സുപ്രീംകോടതിക്ക് റിപ്പോർട്ട് നൽകി കാസർകോട്: സുപ്രീംകോടതി വിധിപ്രകാരം, എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള ധനസഹായ വിതരണം ഒരുദിവസം അഞ്ചുപേർ എന്നത് നൂറുപേർ എന്നായി ഉയർത്തും. ഇതിനുള്ള പ്രത്യേക അനുമതി സർക്കാർ കലക്ടർക്ക് നൽകി. ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ ഒരു ദിവസം 25 ലക്ഷം രൂപ മാത്രമേ പിൻവലിക്കാൻ അനുമതിയുണ്ടായിരുന്നുള്ളൂ. 3714 പേർക്കാണ് സഹായം വിതരണം ചെയ്യേണ്ടിയിരുന്നത്. അഞ്ചുപേർക്ക് വീതം നൽകിയാൽ ദുരിതബാധിതർ ഇനിയും കാത്തിരിക്കേണ്ടിവരും എന്നതിനാലാണ് കലക്ടർ പ്രത്യേക അനുമതി സർക്കാറിൽനിന്നും വാങ്ങിയത്. നാലാഴ്ചക്കുള്ളിൽ സഹായം വിതരണം ചെയ്തിരിക്കണമെന്നാണ് സുപ്രീംകോടതി വിധിയുണ്ടായത്. അതുപ്രകാരം വിതരണം ചെയ്യേണ്ട സമയം കഴിഞ്ഞു. കോടതിവിധി അനുസരിച്ചില്ലെങ്കിൽ കോടതിയലക്ഷ്യമാകുമെന്നതിനാൽ ഹരജിക്കാരായ എട്ടുപേർക്ക് ആദ്യഘട്ടത്തിൽത്തന്നെ അഞ്ചുലക്ഷം വീതം നൽകി. ഇത് സുപ്രീംകോടതിക്ക് റിപ്പോർട്ടായി സമർപ്പിക്കുകയും, മറ്റുള്ളവർക്ക് തുക വിതരണം ചെയ്യുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. നൂറുപേർക്കുവീതം വിതരണം ചെയ്യുന്നതോടെ 37 ഘട്ടങ്ങളിലായി തുക നൽകാനാകും. എങ്കിലും ഒരുമാസത്തിലേറെ സമയം ഇതിനായി വേണ്ടിവരും. ഇതിനുപുറമെ ധനസഹായത്തിന് അർഹരായവർക്ക് തുക വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും ഏറെ പാലിക്കേണ്ടതുണ്ടെന്ന് എൻഡോസൾഫാൻ സെല്ലിൽനിന്നും അറിയിച്ചു. പട്ടികയിൽപെട്ടവരും അർഹരായവരുമായവരുടെ വിലാസം, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട്, മറ്റു വിവരങ്ങൾ എന്നിവ പരിശോധിക്കുകയും ഉറപ്പുവരുത്തുകയും വേണം. ഇതിനും സമയം വേണ്ടിവരും. 2010ലെ മനുഷ്യാവകാശ കമീഷനാണ് എൻഡോസൾഫാൻ ഇരകൾക്ക് ധനസഹായം ശിപാർശ ചെയ്തത്. തുടർന്ന് സുപ്രീംകോടതിയാണ് ഇത് വിധിയായി മാറ്റിയത്. എന്നിട്ടും ധനസഹായം നൽകാൻ മാറിവന്ന സർക്കാറുകൾ തയാറായില്ല. തുടർന്നാണ് കോൺഫെഡറേഷൻ ഓഫ് എൻഡോസൾഫാൻ റൈറ്റ്സ് വിക്ടിംസ് കലക്ടിവ് നേതൃത്വത്തിൽ, ഇരകളായ എട്ടുപേർ സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹരജിയിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്‍റേതാണ് വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.