കാസർകോട്: വിദ്യാനഗറിലെ പ്യുവർ വാട്ടർ യൂനിറ്റ് സ്വകാര്യ കുടിവെള്ള വിതരണ മാഫിയകൾക്കുവേണ്ടി അടച്ചുപൂട്ടാൻ ഫുഡ് സേഫ്റ്റി അധികൃതർ ശ്രമിക്കുകയാണെന്ന് എസ്.ടി.യു. കുറഞ്ഞ ചെലവിൽ ശുദ്ധീകരിച്ച വെള്ളം വിതരണം ചെയ്യുന്നതിന് വനിത വികസന കോർപറേഷൻ മുഖാന്തരം പ്രവർത്തനമാരംഭിച്ച യൂനിറ്റാണ് പൂട്ടാൻ ശ്രമിക്കുന്നത്. കാസർകോട് നഗരസഭ അപേക്ഷ നൽകി ഒമ്പതു വർഷം കഴിഞ്ഞിട്ടും ലൈസൻസ് നൽകാൻ ഫുഡ് സേഫ്റ്റി അധികൃതർ തയാറായിട്ടില്ല. ഇത് സ്വകാര്യ കുടിവെള്ള മാഫിയകൾ നടത്തുന്ന വെള്ളം വിതരണത്തിനായി ഒത്താശചെയ്യുന്നതിനാണ്.
2015 ജൂലൈ 24ന് ചേർന്ന ജില്ല ആസൂത്രണസമിതി യോഗത്തിൽ ചെലവ് കുറഞ്ഞരീതിയിൽ ശുദ്ധീകരിച്ച കുടിവെള്ളത്തിന്റെ ഉൽപാദനവും വിതരണവും നടത്തുന്നതിന് പ്രോജക്ട് നടപ്പിലാക്കാൻ അനുമതി നൽകിയിരുന്നു. കേരള വാട്ടർ അതോറിറ്റിയുടെ ലബോറട്ടറിയിൽ 15 ദിവസത്തിലൊരിക്കൽ പരിശോധനക്കയച്ച് സർക്കാർ അനുമതിയോടെ കേരള വനിത വികസന കോർപറേഷൻ മുഖേന ശുദ്ധജലവിതരണ പദ്ധതി നടപ്പിലാക്കാനും തീരുമാനിച്ചിരുന്നു.
നഗരസഭ അംഗീകാരം നൽകി നല്ലനിലയിൽ പ്രവർത്തിച്ച് കുറഞ്ഞചെലവിൽ ശുദ്ധീകരിച്ച ജലം വിതരണം നടത്തിവന്ന പ്യുവർ വാട്ടർ യൂനിറ്റ് സ്വകാര്യ കുടിവെള്ളവിതരണ മാഫിയക്കുവേണ്ടി അടച്ചുപൂട്ടാനുള്ള നീക്കം അധികൃതർ അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സ്വകാര്യ മാഫിയകൾക്ക് ചുളുവിൽ ലൈസൻസും അനുമതിയും നൽകുന്ന ഫുഡ് സേഫ്റ്റി അധികൃതർ കാസർകോട് നഗരസഭയുടെ ഒമ്പതു വർഷം മുമ്പ് നൽകിയ അപേക്ഷ അവഗണിക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കണം. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ സമരങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു.
പ്രസിഡന്റ് എ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എസ്.ടി.യു ദേശീയ വൈസ് പ്രസിഡന്റ് എ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി മുത്തലിബ് പാറക്കെട്ട് സ്വാഗതം പറഞ്ഞു. അഷ്റഫ് എടനീർ, ഷരീഫ് കൊടവഞ്ചി, പി.പി. നസീമ, മുംതാസ് സമീറ, ഷംസുദ്ദീൻ ആയിറ്റി, എം.എ. മക്കാർ മാസ്റ്റർ, പി.ഐ.എ. ലത്തീഫ് , എൽ.കെ. ഇബ്രാഹിം, എ.ജി. അമീർ ഹാജി, മൊയ്തീൻ കൊല്ലമ്പാടി, ഉമ്മർ അപ്പോളോ, ബീഫാത്തിമ ഇബ്രാഹിം, യൂനുസ് വടകരമുക്ക് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.