കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ എസ്.ടി ജ്വല്ലറി ഉടമ സുനിൽകുമാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. ഒന്നാം പ്രതി സതീഷ് കുമാറുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായി ഇ.ഡി സ്ഥിരീകരിച്ചെങ്കിലും മകളുടെ കല്യാണവുമായി ബന്ധപ്പെട്ടാണ് സതീഷ് ഒരു കോടി രൂപ നൽകിയതെന്നാണ് സുനിൽകുമാറിന്റെ മൊഴി. എന്നാൽ, സതീഷിന്റെ ബിസിനസ് പങ്കാളിയാണ് സുനിൽകുമാർ എന്നാണ് ഇ.ഡി നിഗമനം.
മൂന്നാമത്തെ നോട്ടീസിലാണ് സുനിൽകുമാർ ഇ.ഡി മുമ്പാകെ ഹാജരായത്. വരും ദിവസങ്ങളിലും വിളിപ്പിക്കുമെന്ന് ഇ.ഡി അറിയിച്ചിട്ടുണ്ടെന്നും സുഹൃദ് ബന്ധം മാത്രമാണ് സതീഷുമായി ഉള്ളതെന്നും ഇയാൾ പ്രതികരിച്ചു.
ഇയാളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഏത് നിലയിൽ വന്ന പണമാണ് ഇതെന്ന് കണ്ടെത്താനുള്ള പരിശോധനയിലേക്ക് കടക്കാൻ ഇ.ഡി തീരുമാനിച്ചു. സതീഷ് വായ്പ തട്ടിപ്പിലൂടെ 14 കോടി സ്വന്തമാക്കിയതായി ഇ.ഡി കണ്ടെത്തിയിരുന്നു. ഇങ്ങനെ നേടിയ പണമാണോ സുനിലിന് നൽകിയതെന്ന് അറിയാനാകും ഇ.ഡി നീക്കം. ഇതുമായി ബന്ധപ്പെട്ടാണ് സുനിലിനെ ചോദ്യം ചെയ്തത്.
അതിനിടെ, സതീഷിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം ഉന്നയിച്ച് വീട്ടമ്മ ഇ.ഡിക്ക് മുന്നിലെത്തി. തൃശൂർ സ്വദേശി സിന്ധുവാണ് പരാതിക്കാരി. തൃശൂർ ജില്ല ബാങ്കിൽനിന്ന് സിന്ധു 18 ലക്ഷം വായ്പയെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെയാണ് സതീഷിനെ സമീപിക്കുന്നത്. തുടർന്ന് വായ്പ ടേക്ക്ഓവർ ചെയ്ത സതീഷ് 18 ലക്ഷത്തിൽനിന്ന് 15 ലക്ഷം തട്ടിയെടുത്തെന്നാണ് സിന്ധുവിന്റെ പരാതി. ഇതോടെ താൻ 73 ലക്ഷത്തിന്റെ ബാധ്യതയിലായെന്നും ഇവർ പറയുന്നു. ഈ പരാതിയും ഇ.ഡി അന്വേഷിക്കും.
പെരിങ്ങണ്ടൂർ സഹകരണബാങ്ക് സെക്രട്ടറി ടി.ആർ. രാജന്റെ ചോദ്യം ചെയ്യൽ വെള്ളിയാഴ്ചയും തുടർന്നു. വ്യാഴാഴ്ച നാല് മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ച രാജനോട് കൂടുതൽ രേഖകളുമായി ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. അറസ്റ്റിലായ വടക്കാഞ്ചേരി നഗരസഭ സി.പി.എം കൗൺസിലർ പി.ആർ. അരവിന്ദാക്ഷന്റെയും അമ്മയുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടിലെ സംശയങ്ങൾ തീർക്കാനാണ് രാജനെ പ്രധാനമായും ചോദ്യംചെയ്തത്. ബാങ്കിൽ അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ പേരിൽ 65 ലക്ഷത്തിന്റെ നിക്ഷേപം സംബന്ധിച്ച സംശയം തീർന്നിട്ടില്ല. തൃശൂരിലെ വ്യവസായി ജയരാജനെയും ഇ.ഡി ഇന്നലെ ചോദ്യം ചെയ്തു. ജയരാജിന്റെ പേരിലും സതീഷ് നിക്ഷേപം നടത്തിയതായാണ് വിവരം. അതിനിടെ, ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 150ലേറെ പരാതികൾ ലഭിച്ചത് ഇ.ഡി പരിശോധിക്കുകയാണ്.
തൃശൂര്‍: തൃശൂര്‍: സഹകരണ ബാങ്കുകളിലെ വായ്പ തട്ടിപ്പ് സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഫോണില്‍ ഭീഷണിപ്പെടുത്തിയതായി കെ.പി.സി.സി നിർവാഹക സമിതി അംഗം അനില്‍ അക്കര. വെള്ളാങ്ങല്ലൂര്‍ സ്വദേശി മനോജിനെതിരെ (മന്നൻ) തൃശൂർ ഈസ്റ്റ് പൊലീസിൽ പരാതി നൽകി. സ്വരം ഭീഷണിയിലേക്ക് വഴിമാറിയപ്പോൾ ഫോണ്‍ കട്ട് ചെയ്തതായി അനില്‍ അക്കര പരാതിയില്‍ പറയുന്നു.
കുട്ടനെല്ലൂര്‍, വള്ളിവട്ടം, വെള്ളാങ്കല്ലൂര്‍, പാപ്പിനിവട്ടം, കരുവന്നൂര്‍ തുടങ്ങിയ സഹകരണ ബാങ്കുകളില്‍ കോടികളുടെ വായ്പ തട്ടിപ്പാണ് മന്നനും സംഘവും നടത്തിയിട്ടുള്ളതെന്ന് അനില്‍ അക്കര ആരോപിക്കുന്നു. എം.എല്‍.എമാരായ എ.സി. മൊയ്തീന്, വി.ആര്. സുനില്‍കുമാര്‍ എന്നിവരുടെ അറിവോടെയാണ് തട്ടിപ്പുകള്‍. കുട്ടനെല്ലൂര്‍ ബാങ്കില്‍നിന്ന് ചൂണ്ടല്‍ സ്വദേശിയായ സുഭദ്രയുടെ മരിച്ചുപോയ ഭര്‍ത്താവിന്റെ ഭൂമി പണയപ്പെടുത്തി 1.25 കോടി രൂപയുടെ തട്ടിപ്പ് നടത്താൻ കൊടകര കുഴല്പണക്കേസ് പ്രതികളായ രഞ്ജിത്ത്, ദീപ്തി എന്നിവര്‍ക്ക് ഒത്താശ ചെയ്തത് മന്നനാണ്. സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ കണ്ട് ഭൂമിക്ക് അഡ്വാന്‍സ് നല്‍കും. പിന്നീട് ഏതെങ്കിലും സഹകരണ ബാങ്ക് വഴി പര്‍ച്ചേഴ്സ് ലോണ്‍ എന്ന നിലയില്‍ ഭൂ ഉടമകളെകൊണ്ട് ഭൂമി ജാമ്യംവെച്ച് മനോജിന്റെ കൂട്ടാളികളുടെ പേരില്‍ ലോണ്‍ എടുപ്പിക്കുകയും പിന്നീട് തിരിച്ചടക്കാതെ ബാങ്കുകളെയും ഭൂഉടമകളെയും തട്ടിപ്പിന് ഇരയാക്കുകയുമായിരുന്നു ഇയാളുടെ രീതിയെന്ന് അനിൽ അക്കര ആരോപിക്കുന്നു.
കുട്ടനെല്ലൂര്‍ ബാങ്കില്‍ തട്ടിപ്പിനിരയായ കുടുംബത്തിന്റെ വെള്ളാറ്റഞ്ഞൂര്‍ വില്ലേജിലെ രണ്ടേക്കര്‍ സ്ഥലത്തുനിന്ന് അനധികൃതമായി മണ്ണെടുക്കുകയും ചെയ്തിരുന്നു. നേരത്തേ സി.പി.എമ്മുകാരനായിരുന്ന മന്നന് ഇപ്പോള്‍ സി.പി.ഐകാരനാണ്. എല്‍.ഡി.എഫ് എം.എല്‍.എ ഉപയോഗിക്കുന്നത് മന്നന് വാങ്ങിക്കൊടുത്ത കാറാണെന്നും ആക്ഷേപമുണ്ട്. മന്നന് വിവിധ സഹകരണ ബാങ്കുകളില്‍ നടത്തിയ തട്ടിപ്പിനെക്കുറിച്ചും അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.