നീലേശ്വരം: അസൗകര്യങ്ങളിൽ വീർപ്പുമുട്ടുകയാണ് സ്മാർട്ട് വില്ലേജ് ഓഫിസായി മാറാത്ത കരിന്തളം വില്ലേജ് ഓഫിസ്. വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന ആളുകൾക്ക് നിന്നുതിരിയാൻ ഇടമില്ലാത്ത അവസ്ഥ. ആവശ്യത്തിന് ജീവനക്കാരുണ്ടെങ്കിലും ഭൗതികസൗകര്യങ്ങളുടെ അപര്യാപ്തതയാണ് വലയ്ക്കുന്നത്.
വൻ മരങ്ങളുടെ വേരുകൾ തറയുടെ ഉള്ളിലേക്ക് കയറി കെട്ടിടത്തിനുതന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്. നിലവിലുള്ള കെട്ടിടം വിപുലീകരിച്ചെങ്കിലും ഇത് ഉപയോഗപ്രദമായിട്ടില്ല. പഴയ കെട്ടിടത്തിലെ മുറിയാണ് വില്ലേജ് ഓഫിസറുടേത്. വിപുലീകരിച്ച കെട്ടിടം ഇതുവരെ ഉപയോഗ പ്രദമായിട്ടില്ല. നെറ്റും വൈഫൈയും കിട്ടാനും പ്രയാസമാണ്. ഇപ്പോൾ ഫയലുകളെല്ലാം മേശപ്പുറത്ത് അട്ടിവെച്ചിരിക്കുകയാണ്. ആവശ്യത്തിന് അലമാരകളോ ഫർണിച്ചറോ ഇല്ല. കിണർ വറ്റിവരണ്ടതിനാൽ തൊട്ടടുത്ത വീട്ടിൽനിന്നാണ് ജീവനക്കാർ വെള്ളം എടുക്കുന്നത്. ഇതര ജില്ലകളിൽനിന്നും വരുന്നവരാണ് ജീവനക്കാരിൽ കൂടുതലും. അതുകൊണ്ടുതന്നെ ഉടൻ സ്ഥലംമാറ്റത്തിന് ശ്രമിക്കുന്നതും പതിവാണ്.
താമസസൗകര്യം ഇല്ലാത്തതിന്റെ പേരിലാണ് പലരും ഇതിന് മുതിരുന്നത്. ഇതിനുപരിഹാരമെന്ന നിലയിലാണ് തൊട്ടടുത്തുതന്നെ ക്വാർട്ടേഴ്സ് നിർമാണം പൂർത്തിയാക്കിയത്. 2021 ഫെബ്രുവരി 14ന് റവന്യൂ വകുപ്പ് മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരനാണ് ക്വാർട്ടേഴ്സ് ഉദ്ഘാടനം ചെയ്തത്. എന്നാൽ, ഇവിടെ വൈദ്യുതിയോ കുടിവെള്ള സൗകര്യമോ ഒരുക്കിയില്ല. ഇപ്പോൾ കെട്ടിടം കാടുപിടിച്ചു കിടക്കുന്നു. സമീപത്തുതന്നെ മുമ്പ് പ്രവർത്തിച്ച വില്ലേജ് ഓഫിസ് കെട്ടിടവും ദുരിതാശ്വാസ കേന്ദ്രവും ഉപയോഗശൂന്യമായി കിടക്കുന്നു.
മാസങ്ങൾക്കു മുമ്പ് ജില്ല കലക്ടർ വില്ലേജ് ഓഫിസ് സന്ദർശിച്ചിരുന്നു. നിരവധി പരാതികളാണ് കെട്ടിടവുമായി ബന്ധപ്പെട്ട് നാട്ടുകാർ കലക്ടർക്ക് നൽകിയത്. എല്ലാ വില്ലേജ് ഓഫിസുകളും സ്മാർട്ടായപ്പോൾ കരിന്തളത്തേത് പഴയപടി തന്നെ പ്രവർത്തിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.