കാഞ്ഞങ്ങാട്: ചികിത്സക്കെത്തിയ ഭർതൃമതിയെ ക്ലിനിക്കിൽ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ഡോക്ടർ അറസ്റ്റിൽ. സർക്കാർ ഡോക്ടറായ കെ. ജോൺ ജോണാണ് (39) അറസ്റ്റിലായത്. അമ്പലത്തറ പൊലീസ് ഇൻസ്പെക്ടർ കെ. ദാമോദരനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഡോക്ടറെ ജില്ല ആശുപത്രിയിലെത്തിച്ച് ലൈംഗികശേഷി പരിശോധനക്ക് വിധേയമാക്കി. കേസെടുത്തതോടെ ഒളിവിൽപോയ ഡോക്ടർ ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു.
പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിക്കുകയും അമ്പലത്തറ പൊലീസിൽ ഹാജരാകാൻ നിർദേശിക്കുകയുമായിരുന്നു. കോടതിനിർദേശത്തെ തുടർന്ന് ഡോക്ടറെ അറസ്റ്റ് ചെയ്ത് രണ്ട് ആൾജാമ്യത്തിൽ വിട്ടു. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന രണ്ടുദിവസം പൊലീസിൽ ഹാജരാകണം. അന്വേഷണവുമായി സഹകരിക്കണം, ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെടരുതെന്ന് ഉൾപ്പെടെയുള്ള ഉപാധികളോടെയാണ് ജാമ്യം നൽകിയത്.
പ്രതിക്ക് ജാമ്യം നൽകുന്നതിനെ അമ്പലത്തറ പൊലീസ് ഹൈകോടതിയിൽ നേരത്തെ എതിർത്തിരുന്നു. കാഞ്ഞങ്ങാട് താമസിക്കുന്ന തൈക്കടപ്പുറം പി.എച്ച്.സിയിലെ ഡോക്ടർ കെ. ജോൺ ജോൺ ഇടുക്കി കല്യാർവണ്ട മറ്റം സ്വദേശിയാണ്. ഇരിയയിൽ ക്ലിനിക് നടത്തുന്ന ഡോ. ജോൺ ജോൺ രണ്ടു മക്കളുടെ മാതാവായ യുവതിയെ ഇരിയയിലെ ക്ലിനിക്കിൽ പീഡിപ്പിച്ചെന്നാണ് കേസ്. 2024 സെപ്റ്റംബർ ഒമ്പതിന്ചികിത്സക്കിടെ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഡോക്ടർക്കെതിരെ അമ്പലത്തറ പൊലീസ് കഴിഞ്ഞയാഴ്ചയാണ് കേസെടുത്തത്.
മൂത്രാശയ അണുബാധയുമായി ബന്ധപ്പെട്ട ചികിത്സക്കിടെ ഡോക്ടര്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞത്. ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായും പറയുന്നുണ്ട്.
ജില്ല പൊലീസ് മേധാവിക്ക് ഉള്‍പ്പെടെ യുവതി പരാതി നല്‍കിയിരുന്നു. തുടർന്നാണ് അമ്പലത്തറ പൊലീസ് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ ഡോക്ടറുടെ താമസസ്ഥലത്ത് ഉൾപ്പെടെ പൊലീസ് പരിശോധനക്കെത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. വീട് പൂട്ടിയനിലയിലായിരുന്നു.
ബി.എൻ.എസ് 351 (3) 64 (2) (ഇ) 64 (2) (എം) എന്നീ വകുപ്പുകൾ ചേർത്താണ് പ്രതിക്കെതിരെ കേസ് രജിസ്‌ടർ ചെയ്‌തത്. കാഞ്ഞങ്ങാട്ടായിരുന്നു താമസമെങ്കിലും കേസെടുത്തതോടെ സ്ഥലംവിടുകയായിരുന്നു. അറസ്റ്റ് ചെയ്തശേഷം വിശദമായി ചോദ്യം ചെയ്തശേഷമാണ് ജാമ്യത്തിൽ വിട്ടത്. ഡോക്ടറുടെ മൊബൈൽ ഫോൺ ഉൾപ്പെടെ പൊലീസ് പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.