കാസർകോട്: വെള്ളിയാഴ്ച മൂന്നു സ്ഥാനാർഥികളും ജനങ്ങളെ കൈയിലെടുക്കാൻ റോഡ് ഷോ നടത്തി. എങ്ങും ആവേശഭരിതമായ സ്വീകരണമായിരുന്നു. നീലേശ്വരം മാർക്കറ്റിലെ ഗാന്ധിപ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന നടത്തിയതിനുശേഷമാരംഭിച്ച യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ മണ്ഡലപര്യടനത്തിൽ നീലേശ്വരം മാർക്കറ്റ് ജങ്ഷൻ മുതൽ കോൺവെന്റ് ജങ്ഷൻ വരെ നടന്ന റോഡ് ഷോയായിരുന്നു ശ്രദ്ധപിടിച്ചുപറ്റിയത്.
നൂറുകണക്കിനാളുകൾ അണിനിരന്ന റോഡ് ഷോക്കുശേഷം സ്ഥാനാർഥി നർക്കിലക്കാട് വിഷ്ണുമൂർത്തി ഷേത്രത്തിലെ കളിയാട്ടമഹോത്സവത്തിലും പങ്കെടുത്തു. കാലിക്കടവ്, തൃക്കരിപ്പൂർ, മാവിലാക്കടപ്പുറം, പടന്ന എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം ചെറുവത്തൂരിൽ സമാപിച്ചു.
അതേസമയം, ഉദുമ മണ്ഡല പ്രചാരണത്തിൽ ആരവങ്ങളും അഭിവാദ്യങ്ങളുമായി എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ബാലകൃഷ്ണൻ വോട്ടഭ്യർഥിക്കാനെത്തുമ്പോൾ ആഘോഷ നിറവിലായിരുന്നു തീരവാസികൾ. പള്ളിക്കര, പൂച്ചക്കാട്, പാലക്കുന്ന്, ആറാട്ടുകടവ്, ഉദുമ, നാലാംവാതുക്കൽ, കളനാട്, മേൽപറമ്പ്, ചെമ്മനാട് എന്നിവിടങ്ങളിൽ വീടുകളിലും സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സന്ദർശിച്ച് വോട്ടഭ്യർഥിച്ചു. മേൽപറമ്പ് മുതൽ പൂച്ചക്കാടുവരെ സ്ഥാനാർഥിയുടെ റോഡ് ഷോയുമുണ്ടായി.
എൻ.ഡി.എ സ്ഥാനാർഥി എം.എൽ. അശ്വിനി അജാനൂർ കടപ്പുറം ശ്രീ കുറുംബ ഭഗവതി ക്ഷേത്രദർശനം നടത്തിയാണ് വെള്ളിയാഴ്ചത്തെ പ്രചാരണത്തിന് തുടക്കമിട്ടത്. പനത്തടി പഞ്ചായത്തിലെ കല്ലപ്പള്ളി, കിഴക്കേ കൂലോം, നർക്കിലക്കാട് എന്നിവിടങ്ങളിൽ വോട്ടഭ്യർഥനക്കുശേഷം പരപ്പ ടൗണിൽ റോഡ് ഷോയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.