മൊഗ്രാൽ തീരദേശത്തിന് വേണം, ഒരു സ്കൂൾ

കുമ്പള: മൊഗ്രാൽ കൊപ്പളത്ത് ജി.എൽ.പി സ്കൂൾ അനുവദിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ രംഗത്ത്. നിലവിലുള്ള ഏകാധ്യാപക സ്കൂളിന് പൂട്ടു വീഴുന്ന സാഹചര്യത്തിലാണിത്. സംസ്ഥാനത്തെ ഏകാധ്യാപക സ്കൂളുകൾ അടച്ചുപൂട്ടാൻ തത്ത്വത്തിൽ സർക്കാർ തീരുമാനിച്ചതോടെ പ്രദേശത്തെ കൊച്ചുകുട്ടികളെ എങ്ങനെ പഠിപ്പിക്കുമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. സർക്കാർ ഉത്തരവിനെ തുടർന്ന്, ഈ വർഷം പുതിയ കുട്ടികൾക്ക് പ്രവേശനം നൽകിയിട്ടില്ല. നിലവിലുള്ള കുട്ടികൾക്ക് രണ്ടുവർഷം കൂടി പഠനസൗകര്യം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും ചേർക്കാനിരുന്ന കുട്ടികളെപ്പറ്റിയാണ് ആശങ്ക.

ഈ പ്രദേശത്തുകൂടി കടന്നുപോകുന്ന റെയിൽപാത കാലങ്ങളായി നാട്ടുകാരുടെയും കുട്ടികളുടെയും ജീവന് ഭീഷണിയാണ്. പുറത്തേക്കുപോകുന്ന മുതിർന്നവരായാൽപോലും തിരിച്ചെത്തുന്നതുവരെ വീട്ടിലുള്ളവർക്ക് വലിയ ആശങ്കയാണ്. അതിനിടെയാണ് ദേശീയപാത വികസനം ആരംഭിച്ചത്. ദേശീയപാത ആറുവരി പാതയായി വികസിപ്പിക്കുന്നതോടെ മൊഗ്രാൽ കൊപ്പളം അടക്കമുള്ള പടിഞ്ഞാർ പ്രദേശങ്ങളിലെ ചെറിയ കുട്ടികൾക്ക് ദേശീയപാത മുറിച്ചുകടന്ന് മൊഗ്രാൽ സ്കൂളിലെത്താൻ ഏറെ പ്രയാസപ്പെടേണ്ടി വരുമെന്ന് പ്രദേശവാസികൾ പറയുന്നു.

ഒന്നുമുതൽ നാലുവരെ ഒരു എൽ.പി സ്കൂൾ കൊപ്പളത്ത് അനുവദിച്ചുകിട്ടിയാൽ കുട്ടികൾക്ക് ഏറെ ഉപകരിക്കും. കൊപ്പളം മുതൽ നാങ്കി വരെയുള്ള തീരദേശ മേഖലയിൽ ഗാന്ധിനഗർ എസ്.സി കോളനി അടക്കം മുന്നൂറോളം വീടുകളുണ്ട്. മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശം കൂടിയാണ് കൊപ്പളവും നാങ്കിയും. താൽക്കാലിക സംവിധാനമെന്ന നിലയിൽ സ്കൂൾ അനുവദിക്കുകയാണെങ്കിൽ കൊപ്പളം മദ്റസ കെട്ടിടത്തിലെ ക്ലാസ് റൂം വിട്ടുനൽകാൻ തയാറാണെന്ന് മദ്റസ കമ്മിറ്റിയും പറയുന്നുണ്ട്.  ഇതുസംബന്ധിച്ച് കൊപ്പളം വാർഡ് മെംബർ കൗലത്ത് ബീബി കുമ്പള ഗ്രാമപഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകി. കൊപ്പളം വികസന സമിതിയും ഈ ആവശ്യവുമായി രംഗത്തുണ്ട്.

ജനപ്രതിനിധികളെക്കണ്ട് വിഷയം ഉന്നയിക്കുമെന്ന് സമിതി അംഗങ്ങളായ ഇസ്മായിൽ മൂസ, സി.എം. ജലീൽ, ലത്തീഫ് കൊപ്പളം, ബി.കെ. മുനീർ എന്നിവർ അറിയിച്ചു. 

Tags:    
News Summary - mogral coast needs a school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.