കാസർകോട്: ജില്ലയിലെ തലപ്പാടി മുതല്‍ തിരുവനന്തപുരം കാരോടുവരെ 645 കിലോമീറ്റര്‍ നീളത്തില്‍ ദേശീയപാത 66ന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്ന ഘട്ടത്തിൽ നിർമാണപ്പിഴവും പലയിടങ്ങളിൽനിന്നും ഉയരുന്നുണ്ട്. ദേശീയപാത നിർമാണ സ്ഥലങ്ങളിൽ പലയിടത്തും വലിയ കുന്നുകളും മലകളും തുരന്നാണ് റോഡിനായി സ്ഥലം കണ്ടെത്തിയതും നിർമാണപ്രവൃത്തി തുടങ്ങിയതും. എന്നാൽ, മിക്കയിടങ്ങളിലും കുന്നിടിച്ചത് ശാസ്ത്രീയ രീതിയിലല്ല. മണ്ണുമാന്തി ഉപയോഗിച്ച് കുത്തനെയാണ് പലയിടത്തും ഇടിച്ചുതാഴ്ത്തിയത്. ഇത് പെട്ടെന്ന് മണ്ണിടിയാൻ ഇടയാക്കും. തിരശ്ചീനമായാണ് കുന്നിടിച്ചിരുന്നതെങ്കിൽ മണ്ണിന്റെ ഇടിഞ്ഞുവീഴൽ കുറയുമായിരുന്നു.
പലതും വൻ അപകടങ്ങൾക്കാണ് വഴിയൊരുക്കാൻ പോകുന്നതെന്ന ആക്ഷേപവുമുണ്ട്. കാസർകോടുനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ചെർക്കളയിൽ ദേശീയപാത നിർമാണ സ്ഥലങ്ങളിൽ അപകടകരമാംവിധം മണ്ണിടിഞ്ഞത് കാണാം. ഈ മേഖലയിൽ കോൺക്രീറ്റ് സ്പ്രേ ചെയ്ത് കുന്നിന് കവചം തീർത്തിട്ടുണ്ട്. ഇത് പലസ്ഥലങ്ങളിലും ആവർത്തിക്കാമെന്നാണ് നാട്ടുകാർ പറയുന്നത്.
ചെർക്കള ഭാഗത്തെ റീച്ചിൽ മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ കീഴിലാണ് നിർമാണപ്രവൃത്തി നടക്കുന്നത്. ചെർക്കളയിലെ മണ്ണിടിഞ്ഞ ഭാഗത്ത് കുന്നിന് മുകളിൽ വീടുകളുമുണ്ട്. ഇത് വലിയ അപകടത്തിന് വഴിയൊരുക്കുമെന്നാണ് പ്രദേശവാസികളടക്കം പറയുന്നത്. സംസ്ഥാനമൊട്ടാകെ നടക്കുന്ന ദേശീയപാത നിർമാണപ്രവൃത്തി ചില സ്ഥലങ്ങളിലെങ്കിലും അശാസ്ത്രീയ രീതിയിലാണ് നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. അതേസമയം, ഇതുപോലുള്ള അശാസ്ത്രീയ നിർമാണം കരാറുകാർ അവരുടെ എളുപ്പത്തിന് ചെയ്യുന്നുവെന്ന ആക്ഷേപവും ജനങ്ങൾക്കുണ്ട്.
സാധാരണ സംഭവമാണ് നടന്നിരിക്കുന്നത്. വലിയ പാറ ഇളകിയപ്പോൾ മണ്ണും കൂടെ ഇടിഞ്ഞതാണ്. എന്നാൽ, അതുപറഞ്ഞ് കൈകഴുകാൻ നമ്മൾ തയാറല്ല.കുന്നിടിയാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ കോൺക്രീറ്റ് മതിൽ നിർമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ മണ്ണിടിച്ചിലിനെ എല്ലാവരും ഷിരൂരും മറ്റ് പ്രകൃതിദുരന്തവുമായും താരതമ്യം ചെയ്താണ് കാണുന്നത്. നിർമാണപ്രവൃത്തി കഴിഞ്ഞദിവസം മുതൽ നാട്ടുകാർ തടഞ്ഞിരിക്കുകയാണ്. ഇത് പ്രവൃത്തി അനന്തമായി നീളാൻ കാരണമാകും. നാട്ടുകാർക്ക് എൻജിനീയർമാരോട് ചോദിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. പ്രവൃത്തി വേഗം നടത്താനുള്ള സാഹചര്യമാണ് ഉണ്ടാക്കേണ്ടത്. അതിന് എല്ലാവരും സഹകരിക്കണം. ഒറ്റപ്പെട്ട സംഭവമാണിത്. ഇത് പെട്ടെന്നുതന്നെ പരിഹരിക്കുമെന്നും മേഘ കൺസ്ട്രക്ഷൻ കമ്പനി അധികൃതർ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.