കാസർകോട്: 17 എം.പിമാർ അടങ്ങിയ പാർലമെന്ററി സ്ഥിരം സമിതി സംഘം രണ്ടുദിവസത്തെ സന്ദർശനത്തിനായി ജില്ലയിൽ എത്തി. വ്യാഴാഴ്ച ഉച്ചയോടെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ സംഘം അവിടെ നിന്നാണ് കാസർകോട്ടെത്തിയത്. ഉദുമ ബേവൂരി ലളിത് ഹോട്ടലിലാണ് ഇവരുടെ താമസം.കൊച്ചിയിലെയും തിരുവനന്തപുരത്തെയും സന്ദർശനത്തിന് ശേഷമാണ് പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. വിജയസായി റെഡ്ഡിയുടെ നേതൃത്വത്തിലുള്ള അംഗങ്ങൾ ജില്ലയിൽ എത്തിയത്. ജില്ലയിലെ ടൂറിസം, ട്രാൻസ്പോർട്ട്, കൾചറൽ വികസന കാര്യങ്ങൾ യോഗത്തിൽ ചർച്ചയായി. ഇതുകൂടാതെ സംരംഭകരുമായുള്ള കൂടിക്കാഴ്ചയും നടത്തൂം.
മിനിസ്ട്രി ഓഫ് ടൂറിസം, കേരള ടൂറിസം വകുപ്പ്, ബി.ആർ.ഡി.സി എന്നിവരാണ് ലളിതിലെ യോഗത്തിന് നേതൃത്വം വഹിച്ചത്. കേരളത്തിൽനിന്ന് മൂന്ന് എം.പിമാർ പാർലമെന്ററി സമിതിയിൽ അംഗങ്ങളാണ്. ആന്റോ ആന്റണി, കെ. മുരളീധരൻ, എ.എ. റഹീം എന്നിവരാണ് സമിതിയിൽ ഉൾപ്പെട്ട കേരളത്തിലെ എം.പിമാർ. സമിതിയിൽ മൊത്തം 29 അംഗങ്ങൾ ഉണ്ടെങ്കിലും ചെയർമാൻ അടക്കം 17 പേരാണ് ജില്ല സന്ദർശിക്കുന്ന സംഘത്തിലുള്ളത്. ടൂറിസം വികസനം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള നിർദേശങ്ങൾ സമിതി കേന്ദ്ര സർക്കാറിന് സമർപ്പിക്കും. എം.പിമാർക്ക് പുറമെ ടൂറിസം മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, കേരള ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടർ പി.ബി. നൂഹ് തുടങ്ങി മുതിർന്ന ഉദ്യോഗസ്ഥരും പാർലമെന്ററി സമിതിയോടൊപ്പമുണ്ട്.
ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ആദ്യമായാണ് പാർലമെന്ററി സമിതി കാസർകോട്ട് എത്തുന്നത്. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ കുറിച്ചും അവയുടെ വികസന സാധ്യതകളെ കുറിച്ചും ബീച്ച് -കായലോര - ഹിൽ ടൂറിസത്തെ കുറിച്ചും വിശദമായ ചർച്ചകൾ ഉണ്ടാകുമെന്നാണ് വിവരം. ഇതുകൂടാതെ ദേശീയപാതകൾ, ടൂറിസം മേഖലയിലെ സാധ്യതകൾ, ഹോട്ടൽ അടിസ്ഥാന വികസനം, ഹോം സ്റ്റേകൾ, രുചിപ്പെരുമകൾ, കലാ സാംസ്കാരികം തുടങ്ങിയ സാധ്യതകളെ കുറിച്ചും സമിതി പഠിച്ച് റിപ്പോർട്ട് നൽകും.
പ്രകൃതി രമണീയവും ചരിത്രപ്രധാന്യമായുള്ള കോട്ടകളും തെയ്യങ്ങൾ ഉൾപ്പെടെയുള്ള കലാരൂപങ്ങളുടെ സാധ്യതകളും നിലനിൽക്കുന്ന കാസർകോട് ജില്ലയിൽ ടൂറിസത്തിന് വലിയ സാധ്യതയാണുള്ളത്ത്. ഇതുവരെ ബേക്കൽ ഒഴികെ വലിയ ടൂറിസം വികസന പദ്ധതികൾ ജില്ലയിൽ എത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ സമിതി അംഗങ്ങളുടെ സന്ദർശനം ജില്ലയുടെ ടൂറിസ്റ്റ് വികസനത്തിന് ഏറെ സഹായകമാകുമെന്ന കണക്കുകൂട്ടലിലാണ് കാസർകോട് ജില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.