കാഞ്ഞങ്ങാട്: ഡി.സി.സി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽ വീടിന്റെ വിയോഗത്തിലൂടെ പാർട്ടിക്ക് നഷ്ടമായത് സൗമ്യ മുഖത്തെ. ജീവിതം മുഴുവനും പാർട്ടിക്കുവേണ്ടി നീക്കിവെച്ച നേതാവിന്റെ മരണവാർത്ത പ്രവർത്തകർക്ക് ആദ്യം ഉൾകൊള്ളാനായില്ല.
രാഷ്ട്രീയ എതിരാളികളെ പോലും വിനോദിന്റെ അപ്രതീക്ഷിത വിയോഗം ദു:ഖത്തിലാക്കി. സ്നേഹസമ്പന്നനായ പൊതുപ്രവർത്തകനും സാധാരണക്കാർക്കിടയിൽ പ്രവർത്തിച്ച ജനകീയനായ നേതാവുമായിരുന്നു അദ്ദേഹം.
കെ. കരുണാകരനെ ജീവന് തുല്യം സ്നേഹിച്ച നേതാവ്. കരുണാകരൻ ഡി.ഐ.സി രൂപവത്കരിച്ചപ്പോൾ ഡി.ഐ.സിയിലും സജീവ സാന്നിധ്യമായി. കൈവെച്ച മേഖലയിലെല്ലാം കഴിവ് പ്രകടിപ്പിച്ച മികച്ച സംഘാടകൻ കൂടിയായിരുന്നു. കെ.എസ്.യുവിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ വിനോദ് വിദ്യാർഥി രാഷ്ട്രീയത്തിനിടെ എതിരാളികളുടെ കൊടിയ മർദനത്തിനിരയായി.
കെ.എസ്.യു നേതാവായിരുന്ന സമയത്ത് ജില്ലയിൽ കോളജുകളിലും സ്കൂളുകളിലും കെ.എസ്.യുവിന് നല്ല അടിത്തറയുണ്ടാക്കിയിരുന്നു. ഇതിനായി ജില്ല മുഴുവൻ ഓടിനടന്നു പ്രവർത്തിച്ചു. നെഹ്റു കോളജിലും വിനോദ് ഉൾപ്പെടെയുള്ള നേതാക്കൾ വിദ്യാർഥിയായിരുന്ന സമയത്ത് കെ.എസ്.യു തുടർച്ചയായി വിജയം കൊയ്തു.
കെ.എസ്.യുവിന് യൂനിറ്റുകൾ ഇല്ലാത്ത പല കേന്ദ്രങ്ങളിലും യൂനിറ്റുകൾ രൂപവത്കരിച്ച് ശ്രദ്ധേയനായി. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റായ കാലഘട്ടത്തിലും ശ്രദ്ധേയമായ പരിപാടികളും സമരങ്ങളും നടത്തിയും സജീവ സാന്നിധ്യമായിരുന്നു.
ഉയർന്ന വിദ്യാഭ്യാസമുണ്ടായിട്ടും ജോലി നേടാൻ നോക്കാതെ പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചു. ഇതിനിടയിൽ വിവാഹം കഴിക്കാൻ പോലും മറന്നു.
കാസർകോട്: ഹൃദയാഘാതത്തെ തുടർന്ന് അകാല നിര്യാണം പ്രാപിച്ച ഡി.സി.സി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽവീടിന് സമൂഹത്തിന്റെ നാനാതുറകളിൽനിന്നും നൂറുകണക്കിന് ആളുകൾ അന്ത്യാഭിവാദ്യമർപ്പിച്ചു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം മാവുങ്കാൽ സഞ്ജീവിനി ഹോസ്പിറ്റലിൽനിന്ന് ഉച്ചക്ക് ഒരു മണിയോടെ ജില്ല കോൺഗ്രസ് ആസ്ഥാനമായ കാസർകോട് ജവഹർ ഭവനിൽ എത്തിച്ചു. പാർട്ടി രംഗത്ത് വിവിധ പദവികളിൽ പ്രവർത്തിച്ച വിനോദ് കുമാർ വലിയൊരു സംഘാടകനും സാമൂഹിക പ്രവർത്തകനുംകൂടിയാണ്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജില്ല പഞ്ചായത്ത് കള്ളാർ ഡിവിഷനിൽ നിന്നും യു.ഡി.ഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.
ഡി.സി.സി ഓഫിസിൽ നിരവധി പ്രമുഖർ അടക്കം നൂറുകണക്കിന് ആളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ, കണ്ണൂർ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കെ.പി.സി.സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, യു.ഡി.എഫ് ചെയർമാൻ സി.ടി. അഹമ്മദാലി, കെ.പി. കുഞ്ഞിക്കണ്ണൻ, ഓടേപ്പാക്ക് ചെയർമാൻ കെ.പി. അനിൽ കുമാർ, ബി.ജെ.പി ജില്ല സെക്രട്ടറി വേലായുധൻ കൊടവലം, സി.പി.ഐ അസി.സെക്രട്ടറി രാജൻ, സി.പി.എം ജില്ല കമ്മിറ്റി മെംബർ മുഹമ്മദ് ഹനീഫ, സലിം പാണലം, കേരള കോൺഗ്രസ് (എം )ജില്ല പ്രസിഡന്റ് കുര്യാക്കോസ് പ്ലാപ്പറമ്പിൽ, എ. അബ്ദുൽ റഹിമാൻ, മുൻ ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിൽ, കണ്ണൂർ കോർപറേഷൻ മുൻ മേയർ ടി.ഒ. മോഹനൻ, ബി.ജെ.പി നേതാവ് അഡ്വ.ശ്രീകാന്ത് തുടങ്ങി നിരവധി പേർ അന്തിമോപചാരം അർപ്പിക്കാനെത്തി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ. മുരളീധരൻ എം.പി, എം.കെ. രാഘവൻ എം.പി എന്നിവർക്കു വേണ്ടി റീത്തുകൾ സമർപ്പിച്ചു.
കാസര്‍കോട്: നിഷ്ക്കളങ്കമായ പെരുമാറ്റംകൊണ്ട് നിസ്വാര്‍ഥനായ രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയുടെ ഉടമയെയാണ് വിനോദ്കുമാര്‍ പള്ളയില്‍വീടിന്റെ വേര്‍പാടോടെ നഷ്ടമായതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം.പി. ജില്ലയില്‍ രാഷ്ട്രീയത്തിനതീതമായ ബന്ധം സ്ഥാപിക്കാന്‍ അദ്ദേഹത്തിനായി. ചൊവ്വാഴ്ച് രാത്രി 8.30 വരെ കോണ്‍ഗ്രസിന്റെ സംസ്ഥാന ജാഥ സംബന്ധിച്ച ചര്‍ച്ചകളില്‍ തനിക്കൊപ്പം അദ്ദേഹം ഡി.സി.സി ഓഫിസില്‍ സജീവമായിരുന്നു. തന്റെ അവസാന ശ്വാസംവരെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ശ്രമിച്ച വിനോദിന്റെ വേര്‍പാട് തീരാ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെൽഫെയർ പാർട്ടി അനുശോചിച്ചുകാസർകോട്: ഡി.സി.സി ജനറൽ സെക്രട്ടറി വിനോദ് കുമാറിന്റെ ആകസ്മിക നിര്യാണത്തിൽ വെൽഫെയർ പാർട്ടി അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയ സാമൂഹിക മേഖലയിൽ സജീവമായി ഇടപെട്ടുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ വിയോഗം ജില്ലക്ക് തീരാനഷ്ടമാണെന്ന് അനുശോചനക്കുറിപ്പിൽ ജില്ല പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.