മൊഗ്രാൽ: മഴ തുടങ്ങിയതു മുതൽ പെർവാഡ് കടപ്പുറത്തെ തീരദേശവാസികളുടെ ഭീതി ഒഴിയുന്നില്ല. ഓരോ കാലവർഷവും അടുത്തെത്തുന്നതോടെ കടലിനെ പേടിച്ച് കഴിയേണ്ട അവസ്ഥയിലാണ് ഇവിടത്തെ ജനങ്ങൾ. മുൻവർഷങ്ങളിലെ രൂക്ഷമായ കടലാക്രമണങ്ങളെ ചെറുക്കാൻ പ്രദേശത്ത് നിർമിച്ച കടൽഭിത്തികൾക്കൊന്നും കഴിഞ്ഞിരുന്നില്ല. കടൽഭിത്തികളൊക്കെ കടൽതന്നെ കൊണ്ടുപോയി.
കഴിഞ്ഞവർഷം കടൽ 200 മീറ്ററോളം കരകവർന്നപ്പോൾ നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. നിരവധി കുടുംബാംഗങ്ങളെ മാറ്റിപ്പാർപ്പിച്ചു. തെങ്ങുകൾ കടപുഴകി. 200 മീറ്ററുകൾക്കുള്ളിൽ തീരമേഖലയായതിനാൽ ഒന്നിനും നഷ്ടപരിഹാരം ലഭിച്ചില്ല. റവന്യു വകുപ്പ് അധികൃതർ സന്ദർശനം നടത്തി കൈമലർത്തി.
കഴിഞ്ഞ ദിവസങ്ങളിൽ പെർവാഡ് കടപ്പുറത്ത് കടലേറ്റം കണ്ടുതുടങ്ങി. മുൻവർഷങ്ങളിൽ നിർമിച്ച കടൽഭിത്തിയുടെ ശേഷിച്ച ഭാഗങ്ങൾകൂടി ഇപ്പോൾ കടലെടുക്കുകയാണ്. പ്രദേശവാസികൾ ഏറെ പ്രതീക്ഷ വെച്ചുപുലർത്തിയ ജിയോ ബാഗ് കൊണ്ട് പരീക്ഷണാർഥം നിർമിച്ച കടൽഭിത്തിക്കും കടലേറ്റം വലിയ ഭീഷണി ഉയർത്തുന്നുണ്ട്.
ഇതുകൂടി കടലെടുത്താൽ ഇനിയെന്ത് എന്ന ചോദ്യമാണ് ബാക്കിയാവയുന്നത്. കഴിഞ്ഞ ഒരുവർഷമായി കടലിൽ മത്സ്യസമ്പത്തില്ലാതെ കടലോരവാസികൾ ദുരിതത്തിലാണ്. ഇതിനിടയിൽ കാലവർഷവും കടലാക്രമണവുംകൂടി വരുന്നതോടെ തീരദേശം തീരാദുരിതത്തിലാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.