കാസർകോട്: റിയാസ് മൗലവി വധക്കേസിൽ സെഷൻസ് കോടതി കുറ്റവിമുക്തരാക്കിയ പ്രതികളെ വീണ്ടും ജയിലിലേക്ക് അയക്കണമെന്ന മേൽകോടതി നിർദേശം നീതിന്യായ ചരിത്രത്തിൽ അപൂർവം. റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതെ വിട്ടതിന് സമാനമായി കാസർകോട്ടെ തന്നെ സാബിത്, സിനാൻ തുടങ്ങിയ ഒമ്പതോളം വധക്കേസുകളിൽ പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.
ഈ കേസുകളിൽ ചില കേസുകളിൽ അപ്പീലിനുള്ള ഹരജി ഹൈകോടതിയിൽ ഇരിക്കെയാണ് റിയാസ് മൗലവി വധക്കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള അപ്പീലിൽ വ്യത്യസ്ത സമീപനം ഉണ്ടായിരിക്കുന്നത്. ശിക്ഷിക്കപ്പെട്ട പ്രതികൾക്കുവേണ്ടി ശിക്ഷതടയാനാണ് സാധാരണ ഹരജി നൽകുക. ഈ സമയം പ്രതികൾ ജയിലിനകത്താണുണ്ടാവുക. എന്നാൽ, റിയാസ് മൗലവി കേസിൽ പ്രതികൾ ജയിലിന് പുറത്തായിക്കഴിഞ്ഞു.
അവരെ തിരികെ ജയിലിൽ എത്തിക്കണമെന്നാവശ്യപ്പെട്ടാണ് സി.ആർ.പി.സി 390 പ്രകാരം പ്രോസിക്യൂഷൻ ഉപഹരജി നൽകിയത്. വിധി ‘ജുഡീഷ്യസ്’ അല്ല എന്ന വാദം ഉന്നയിച്ചാണ് അപ്പീൽ നൽകിയത്. തിരികെ ജയിലിലെത്തിക്കണം എന്ന വാദം ഉന്നയിച്ച ഹരജിക്കാർ പ്രതീക്ഷിച്ചതിനുമപ്പുറത്തേക്ക് ഹൈകോടതി ഗൗരവത്തിലെടുത്തുവെന്നതാണ് കേസിലുണ്ടായ വഴിത്തിരിവ്.
കുറ്റവിമുക്തരാക്കപ്പെട്ട മൂന്നുപേർ 10 ദിവസത്തിനകം അതേ കോടതിയിൽ ഹാജരാവുകയും മൂന്നുപേരും 50000 രൂപയുടെ ബോണ്ടുകളും രണ്ട് ജാമ്യക്കാരെയും ഹാജരാക്കി ജാമ്യം നേടണമെന്നുമാണ് കോടതി പറഞ്ഞിരിക്കുന്നത്. അതിനു പുറമെ പ്രതികൾ ഹൈകോടതിയുടെ പരിധിയിൽ ഉണ്ട് എന്ന് ഉറപ്പുവരുത്തണമെന്നും ജില്ല കോടതിയോട് നിർദേശിച്ചിരിക്കുന്നു.
റിയാസ് മൗലവി വധക്കേസിൽ ജില്ല സെഷൻസ് ജഡ്ജി പുറപ്പെടുവിച്ച വിധിയിൽ വലിയ നിരാശയാണ് പൊതുസമൂഹത്തിൽ രൂപപ്പെട്ടിരിക്കുന്നത്. കൊല്ലപ്പെട്ടയാളുടെയും പ്രതിയുടെയും കൊല്ലാൻ ഉപയോഗിച്ച ആയുധത്തിലെയും രക്തം ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കേസിൽ പ്രതികളെ വെറുതെ വിട്ടത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് റിട്ട. ജഡ്ജിമാർ തന്നെ പരസ്യമായി പറഞ്ഞു.
വിധി പറഞ്ഞ ജഡ്ജി സ്ഥലം മാറ്റം വാങ്ങിപ്പോയതും ചർച്ചയാണ്. സാധാരണ മേയ് മാസത്തിലാണ് കോടതിയുടെ സ്ഥലംമാറ്റം. സ്ഥലം മാറ്റത്തിന് അപേക്ഷിച്ച ജഡ്ജിക്ക് വളരെ നേരത്തേതന്നെ സ്ഥലം മാറ്റം നൽകിയതും ചർച്ചക്ക് കാരണമായിരുന്നു. റിയാസ് മൗലവി വധക്കേസിൽ ഹൈകോടതിയുടെ നിർദേശം കീഴ് കോടതി വിധിയെ ഗൗരവത്തിലെടുത്തതിന്റെ സൂചനയാണെന്ന് അഡ്വ. സി. ഷുക്കൂർ പ്രതികരിച്ചു. കൊലക്കേസുകളിൽ ഇത് അപൂർവമാണ്-അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.