കാസർകോട്: ഇന്ന് തിരുവോണം. ആഘോഷത്തിമിർപ്പിലമർന്നിരിക്കുകയാണ് നാടും നഗരവും. അത്തദിനത്തിൽ തുടങ്ങി ഇന്നേക്ക് ഒരുക്കുന്നത് പത്താമത്തെ പൂക്കളം. ഇല്ലായ്മക്കും വല്ലായ്മക്കും ഇടയിലും ഓണാഘോഷം കെങ്കേമമാക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു മലയാളി പിന്നിട്ട ദിവസങ്ങളിൽ. പ്രയാസങ്ങളെല്ലാം മറന്ന് മാവേലി മന്നനെയും തിരുവോണത്തെയും വരവേൽക്കുകയാണ് ഓരോ മലയാളിയും.
ഗൃഹാതുരത്വത്തിന്റെ ഓർമകളിലേക്ക് മലയാളികളെ നയിക്കുന്നതാണ് ഓണാഘോഷം. കൈമോശംവന്ന നല്ലകാലത്തിന്റെ ഓർമകളിലാണ് ഈ കെട്ടകാലത്തും മലയാളി ജീവിക്കുന്നത്. കള്ളവും ചതിയുമില്ലാത്ത, എല്ലാവരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരുകാലത്തെ ആഘോഷത്തിലൂടെയെങ്കിലും തിരിച്ചുപിടിക്കുകയാണ് ഓരോ മലയാളിയും.
തലമുറകളിലൂടെ കൈമാറിക്കിട്ടിയ മഹാബലി നാടുവാണിരുന്ന ഐശ്വര്യകാലത്തിന് മലയാളിയുടെ മനസ്സിൽ പ്രസക്തി ഏറെയുണ്ട്. വർത്തമാനകാലത്തിന്റെ ദുരനുഭവങ്ങളാണ് അസുര ചക്രവർത്തിയുടെ ഭരണകാലത്തിന് പ്രസക്തി വർധിപ്പിക്കുന്നത്. കോവിഡ് മഹാമാരി തട്ടിയെടുത്ത ആഘോഷങ്ങൾ പതുക്കെയാണെങ്കിലും തിരിച്ചുപിടിച്ചിരിക്കുന്നു എന്നതാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ വിപണിയിലെ ഉണർവ് ഉൾപ്പെടെ കാണിക്കുന്നത്.
ആഘോഷങ്ങൾക്ക് വിലക്കയറ്റമൊന്നും തടസ്സമാകുന്നില്ല. പൂർവാധികം ആഘോഷം പൊലിപ്പിക്കാനുള്ള ശ്രമംതന്നെയാണ് മലയാളികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. വിലക്കയറ്റത്തിന് കടിഞ്ഞാണിടാൻ സർക്കാർ സംവിധാനങ്ങൾ സജീവ ഇടപെടലാണ് നടത്തിവന്നത്. ഇതിന്റെ ഭാഗമായി കൃത്രിമ വിലക്കയറ്റവും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കർശന പരിശോധനകളാണ് ജില്ലയിൽ നടത്തിയത്. ഇത് ഏറെഫലം കണ്ടിട്ടുണ്ട്. ഒട്ടേറെ സഹകരണ സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും ഒരുക്കിയ മേളകളും ഓണച്ചന്തകളും ഫെയറുകളും പൊതു വിപണിയിലെ വിലക്കയറ്റം തടയാൻ ഏറെ സഹായകമായിട്ടുണ്ട്. പതിവുപോലെ മലയാളിക്ക് പൂക്കളമൊരുക്കാൻ മറുനാടൻ പൂവുകൾ ദിവസങ്ങൾക്കു മുമ്പുതന്നെ തെരുവോരങ്ങളിൽ ഇടംപിടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.