കാസർകോട്: മുസ്ലിം ലീഗ് ജില്ല കമ്മിറ്റിയുടെയും അനുബന്ധ സംഘടനകളുടെയും പ്രവർത്തനങ്ങളും ഹൈടെക് രീതിയിലേക്ക്. കമ്പ്യൂട്ടർ സോഫ്റ്റ്വെയറിന്റെയും മൊബൈൽ ആപ്പിന്റെയും സഹായത്തോടെ പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
പ്രവർത്തകരുടെയും ഭാരവാഹികളുടെയും സംഘടനകളുടെ പ്രകടനങ്ങൾ ശാസ്ത്രീയമായി വിലയിരുത്തുമെന്ന് ജില്ല കമ്മിറ്റി അറിയിച്ചു. മെംബർഷിപ് അടിസ്ഥാനത്തിൽ വന്ന പുതിയ കമ്മിറ്റിയുടേതാണ് തീരുമാനം. ശാസ്ത്രീയമായ രീതിയിൽ സംഘടനയെ ചിട്ടപ്പെടുത്താനും മുസ് ലിം വാർഡ് കമ്മിറ്റികൾ മുതൽ പോഷക സംഘടനകളുടെ എല്ലാ യൂനിറ്റുകളും ഒറ്റ ഫ്രെയിമിൽ കൊണ്ടുവരും.
മുസ് ലിം ലീഗും പോഷക സംഘടനകളും നല്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സാമ്പത്തിക സഹായങ്ങൾക്കും കേന്ദ്രീകൃത സ്വഭാവമുണ്ടാകും. പാർട്ടി ഭരണഘടന അനുസരിച്ച് പ്രാദേശിക തലങ്ങളിൽ പാർട്ടിയെ ചലിപ്പിക്കാൻ ജില്ലയിൽ പ്രത്യേക യൂനിറ്റ് ഉണ്ടാക്കും.
മുസ് ലിം ലീഗ് പോഷക സംഘടന നേതാക്കളുടേയും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെയും എം.എൽ.എമാരുടെയും പെർഫോമൻസ് പാർട്ടി ഓഡിറ്റ് ചെയ്ത് റിപോർട്ട് തയാറാക്കും. പാർട്ടിയിലെ മുഴുവൻ സംവിധാനങ്ങൾക്കും ഇതോടെ ഏകീകൃത സ്വഭാവം ഉണ്ടാക്കും.
പാർട്ടി ഭരണഘടന അനുസരിച്ചുള്ള കർശന നിർദേശങ്ങൾ കീഴ്ത്തട്ടിൽ നടപ്പിലാക്കും. മുഴുവൻ പാർട്ടി പ്രവർത്തകരെയും വിശ്വാസത്തിലെടുക്കത്തക്ക രീതിയിൽ പാർട്ടി സംവിധാനം മെച്ചപ്പെടുത്താനും പാർട്ടിയിലേക്ക് യുവാക്കളെ ആകർഷിക്കുന്ന രീതിയിൽ സംഘടന രംഗത്ത് ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യും.
എല്ലാ യോഗങ്ങൾക്കും ഏകീകൃത സ്വഭാവം കൊണ്ടുവരും. എറ്റവും നന്നായി പ്രവർത്തിക്കുന്ന യൂനിറ്റുകളെയും ഭാരവാഹികളെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തരം തിരിക്കും. ജില്ലാ മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി എ. അബ്ദുൽറഹ്മാൻ ചെയർമാനും ട്രഷറർ മുനീർ ഹാജി ജനറൽ കൺവീനറും പി.ഡി.എ റഹ്മാൻ കോഓഡിനേറ്ററായും ടെക്നിക്കൽ വിങ് രൂപവത്കരിച്ചു.
യോഗത്തിൽ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു. അൻവർ കോളിയടുക്കം, റാഷിദ് പാറശ്ശേരി, ആബിദ് കുന്നിൽ, ഖലീൽ അബൂബക്കർ, ഹാഷിർ മൊയ്തീൻ എന്നിവർ കമ്മിറ്റി അംഗങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.