മൊഗ്രാൽ: ദേശീയപാത നിർമാണം പുരോഗമിക്കവെ സർവിസ് റോഡ് ഉയരത്തിലായതോടെ വഴിയടഞ്ഞുപോകുമെന്ന ആശങ്കയിൽ നാട്ടുകാർ. മൊഗ്രാൽ ടൗണിൽ പടിഞ്ഞാറ് ഭാഗത്തുള്ള ഷാഫി ജുമാമസ്ജിദിലേക്കും മദ്റസയിലേക്കും തെക്കുഭാഗത്തുള്ള സ്കൂളിലേക്കും പോകുന്ന വിദ്യാർഥികൾക്കും മുതിർന്നവർക്കും നടന്നുവരാൻ പ്രതീക്ഷ നൽകിയിരുന്ന കലുങ്കു നിർമാണമാണ് ആശങ്കയിലാഴ്ത്തുന്നത്. മൊഗ്രാൽ ടൗണിൽനിന്നും ലീഗ് ഓഫിസ് പരിസരത്തുനിന്നും മീലാദ് നഗറിൽനിന്നും മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാനുള്ളതാണ് കലുങ്ക്.
ഉയരത്തിൽ നിർമിച്ചിരിക്കുന്ന കലുങ്കിലൂടെ തെക്കുഭാഗത്തുള്ള വയോധികരടക്കമുള്ളവർക്ക് പള്ളിയിലേക്കും വിദ്യാർഥികൾക്ക് സ്കൂളിലേക്കും മദ്റസയിലേക്കും നടന്നുവരാൻ സഹായകമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. കലുങ്കുനിർമാണം ഇപ്പോൾ പകുതി നിർമിച്ചിട്ടുണ്ട്. കലുങ്ക് പടിഞ്ഞാർ ഭാഗത്തെത്തുമ്പോൾ സർവിസ് റോഡ് ഉയരം കൂടിയതിനാൽ കലുങ്കുവഴി ടന്നുപോകാൻകഴിയില്ലെന്ന് വിദ്യാർഥികൾ പറയുന്നു.
ദേശീയപാത അധികൃതരുമായി സംസാരിച്ചപ്പോൾ വിഷയം നേരത്തേ അധികൃതരുടെ ശ്രദ്ധയിൽപെടുത്തണമായിരുന്നുവെന്നാണ് പറഞ്ഞത്. അങ്ങനെ ഇടപെട്ടിരുന്നുവെങ്കിൽ സർവിസ് റോഡ് നിർമാണത്തിൽ മാറ്റംവരുത്താൻ കഴിയുമായിരുന്നുവെന്നും പറയുന്നു. മൊഗ്രാൽ ടൗണിലെ അടിപ്പാതക്ക് സമാനമായാണ് ഇവിടെ ഉയരംകൂട്ടി കലുങ്ക് നിർമിക്കുന്നത്. കലുങ്കിന് കുറച്ചുകൂടി ഉയരം കൂട്ടാനായാൽ ഈ വിഷയത്തിൽ പരിഹാരമാവുമെന്ന് നാട്ടുകാർ പറയുന്നു. പ്രതീക്ഷ കൈവിടാതെ ദേശീയപാത നിർമാണ ഉന്നത ഉദ്യോഗസ്ഥരെ സമീപ്പിക്കാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.