കാസർകോട്: കേരളത്തില്‍ എല്ലാവര്ക്കും സ്വന്തമായി ഭൂമി എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സംസ്ഥാനത്ത് ഡിജിറ്റല്‍ റീ സർവേ നാലുവര്ഷത്തോടെ സമ്പൂര്‍ണമായി പൂര്‍ത്തികരിക്കുമെന്നും റവന്യൂ ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്. മഞ്ചേശ്വരം താലൂക്കിലെ കടമ്പാര്‍, മീഞ്ച സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളുടെ കെട്ടിടോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഡിജിറ്റല്‍ റീ സര്‍വേ നടത്തിയാല്‍ ഭൂമി നഷ്ടപ്പെടുമെന്ന പേടി വേണ്ട. ആധാരത്തിലുള്ള ഭൂമി എല്ലാവര്ക്കും ലഭിക്കും. അനധികൃതമായി കൈവശം വെച്ച ഭൂമി തിരിച്ചുപിടിക്കുമെന്നും മന്ത്രി പറഞ്ഞു. എ.കെ.എം. അഷ്റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചര്‍, മീ ഞ്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി ആര്. ഷെട്ടി, ജില്ല പഞ്ചായത്ത് അംഗം കെ. കമലാക്ഷി, ബ്ലോക്ക് പഞ്ചായത്ത് അംഗം അശ്വിനി പജ്വ, മീഞ്ച ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയറാമ ബല്ലങ്കുഡെല്, പഞ്ചായത്ത് അംഗം കെ. മിസ്രിയ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.ആര്. ജയാനന്ദ, ബി.വി. രാജന്, പി. സോമപ്പ, വഹീദ് കൂഡെല്, ഡേനിയല്‍ ഡിസോസ, ഡോ.കെ.എ. ഖാദര്‍, വി.ഡി. ജയകുമാര്‍, ശങ്കര നാരായണ ഭട്ട് മുന്ദില, കടമ്പാര്‍ വില്ലേജ് ഓഫിസര്‍ അശോക് നായ്ക്ക്, മീഞ്ച വില്ലേജ് ഓഫിസര്‍ കിരണ്‍ കുമാര്‍ ഷെട്ടി എന്നിവര്‍ സംസാരിച്ചു. ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍ സ്വാഗതവും ആര്.ഡി.ഒ അതുല്‍ എസ്. നാഥ് നന്ദിയും പറഞ്ഞു.
ഉദുമ: തെക്കില്‍, ഉദുമ സ്മാര്‍ട്ട് വില്ലേജ് ഓഫിസ് കെട്ടിടങ്ങള്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്തു. ഒരു വീട്ടില്‍ ഒരാള്‍ക്കെങ്കിലും റവന്യൂ സേവനങ്ങള്‍ ഡിജിറ്റലായി നേടാനുള്ള അറിവ് നല്കുന്ന ‘റവന്യൂ ഇ-സാക്ഷരത’ പദ്ധതി നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കുമെന്നും ഇതോടെ വീട്ടിലിരുന്ന് അപേക്ഷ കൊടുക്കാന്‍ ജനങ്ങള്‍ പ്രാപ്തരാകുമെന്നും മന്ത്രി കെ. രാജന് പറഞ്ഞു. തെക്കില്‍, ഉദുമ സ്മാര്‍ട്ട് വില്ലേജ് ഓഫിസുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വില്ലേജ് ഓഫിസ് കെട്ടിടങ്ങള്‍ സ്മാര്‍ട്ട് ആകുന്നതിനോടൊപ്പം പ്രവര്‍ത്തനങ്ങളും സ്മാര്‍ട്ട് ആവണം. വില്ലേജ് ഓഫിസുകളിലെ 20ഓളം കാര്യങ്ങളില്‍ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ കഴിയും. എന്നാല്‍ അവ പ്രയോജനപ്പെടുത്താനുള്ള അറിവ് ജനങ്ങള്‍ക്ക് നല്‍കണം. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, ജനകീയ സമിതികള്‍, എന്‍.എസ്.എസ്, എന്‍.സി.സി വിദ്യാര്‍ഥികള്‍ എന്നിവരുടെ സഹായത്തോടെ ഒരു കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും ഇ-സാക്ഷരത നല്കി റവന്യൂ സേവനങ്ങള്‍ വീട്ടിലിരുന്ന് പ്രയോജനപ്പെടുത്താനുള്ള അത്യാധുനിക സൗകര്യത്തിലേക്ക് കേരളത്തെ മാറ്റുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
തെക്കില്‍ വില്ലേജ് ഓഫിസ് കെട്ടിടോദ്ഘാടന ചടങ്ങില്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന് മുഖ്യാതിഥിയായി. ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍ സ്വാഗതവും എ.ഡി.എം നവീന്‍ ബാബു നന്ദിയും പറഞ്ഞു. ഉദുമ വില്ലേജ് ഓഫിസ് കെട്ടിട ഉദ്ഘാടന ചടങ്ങില്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍ സ്വാഗതവും ഉദുമ വില്ലേജ് ഓഫിസര്‍ കെ. ബാലകൃഷ്ണന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.