തൃക്കരിപ്പൂർ: ലോക് സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന തെരെഞ്ഞെടുപ്പ് കമീഷന്റെ ഗൃഹസന്ദർശന പരിപാടി ജില്ലയിൽ പൂർത്തിയാകുന്നു. കഴിഞ്ഞ മാസം ആരംഭിച്ച ഹൗസ് ടു ഹൗസ് സർവേ 94 ശതമാനം പൂർത്തിയായി. ഗൃഹസന്ദർശനത്തിൽ അഞ്ച് മണ്ഡലങ്ങളിലായി 10,43863 പേരിൽ 9,82,069 വോട്ടർമാരെ സ്ഥിരീകരിച്ചു. ഇക്കൂട്ടത്തിൽ 302 ഇരട്ടവോട്ടുകൾ കണ്ടെത്തി ഒഴിവാക്കി. ഏറ്റവും കൂടുതൽ ഇരട്ടവോട്ടുകൾ ഉദുമ മണ്ഡലത്തിലാണ്-124. തൃക്കരിപ്പൂർ-58, കാസർകോട്-48, കാഞ്ഞങ്ങാട്-40, മഞ്ചേശ്വരം-32 എന്നിങ്ങനെയാണ് മറ്റിടത്തെ കണക്കുകൾ.
സ്ഥിരീകരിക്കാൻ സാധിക്കാത്ത 3,694 വോട്ടർമാരും പട്ടികക്ക് പുറത്താകും. പട്ടികയിലെ വിലാസത്തിൽ താമസമില്ലാത്തവരും ബന്ധപ്പെടാൻ സാധിക്കാത്തവരും ഇതിൽപ്പെടുന്നു. കാഞ്ഞങ്ങാട് മണ്ഡലത്തിൽ 943 വോട്ടർമാരാണ് പുറത്തായത്. മറ്റു മണ്ഡലങ്ങളിൽ മഞ്ചേശ്വരം-674, ഉദുമ-728, കാസർകോട്-731, തൃക്കരിപ്പൂർ-618 എന്നിങ്ങനെയാണ് കണ്ടെത്താനാവാത്ത വോട്ടർമാർ.
3,581 പേരാണ് ഇതര മണ്ഡലങ്ങളിലേക്ക് താമസം മാറ്റിയത്. ഇതിൽ കൂടുതൽ കാഞ്ഞങ്ങാട്ടും (958) കുറവ് മഞ്ചേശ്വരത്തുമാണ് (375). മരണപ്പെട്ട 6,482 വോട്ടർമാരെ പട്ടികയിൽനിന്ന് നീക്കം ചെയ്തു. ഇതിൽ 1,553 പേർ കാഞ്ഞങ്ങാട് മണ്ഡലത്തിൽ നിന്നാണ്. തൊട്ടുപിന്നാലെ ഉദുമയാണ് -1,522. മറ്റു മണ്ഡലങ്ങളിലും ആയിരത്തിലേറെ വോട്ടർമാർ മരണപ്പെട്ടതായാണ് കണക്ക്.
പട്ടികയിൽ 3,279 പേരുടെ ചിത്രങ്ങൾ തിരിച്ചറിയാൻ സാധിക്കാത്തവയോ കറുപ്പിലും വെളുപ്പിലും ഉള്ളവയോ ആണ്. ഇവർക്ക് പുതിയ ഫോട്ടോ പതിച്ച കാർഡുകൾക്ക് അപേക്ഷിക്കാൻ കഴിയും. ഗരുഡ ആപ്ലിക്കേഷൻ വഴിയാണ് ബൂത്ത് ലെവൽ ഒാഫിസർമാർ ഗൃഹസന്ദർശനം രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.