കാസർകോട്: റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ പതാക ഉയർത്തൽ ചുമതല റവന്യൂ വകുപ്പിനോ അതോ പൊലീസിനോ? കാസർകോട്ട് മന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയപതാക തലകീഴായി ഉയർത്തിയതിനെത്തുടർന്ന് ഇരുവകുപ്പുകളിൽ ഉയരുന്ന ചോദ്യമാണിത്. റവന്യൂ വകുപ്പിനെ സഹായിക്കുന്ന ചുമതലയാണ് തങ്ങൾക്കെന്നാണ് പൊലീസ് നിലപാട്.
എന്നാൽ, ചടങ്ങിനു രണ്ടുദിവസം മുമ്പേ ദേശീയപതാക പൊലീസിനു കൈമാറിയതാണെന്നും ഏത് കയർ ആണ് ഉയർത്തേണ്ടതെന്ന് മന്ത്രിയെ ധരിപ്പിക്കുന്നതിൽ അവർക്ക് വീഴ്ച സംഭവിച്ചുവെന്നുമാണ് റവന്യൂ വകുപ്പിെൻറ നിലപാട്. പതാക ഉയർത്തുന്നതിൽ പിഴവുവരുമ്പോൾ പണികിട്ടുന്നത് പൊലീസിന് മാത്രമാണെന്ന പരാതിയാണ് സേനയിൽ പുകയുന്നത്. മൊത്തം ചുമതല വഹിക്കുന്ന റവന്യൂ വിഭാഗം സമർഥമായി കൈകഴുകുന്നതായും ഇവർക്ക് പരാതിയുണ്ട്.
സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച കണ്ടെത്തിയ സ്പെഷൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിൽ റവന്യൂ വകുപ്പിെൻറ ഉത്തരവാദിത്തം കൃത്യമായി പരാമർശിക്കുന്നുണ്ട്. ദേശീയപതാക ഉയർത്തുന്ന കാര്യത്തിൽ 'റവന്യൂ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിൽ' പൊലീസുകാർക്ക് വീഴ്ച സംഭവിച്ചുവെന്നാണ് അന്വേഷണ റിപ്പോർട്ടിെൻറ കാതൽ. കാലങ്ങളായി ഈ ജോലികൾ പൊലീസ് നടത്തുന്നതിനാൽ ഉത്തരവാദിത്തം മുഴുവൻ പൊലീസിനുമേൽ ആവുന്നുവെന്നും മറ്റുള്ളവർക്കെതിരെ എന്ത് നടപടിയെടുത്തുവെന്നുമാണ് സേനയിൽ ഉയരുന്ന ചോദ്യം.
മുതിർന്ന ഉദ്യോഗസ്ഥർ ഇക്കാര്യം മറച്ചുവെക്കുന്നുമില്ല. റിപ്പബ്ലിക് ദിനഘോഷ ചടങ്ങിെൻറ ഉത്തരവാദിത്തം റവന്യൂ വകുപ്പിനാണെന്ന് വകുപ്പ് സമ്മതിക്കുന്നു. ഓരോ ചുമതലകൾ വീതിച്ചു നൽകുന്നതിെൻറ ഭാഗമായാണ് പൊലീസിന് പതാക ഉയർത്തലും റിഹേഴ്സലും ഉൾപ്പെടെയുള്ള കാര്യങ്ങൾ നൽകിയത്. ചടങ്ങിനായി പതാകയും കൊടിമരവും വൃത്തിയാക്കി സജ്ജമാക്കേണ്ടതും റവന്യൂ വകുപ്പാണ്. കാസർകോട് വില്ലേജ് ഓഫിസർക്കായിരുന്നു ഇതിെൻറ ചുമതല നൽകിയിരുന്നത്.
റിപ്പബ്ലിക് ദിനാഘോഷത്തിെൻറ ചുമതല റവന്യൂ വകുപ്പിനും ജില്ല ഭരണകൂടത്തിനുമാണെന്ന് കലക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം എ.കെ. രമേന്ദ്രനും പറഞ്ഞു. എന്നാൽ, 24നുതന്നെ ദേശീയപതാക പൊലീസിന് കൈമാറിയിട്ടുണ്ടെന്നും പതാക ഉയർത്താൻ ഏത് കയറാണ് ഉപയോഗിക്കേണ്ടത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസിനാണെന്നും അദ്ദേഹം വിശദമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.