കാസർകോട്: ജില്ലയിലെ എൽ.ഡിക്ലർക്ക് നിയമനവുമായി ബന്ധപ്പെട്ട് പൊതുവിഭാഗവും കന്നഡ വിഭാഗവും തമ്മിലെ പോര് പുതിയ ദിശയിലേക്ക്. കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിലെ റവന്യൂ വിഭാഗത്തിലെ 53 തസ്തികകൾ കന്നഡ വിഭാഗത്തിന് നൽകാൻ തീരുമാനിച്ചതോടെയാണിത്. പൊതുവിഭാഗങ്ങളുടെ അവസരം നിഷേധിക്കുന്നതാണ് നടപടിയെന്ന് ചൂണ്ടിക്കാട്ടി എൽ.ഡി ക്ലർക്ക് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ രംഗത്തെത്തി. എന്നാൽ, കാലങ്ങളായി തങ്ങൾക്ക് നിഷേധിച്ച തസ്തികകളാണ് അതെന്നും പൊതുവിഭാഗം റാങ്ക്ഹോൾഡേഴ്സ് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും കന്നഡ വിഭാഗം ഉദ്യോഗാർഥികൾ പറഞ്ഞു.
കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെ ജൂൺ ഏഴിന്റെ ഉത്തരവിന്റെ ചുവടുപിടിച്ചാണ് റവന്യൂ വകുപ്പിലെ 53 തസ്തികകൾ കന്നഡ വിഭാഗത്തിന് നൽകാൻ ജില്ല ഭരണകൂടം തീരുമാനിച്ചത്. കന്നഡ ഭാഷാന്യൂനപക്ഷ മേഖലകൾ കണക്കിലെടുത്ത് ജില്ലയിൽ എൽ.ഡി ക്ലർക്ക് നിയമനത്തിന് രണ്ടുതരം വിജ്ഞാപനമാണ് പി.എസ്.സി ഇറക്കുന്നത് -എൽ.ഡി ക്ലർക്ക് പൊതു വിഭാഗവും എൽ.ഡി ക്ലർക്ക് കന്നഡ-മലയാളം വിഭാഗവും. ഇരുവിഭാഗത്തിലും പ്രത്യേകം റാങ്ക്ലിസ്റ്റും തയാറാക്കും. കന്നഡ മേഖലകളിൽ കന്നഡയും മലയാളവും ഒരുപോലെ അറിയുന്ന ഉദ്യോഗസ്ഥരെ നിയമിക്കുക ലക്ഷ്യമിട്ടാണ് കന്നഡ വിഭാഗത്തിനായി പ്രത്യേക വിജ്ഞാപനമിറക്കുന്നത്.
ഇരുവിഭാഗത്തിനും അർഹതപ്പെട്ട തസ്തികകളെചൊല്ലി നേരത്തെതന്നെ വിവാദമുണ്ട്. സർക്കാരിന്റെ വിവിധ വകുപ്പുകളിലും ഹൈകോടതിയിലും വിഷയം ഉദ്യോഗാർഥികൾ ഉന്നയിക്കുക പതിവാണ്. അതിനിടെയാണ് ജൂൺ ഏഴിന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നിർണായക ഉത്തരവിറങ്ങിയത്. ജില്ലയിൽ കന്നഡ ഭാഷാ മേഖലകളിലെ സർക്കാർ ഓഫിസുകളിൽ എത്ര എൽ.ഡി ക്ലർക്കുമാരെ ആവശ്യമുണ്ടെന്ന് വകുപ്പുമേധാവികൾ ഉറപ്പുവരുത്തണമെന്നാണ് ട്രിബ്യൂണലിന്റെ ഉത്തരവ്. ഇതേതുടർന്ന് ജില്ലയിലെ വിവിധ വകുപ്പുകളിൽ കന്നഡ ഭാഷാപ്രാവീണ്യമുള്ള എത്ര എൽ.ഡി ക്ലർക്കുമാരെ നിയമിക്കണമെന്ന കണക്കുതേടി എ.ഡി.എം വകുപ്പ് തലവൻമാർക്ക് നിർദേശം നൽകി.
തഹസിൽദാർമാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റവന്യൂവകുപ്പിലെ 53 തസ്തിക കന്നഡ വിഭാഗത്തിന് നൽകാൻ തീരുമാനിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.