ചെറുവത്തൂർ: സംസ്ഥാന ചലച്ചിത്ര അവാർഡിൽ തിളങ്ങിയത് കാസർകോട്. സംസ്ഥാനത്തിന്റെ വടക്കൻ അതിർത്തി ദേശത്തും നല്ല സിനിമ ഉണ്ടാകുമെന്നും അതിന് അംഗീകാരം ലഭിക്കുമെന്നും തെളിയിച്ച അവാർഡ് പ്രഖ്യാപനമായി ഇത്തവണത്തേത്. നാട്ടുഭാഷയിൽ വിധിപ്രഖ്യാപനം നടത്തി മജിസ്ട്രേറ്റ് എന്ന കഥാപാത്രത്തെ സ്വാഭാവികമായി അഭിനയിച്ച പി.പി. കുഞ്ഞികൃഷ്ണൻ മുതൽ മലയോര നാട്ടിലെ സ്നേഹവും വഞ്ചനയും തിരിച്ചറിയുന്ന ‘രേഖ’യിലുണ്ടാവുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞഭിനയിച്ച വിൻസി അലോഷ്യസ് വരെ കാസർകോടിന്റെ നാട്ടുജീവിതത്തെ ഗംഭീരമാക്കി. കയ്യൂരിൽ കോടതി സെറ്റിട്ട്, ചീമേനിയിലും കൊടക്കാട്ടും ബങ്കളത്തും പാലായിയിലും ചിത്രീകരിച്ച് നാട്ടുഭംഗിക്കൊപ്പം നാട്ടിലെ അതിസാധാരണക്കാരെ അഭിനയിപ്പിച്ച ‘ന്നാ താൻ കേസു കൊട്’ സിനിമക്ക് ഏഴ് സംസ്ഥാന ചലച്ചിത്രപുരസ്കാരമാണ് ലഭിച്ചത്. ഈ സിനിമക്കുള്ള അംഗീകാരം ജില്ലക്കുമുള്ള സമ്മാനമായി. ഇതിന്റെ സന്തോഷം നാട്ടുകാർ പങ്കുവെക്കുകയാണിപ്പോൾ.
‘ന്നാ താൻ കേസ് കൊട്’ സിനിമയിൽ പ്രധാന വഴിത്തിരിവാകുന്ന ‘ദേവദൂതർ പാടി....’’ ഗാനത്തിൽ അഭിനയിച്ച പുലിയന്നൂർക്കാർക്കും സന്തോഷം അടക്കാനാകുന്നില്ല. മികച്ച കലാസംവിധായകനുള്ള പുരസ്കാരം നേടിയ ജ്യോതിഷ് ശങ്കർ അത്രക്കും മികവോടെയാണ് പുലിയന്നൂർ ഗ്രാമത്തെ പുനരവതരിപ്പിച്ചത്. ഹോസ്ദുർഗ് കോടതി അതേപടി കയ്യൂർ കൂക്കോട്ട് പുനഃരവതരിപ്പിച്ചതും ശ്രദ്ധേയമായി.
കൊറോണക്കാലത്ത് എഴുതിക്കൂട്ടിയ കഥകളിൽനിന്നെടുത്ത് മലയോരഗ്രാമമായ ബന്തടുക്കയിലെ സംസാര ശൈലിയും ജീവിതരീതിയും ഉൾപ്പെടുത്തി കഥയെഴുതി മറ്റൊരു കാസർകോട്ടുകാരനായ ജിതിൻ ഐസക് തോമസ് സംവിധാനം ചെയ്ത ‘രേഖ’യിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിൻസി അലോഷ്യസാണ് മികച്ച നടി. ബന്തടുക്കയുടെ പശ്ചാത്തലത്തിൽ പ്രണയം പറഞ്ഞു തുടങ്ങുന്ന സിനിമയിൽ പതിയെ മനുഷ്യന്റെ പലവിധ വികാരവിചാരങ്ങളിലൂടെ സഞ്ചരിച്ച് സധൈര്യം സഞ്ചരിക്കുന്ന കരുത്തിന്റെ പേരായി ‘രേഖ’യെന്നു രേഖപ്പെടുത്തുകയാണ് സിനിമ. തിയറ്ററുകളിൽ റിലീസ് ചെയ്യാനായില്ലെങ്കിലും ഒ.ടി.ടി പ്ലാറ്റ് ഫോമിൽ വിജയിച്ച സിനിമയാണ് രേഖ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.