺ, വടക്കാഞ്ചേരി നഗരസഭ അംഗമായ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം പി.ആർ. അരവിന്ദാക്ഷൻ, കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്റ് സി.കെ. ജിൽസ് എന്നിവർക്കെതിരായ കുറ്റപത്രമാണ് ഈമാസം 31നകം സമർപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഒരുങ്ങുന്നത്. തട്ടിപ്പിന്റെ പിന്നിലെ സൂത്രധാരർ ഇവരാണെന്നും ബാങ്ക് ഭരണസമിതിയുടെയും രാഷ്ടീയ നേതൃത്വത്തിന്റെയും അറിവോടെ 180 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നുമാണ് ഇ.ഡി ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.