ബദിയടുക്ക: കഴിഞ്ഞകാലങ്ങളിൽ തങ്ങളുടെ ആവശ്യത്തിനായി നിരന്തര സമരംചെയ്ത ചെങ്കല്ലുടമകൾ ഇപ്പോൾ ചെങ്കല്ലിന് ഒരു നിയന്ത്രണവുമില്ലാതെ അടിക്കടി വില കൂട്ടുന്നു. വില അടിക്കടി കൂട്ടുന്നതിൽ സാധാരണക്കാരാണ് കഷ്ടത്തിലായിരിക്കുന്നത്. ചെങ്കൽപണ ഉടമകളുടെ അസോസിയേഷൻ സ്വന്തമായി എടുക്കുന്ന തീരുമാനം നടപ്പിലാക്കുന്നത് ചെറുകിട നിർമാണമേഖലയിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കാൻപോകുന്നത്.
ജനുവരി 14 മുതൽ ഓരു കല്ലിന് മൂന്നു രൂപ വെച്ചാണ് വർധിപ്പിക്കാൻ പോകുന്നതെന്നാണ് പറയുന്നത്. ഇതിനെതിരെ പ്രതിഷേധവുമായി ജനങ്ങൾതന്നെ ഇറങ്ങുമെന്നതാണറിയുന്നത്. മൂന്നു മാസം മുമ്പ് ഫസ്റ്റ് കല്ല് ഒരു എണ്ണത്തിന് 22 രൂപ ഉണ്ടായത് 25 ആയി ഉയർത്തി. സെക്കൻഡിന് 19 രൂപയുള്ളത് 22 ആയി വർധിച്ചു.
എന്നാൽ, ഇതിലൂടെ ചെങ്കൽപണയിൽ ജോലിചെയ്യുന്ന ഒതാഴിലാളികൾക്ക് അവരുടെ കൂലി വർധിപ്പിക്കാൻ തീരുമാനമുണ്ടായില്ല. എങ്കിലും, മനഃസാക്ഷിയുള്ള ചില ഉടമകൾ 50ഉം 100ഉം രൂപ തൊഴിലാളികൾക്ക് നൽകിയിട്ടുണ്ട്. ഒരു കല്ലിന് മൂന്നു രൂപ നിരക്കിൽ വർധിപ്പിച്ചപ്പോൾ ലോഡ് കയറ്റിറക്കം 30 പൈസ മാത്രമാണ് കൂട്ടിയത്. നിലവില വർധന ശരിയല്ലെന്ന നിലപാടിൽ നിർമാണമേഖലയിലെ ജനങ്ങൾ പ്രതികരിക്കാൻ തുടങ്ങി. ഇതിനിടക്കാണ് രണ്ടുതരം ഗുണമുള്ള കല്ലിന് മൂന്നു രൂപ വീതം കൂട്ടാൻ അസോസിയേഷൻ തീരുമാനം.
അങ്ങനെ വരുമ്പോൾ മൂന്നുമാസം കൊണ്ട് 22 രൂപ 28 ആയി വർധിക്കും. സർക്കാർ നൽകുന്ന ലൈഫ് മിഷൻ വീടുൾപ്പെടെയുള്ള വീടുകളും ചെറുകിട നിർമാണമേഖലയുമാണ് ഈ സാഹചര്യത്തിൽ ബുദ്ധിമുട്ടുക. ഇത് ജനങ്ങളോട് കാട്ടുന്ന വെല്ലുവിളിയാണെന്നാണ് ആക്ഷേപം. ഇവരോട് ചോദിക്കാനും നിയന്ത്രിക്കാനും ആരുമില്ലെന്നാണോ എന്ന പരാതികളാണ് ഉയരുന്നത്. ജില്ലയിൽ താലൂക്കടിസ്ഥാനത്തിൽ മഞ്ചേശ്വരം, കാസർകോട് എന്നിവിടങ്ങളിലാണ് ചെങ്കൽപണകൾ പ്രവർത്തിക്കുന്നത്. അനുമതിയില്ലാതെ നടത്തുന്ന ചെങ്കൽപണകളും ഇതിലുണ്ട് എന്നാണ് പറയുന്നത്.
ഇതിൽ നിരന്തരം റവന്യൂ അധികൃതർ റെയ്ഡ് നടത്തി പിഴയീടാക്കുന്നിന് തടയിടാൻ കലക്ടറേറ്റിന്റെ മുന്നിൽ ചെങ്കൽ-ക്വാറിയുടമകളുടെ അസോസിയേഷൻ രാപ്പകൽ സമരമടക്കം മുമ്പ് നടത്തിയിരുന്നു. ഇതാണ് ഈ മേഖലയിലെ ഇപ്പോഴത്തെ വിലവർധനയുടെ കാരണമെന്നാണ് ആരോപണം. അസംഘടിത തൊഴിലാളികളെ ഉപയോഗിച്ച് എന്തുമാവാം എന്ന ധാരണയാണ് അസോസിയേഷന്റെ തീരുമാനമെന്ന് ജനങ്ങൾ ആക്ഷേപിക്കുന്നു.
തൊഴിലാളികളുടെ കൂലിവർധനയും ചെങ്കൽപണയിൽ പ്രവർത്തിക്കുന്ന മണ്ണുമാന്തി യന്ത്രം ഉൾപ്പെടെയുള്ളവയുടെ കൂലി വർധിച്ചതും 12 വർഷമായി വർധനയില്ലാതെ മുന്നോട്ടുപോയതും വളരെയധികം പ്രയാസമുണ്ടാക്കിയെന്നും നിലവിൽ വില വർധിപ്പിക്കാതെ മുന്നോട്ടുപോകാനാകില്ലെന്നും ചെങ്കൽ ഉടമകളുടെ അസോസിയേഷൻ ഭാരവാഹികൾ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.