മൊഗ്രാൽ: പഴവർഗങ്ങളുടെ റമദാൻ വിപണിയിൽ വിൽപന പൊടിപൂരം. ചൂട് കൂടിയതോടെയാണ് ഈവർഷത്തെ റമദാൻ വിപണിയിൽ പഴവർഗങ്ങളുടെ വിൽപന കൂടിയത്. നാടൻ പഴങ്ങളോടൊപ്പം വിദേശ പഴങ്ങളും വൻതോതിൽ വിറ്റഴിയുന്നതായി വ്യാപാരികൾ പറയുന്നു.
റമദാൻ തുടക്കത്തിൽ കച്ചവടത്തിൽ ഒരു മെല്ലെപ്പോക്കുണ്ടായിരുന്നു, എന്നാൽ, റമദാൻ പകുതി പിന്നിട്ടതോടെ കച്ചവടം വർധിച്ചതായാണ് വ്യാപാരികളുടെ പക്ഷം. അടുത്തമാസം പെരുന്നാളും വിഷുവുമൊക്കെ അടുപ്പിച്ച് എത്തുന്നതിനാൽ കച്ചവടം ഇതേപടി തുടരുമെന്ന പ്രതീക്ഷയിലാണ് പഴം, പച്ചക്കറി വ്യാപാരികൾ.
ജ്യൂസിന് പറ്റിയ അവോക്കാഡൊ തന്നെയാണ് വിലയിൽ താരം. കിലോക്ക് 400 രൂപയോടടുത്താണ് വില. ലിച്ചിയും ഫോറിൻ ഗ്രോസ് മുന്തിരിയും പ്ലമ്മുമാണ് രണ്ടാമത്. 300നോട് അടുത്താണ് വില. നാടൻ പഴവർഗങ്ങൾക്ക് പൊതുവെ വലിയ വിലയില്ലെന്ന് നോമ്പുകാർ പറയുന്നുണ്ട്. മാമ്പഴം വിപണിയിൽ എത്തിയതോടെ വിവിധതരം മാമ്പഴങ്ങൾക്ക് കിലോക്ക് 160 രൂപ മുതൽ 260 രൂപവരെ വില ഈടാക്കുന്നുണ്ട്.
സ്ട്രോബറി, കിവി എന്നിവക്ക് 240 രൂപയാണ് വില. അതേസമയം, വിപണിയിൽ മത്സരമെന്നോണം വിവിധയിടങ്ങളിൽ വിവിധതരത്തിൽ വില ഈടാക്കുന്നതായും പരാതിയുണ്ട്. ചൈന, തായ്ലൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിൽനിന്നാണ് മാഡ്രിൻ ഓറഞ്ച് എത്തുന്നത്.
അസഹ്യമായ ചൂടുകാരണം തണ്ണിമത്തന് റെക്കോഡ് വിൽപനയാണെന്ന് വ്യാപാരികൾ പറയുന്നു. അതേസമയം, ടെമ്പോകളിലായി ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മാമ്പഴം, തണ്ണിമത്തൻ, ഷമാം, കൈതച്ചക്ക, പപ്പായ, ഓറഞ്ച്, മുസംബി, അനാർ, ആപ്പിൾ എന്നിവക്ക് കടകളിൽ വിൽക്കുന്നതിനേക്കാൾ വില കുറവാണ്. എന്നാൽ, ഇതിന് ഗുണമേന്മ കുറവാണെന്നും പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.