കാസർകോട്: ദേശീയപാത ആറുവരി വികസനവുമായി ബന്ധപ്പെട്ട് നാട്ടുകാർ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി പറയാതെ ദേശീയപാത അതോറിറ്റി. പദ്ധതിയുമായി ഏറെ മുന്നോട്ടുപോയിട്ടും പ്രവൃത്തിയിലെ പലകാര്യങ്ങളും അറിയില്ലെന്ന മട്ടിലാണ് അധികൃതരുടെ നിലപാട്.
സർവിസ് റോഡിൽനിന്ന് ആറുവരിപ്പാതയിലേക്ക് പ്രവേശിക്കുന്ന ഇടങ്ങൾ എവിടെയെന്നുപോലും തീരുമാനമായില്ലെന്നാണ് ദേശീയപാത അതോറിറ്റി രേഖാമൂലം നൽകിയ മറുപടി. കുമ്പള പെറുവാഡ് സ്വദേശി അബ്ദുൽ ഖാദർ ഫിർഷാദിന്റെ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്കാണ് ദേശീയപാത അതോറിറ്റിയുടെ വിചിത്ര മറുപടി.
ദേശീയപാത 66ൽ തലപ്പാടി മുതൽ ചെങ്കള വരെയുള്ള ഭാഗത്തെ വിശദപദ്ധതി റിപ്പോർട്ടും (ഡി.പി.ആർ) അനുബന്ധ കാര്യങ്ങളുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഡി.പി.ആറിന്റെ പകർപ്പ് നൽകിയെങ്കിലും അനുബന്ധ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടിയല്ല നൽകിയത്.
ദേശീയപാതയുടെ സർവിസ് റോഡിൽനിന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് ഇറങ്ങാനുമുള്ള എത്ര സ്ഥലങ്ങൾ ഉണ്ടെന്ന ചോദ്യത്തിന് അക്കാര്യം തീരുമാനിച്ചിട്ടില്ലെന്നാണ് മറുപടി നൽകിയത്. അനുയോജ്യമായ സ്ഥലങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും പറയുന്നു.
ആറുവരിപ്പാതയുമായി ബന്ധപ്പെട്ട് ബസ്ബേകൾ നിർമിക്കാൻ വ്യവസ്ഥയില്ല. ബസ് ഷെൽറ്ററുകൾ മാത്രമാണ് നിർമിക്കുക. അത് എവിടെയെന്ന് സംസ്ഥാന ഗതാഗതവകുപ്പുമായി ആലോചിക്കും. ഇങ്ങനെയാണ് പല ചോദ്യങ്ങൾക്കുമുള്ള മറുപടി. ദേശീയപാത വികസിപ്പിക്കുമ്പോൾ ബസ്ബേ, ബസ് ഷെൽറ്ററുകൾ സംബന്ധിച്ച് ഉയർന്ന ആശങ്ക ശരിവെക്കുന്നതാണ് ദേശീയപാത അതോറിറ്റിയുടെ കണ്ണൂർ ഓഫിസിൽനിന്നുള്ള മറുപടി.
45 മീറ്ററിൽ പാത വികസിപ്പിക്കുമ്പോൾ തദ്ദേശീയർക്ക് ഉപയോഗിക്കാനുള്ള സർവിസ് റോഡിൽ ബസ് വെയ്റ്റിങ് ഷെഡ് നിർമിക്കാൻ സ്ഥലം ഉണ്ടാവില്ലെന്നാണ് പ്രധാന പരാതി. പ്രത്യേക സ്ഥലങ്ങൾ ചൂണ്ടിക്കാണിക്കാത്തതിനാൽ നടപ്പാതയിൽ ഇതിനുള്ള സൗകര്യമൊരുക്കാനാണ് സാധ്യതയെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രവർത്തകർ പറയുന്നു.
അതേസമയം, ബസ് ഷെൽറ്ററുകൾ എവിടെയെന്നത് പദ്ധതി പൂർത്തീകരിക്കുന്ന വേളയിൽ ആർ.ടി.ഒ തലത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കുകയാണ് ചെയ്യുകയെന്നും ഇത്തരം കാര്യങ്ങളൊന്നും ദേശീയപാത അതോറിറ്റിക്ക് അറിഞ്ഞിരിക്കണമെന്നില്ല എന്നും കരാറുകാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.