കൊണ്ടോട്ടി: ഈത്തപ്പഴങ്ങള്ക്കുള്ളില് വിദഗ്ധമായി ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വർണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ചെറുകഷ്ണങ്ങളാക്കി 170 ഗ്രാം സ്വര്‍ണമാണ് ഈത്തപ്പഴങ്ങള്ക്കുള്ളില് ഒളിപ്പിച്ചിരുന്നത്. സ്വർണം കൊണ്ടുവന്ന കാസര്‍കോട് സ്വദേശി ഇസ്മായില്‍ പുത്തൂര്‍ അബ്ദുല്ലയെ (38) കസ്റ്റംസ് അറസ്റ്റ് ചെയ്തു.
പിടികൂടിയ സ്വര്‍ണത്തിന് ആഭ്യന്തരവിപണിയില്‍ 10,47,200 രൂപ വിലവരും. മസ്കത്തില്‍നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് യാത്രികന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വിശദമായി നടത്തിയ പരിശോധനയിലാണ് കള്ളക്കടത്ത് ശ്രമം പുറത്തായത്.
ഈത്തപ്പഴങ്ങള്ക്കുള്ളില് 38 ചെറു സ്വര്ണക്കഷ്ണങ്ങളാണ് കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരുകയാണെന്നും കള്ളക്കടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ ശ്രമം ഊർജിതമാക്കിയിട്ടുണ്ടെന്നും കസ്റ്റംസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.