കാസർകോട്: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ അനാവശ്യ ഇടപെടലിനെതിരെ മെഡിക്കൽ ഓഫിസർമാർ പ്രതിഷേധത്തിൽ. ഒ.പിയുടെ ചുമതലയുള്ള മെഡിക്കൽ ഓഫിസർമാരെ മറ്റ് ആരോഗ്യപ്രവർത്തനങ്ങളിലേക്ക് തദ്ദേശ സ്ഥാപനങ്ങൾ ചുമതലപ്പെടുത്തുമ്പോൾ ഒ.പിയിൽ ഡോക്ടർമാരുടെ അഭാവവും ഒ.പികളുടെ എണ്ണം ചുരുങ്ങുകയുമാണെന്നാണ് പ്രധാന ആരോപണം. ഇതുകാരണം ശരിയായ പരിശോധനയില്ലാതെ ഡോക്ടർമാർക്ക് ചികിത്സ നിർദേശങ്ങൾ നൽകേണ്ടിവരുകയാണ്. ഇങ്ങനെയാകുമ്പോൾ ജീവഹാനിവരെ സംഭവിച്ചേക്കാനുമിടയുണ്ട്.
രോഗികൾക്ക് മതിയായ ചികിത്സ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് 2022ൽ മെഡിക്കൽ ഓഫിസറായ ഡോ. കെ. പ്രതിഭ ഹരജി നൽകിയിരുന്നു.
ആരോഗ്യസ്ഥാപനങ്ങളിലെ താൽക്കാലിക നിയമനങ്ങൾ ജില്ല കലക്ടർ അധ്യക്ഷനായ ജില്ല മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് നടത്തേണ്ടതെന്ന് സർക്കാർ നിർദേശമുണ്ട്.
എന്നാൽ, ഈ നിർദേശം പല തദ്ദേശസ്ഥാപനങ്ങളും അട്ടിമറിക്കുന്നതായും പലപ്പോഴും ഇഷ്ടക്കാരെ നിയമിക്കുന്നതായും ഡോക്ടർമാർ ആരോപിക്കുന്നു. ഇത്തരം കേന്ദ്രങ്ങളിൽ കാര്യക്ഷതമയുള്ള ജീവനക്കാരില്ല എന്നതാണ് യാഥാർഥ്യമെന്ന് ആരോഗ്യവിഭാഗം അധികൃതർ പറയുന്നു.
ആരോഗ്യകേന്ദ്രങ്ങളിൽ ഉപകരണങ്ങളും മറ്റും വാങ്ങുന്നതിന് തദ്ദേശസ്ഥാപനങ്ങൾ 25 ലക്ഷം രൂപ ഫണ്ട് വകയിരുത്താറുണ്ട്.
ഇങ്ങനെ വാങ്ങേണ്ട ഉപകരണങ്ങളിൽ മെഡിക്കൽ ഓഫിസറുടെ നിർദേശമോ അവരുടെ ആവശ്യമോ പരിഗണിക്കാതെയാണ് വാങ്ങുന്നതെന്നും പലതും ഗുണമേന്മയില്ലാത്തതും ആവശ്യമില്ലാത്തതുമായ ഉപകരണങ്ങളാണെന്നും ഡോക്ടർമാർ ആരോപിക്കുന്നു.
പലപ്പോഴും ആരോഗ്യവകുപ്പ് ഇതൊന്നും അറിയുന്നില്ലെന്നും മെഡിക്കൽ ഓഫിസർമാർ ഉന്നയിക്കുന്നു. ഇതെല്ലാം കാണിച്ച് കെ.ജി.എം.ഒ.എ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.