ഉഡുപ്പിയിലെ ​ഫ്ലോട്ടിങ്​ പാലം തകർന്നു

വെള്ളിയാഴ്ച ഉദ്​ഘാടനം ചെയ്ത പാലമാണിത്; തകർന്നതല്ല അഴിച്ചുവെച്ചതെന്ന്​ കരാറുകാരൻ മംഗളൂരു: കർണാടകയിലെ ആദ്യ ഫ്ലോട്ടിങ്​ പാലം ഉദ്​ഘാടനം കഴിഞ്ഞ്​ നാലാംനാൾ തകർന്നു. ഉഡുപ്പി മൽപെ ബീച്ചിൽ കഴിഞ്ഞ വെള്ളിയാഴ്ച ഉദ്​ഘാടനം ചെയ്ത പാലമാണ്​ തിരയിൽ തട്ടി തകർന്നത്​. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട്​ പരീക്ഷണാടിസ്ഥാനത്തിൽ രണ്ടാഴ്ചത്തേക്കായിരുന്നു പാലം തുറന്നത്​. എന്നാൽ, പാലം തകർന്നതല്ല പരീക്ഷണ ഉപയോഗം കഴിഞ്ഞ് അഴിച്ചിട്ടതാണെന്നാണ്​ കരാറുകാരന്‍റെ വിശദീകരണം. കടലിലെ തിരമാലകൾക്കു മീതെ പൊങ്ങിക്കിടക്കുന്ന പാലം (ഫ്ലോട്ടിങ്​ പാലം) ഉഡുപ്പി എം.എൽ.എ രഘുപതി ഭട്ട് ആണ്​ ഉദ്ഘാടനം ചെയ്തത്​. നൂറു മീറ്റർ നീളത്തിലും മൂന്നര മീറ്റർ വീതിയിലുമാണ്​ പാലം സജ്ജീകരിച്ചിരുന്നത്​. 80 ലക്ഷം രൂപയാണ്​ ചെലവ്​. രണ്ടാഴ്ചത്തേക്ക്​ പരീക്ഷണാടിസ്ഥാനത്തിലും കാലവർഷത്തിനുശേഷം സ്ഥിരമായും തുറക്കുമെന്നാണ്​ അറിയിച്ചിരുന്നത്​. വെള്ളിയാഴ്ചതന്നെ ഒട്ടേറെ പേർ പാലത്തിലൂടെ കടൽക്കാഴ്ച കാണാനെത്തി. ശനി, ഞായർ ദിവസങ്ങളിലും സഞ്ചാരികളെത്തി. തിങ്കളാഴ്ച നേരം പുലർന്നപ്പോഴാണ്​ പാലം തകർന്ന കാഴ്ച തീരദേശവാസികൾ കണ്ടത്​. പാലത്തിന്റെ ഭാഗങ്ങൾ കടലിൽ ഒഴുകിയും തീരത്തടിഞ്ഞും കിടക്കുന്ന നിലയിലായിരുന്നു​. സഞ്ചാരികൾ ആരുമില്ലാത്ത സമയമായതിന്‍റെ ആശ്വാസത്തിലാണ്​ നാട്ടുകാർ. പാലം തകർന്നതല്ല പരീക്ഷണ ഉപയോഗം കഴിഞ്ഞ് അഴിച്ചിട്ടതാണെന്ന്​​ കരാറുകാരൻ സുധേഷ് ഷെട്ടി മാധ്യമങ്ങളോട്​ പറഞ്ഞു. മേയ്​ 20 വരെ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാമെന്ന്​ പറഞ്ഞിരിക്കെ നാലാംനാൾ അഴിച്ചിട്ടതെന്തിനെന്ന ചോദ്യത്തിൽനിന്ന്​ അദ്ദേഹം ഒഴിഞ്ഞുമാറി. udupi bridge ഉഡുപ്പി മൽപെ ബീച്ചിൽ വെള്ളിയാഴ്ച ഉദ്​ഘാടനം ചെയ്ത ​ഫ്ലോട്ടിങ്​ പാലം തകർന്ന നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.