കാസർകോട്: അജൈവ മാലിന്യ നിര്‍മാര്‍ജനത്തില്‍ സംസ്ഥാനത്ത് മാതൃകയായി കാസര്‍കോട് ജില്ല. ഈ വർഷം ജനുവരി മുതല്‍ ജൂലൈ വരെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ക്ലീന്‍ കേരള കമ്പനി ശേഖരിച്ച് നീക്കം ചെയ്തത് 1795.74 ടണ്‍ അജൈവമാലിന്യം. മാലിന്യം തരംതിരിച്ച് നല്‍കിയതിന് ഹരിതകര്‍മ സേനക്ക് ക്ലീന്‍ കേരള കമ്പനി 35.57 ലക്ഷം രൂപ കൈമാറി. വിവിധ തരത്തിലുള്ള പ്ലാസ്റ്റിക് കവറുകള്‍ ഉള്‍പ്പെട്ട മാലിന്യങ്ങള്‍ 446.72 ടണ്‍, കട്ടി കൂടിയ പ്ലാസ്റ്റിക് 13.39 ടണ്‍, പുനഃചംക്രമണത്തിന് സാധിക്കാത്ത തെര്‍മോകോള്‍ ഉള്‍പ്പെടെയുള്ള നിഷ്ക്രിയ മാലിന്യങ്ങള്‍ 645.70 ടണ്‍, മണ്ണിലടിഞ്ഞുകിടക്കുന്ന പാരമ്പര്യ മാലിന്യങ്ങള്‍ (ലെഗസി മാലിന്യങ്ങള്‍) 253.02 ടണ്‍, ചെരിപ്പ് , ബാഗ് 127.30 ടണ്‍, ഗ്ലാസ് മാലിന്യം 172.65 ടണ്‍, തുണിത്തരങ്ങള്‍ 123.99 ടണ്‍, ഇ വേസ്റ്റ് 9.1 ടണ്‍, കടലാസ് ഉള്‍പ്പെടെയുള്ള സ്ക്രാപ്പ് 3.4 ടണ്‍, ടയര്‍ 3.5 ക്വിന്റല്‍ എന്നിങ്ങനെയാണ് നീക്കം ചെയ്ത പാഴ്വസ്തുക്കളുടെ കണക്ക്.
തദ്ദേശ സ്ഥാപനങ്ങളുടെ എം.സി.എഫ് (മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി) സെന്ററുകളില്‍ നിശ്ചിത ഇടവേളകളില്‍ ശേഖരിക്കുന്ന അജൈവ പാഴ്വസ്തുക്കള് ഹരിത കര്‍മസേന തരംതിരിച്ച് നല്‍കും. തുടര്‍ന്ന് കമ്പനി ഓരോ ഇനത്തിനും അതിനനുസരിച്ചുള്ള മാര്‍ക്കറ്റ് വില നല്‍കും. ദേശീയ ഹരിത ൈട്രബ്യൂണലിന്റെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പുനഃചംക്രമണ യോഗ്യമല്ലാത്ത അജൈവ പാഴ്വസ്തുക്കള് ക്ലീന്‍ കേരള കമ്പനി സംസ്കരിക്കുന്നത്. പുനഃചംക്രമണത്തിന് യോഗ്യമായ പാഴ്വസ്തുക്കള് പ്രധാനമായും ഗുജറാത്ത്, മഹാരാഷ്ട്ര, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്. പുനഃചംക്രമണത്തിന് കഴിയാത്തത് സിമന്റ് കമ്പനികള്‍ക്കാണ് കൈമാറുന്നത്. ജില്ലയില്‍ ശേഖരിക്കുന്ന പാഴ്വസ്തുക്കള് പുനഃചംക്രമണം ചെയ്യാനും ബദല്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കാനും റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി അനന്തപുരം വ്യവസായിക ഏരിയയില്‍ നിര്‍മിക്കുന്ന ആര്.ആര്.എഫിന്റെ (റിസോഴ്സ് റിക്കവറി ഫെസിലിറ്റി) പ്രവര്‍ത്തനം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്ന് ക്ലീന്‍ കേരള കമ്പനി ജില്ല മാനേജര്‍ മിഥുന് ഗോപി പറഞ്ഞു. അനന്തപുരം ആര്.ആര്‍എഫ് നിലവില്‍ വന്നാല്‍ മാലിന്യശേഖരണവും തരംതിരിക്കല്‍ പ്രവര്‍ത്തനങ്ങളും കൂടുതല്‍ കാര്യക്ഷമവും എളുപ്പവുമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.