കാസർകോട്: ബി.ജെ.പിയിൽ ഈ മാസംനടക്കുന്ന സംഘടന തെരഞ്ഞെടുപ്പിനുമുമ്പ് ജില്ല പ്രസിഡന്റ് സ്ഥാനത്തേക്ക് പോര് മുറുകി. നിലവിലെ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാറിനെ മാറ്റുന്നതിനുള്ള അണിയറ നീക്കം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പക്ഷത്തുനിന്ന് ശക്തമായി. ഹിന്ദു താന്ത്രിക വിദ്യയിൽ വിദഗ്ധനായ തന്ത്രിയെ, അദ്ദേഹം ബി.ജെ.പി ഭാരവാഹിത്വത്തിലേക്ക് വരുന്നതിനുമുമ്പ് പ്രവർത്തിച്ച ഹിന്ദു ഐക്യവേദിയിലേക്ക് തിരിച്ചയക്കും.
ബി.ജെ.പി -ആർ.എസ്.എസ് എന്നിങ്ങനെ രണ്ടു സ്വഭാവത്തിൽ പിരിഞ്ഞിരിക്കുന്ന ബി.ജെ.പിയിൽ ഇരുവിഭാഗവും അംഗീകരിക്കുന്ന ഒരാൾ പ്രസിഡന്റ് ആകാൻ ഇല്ലാത്തതാണ് പുതിയ പ്രതിസന്ധി. ഇരുപക്ഷവും രണ്ടുപേരുകൾ ഉയർത്തുന്നു. ബി.ജെ.പി പക്ഷം വനിത നേതാവ് എം.എൽ. അശ്വിനിയെയും ആർ.എസ്.എസ് പക്ഷം ജില്ല ജനറൽ സെക്രട്ടറി എ. വേലായുധനെയും.
കുമ്പള പഞ്ചായത്ത് സ്ഥിരംസമിതി തെരഞ്ഞെടുപ്പിൽ സി.പി.എമ്മുമായി സഖ്യമുണ്ടാക്കിയതും കൊലക്കേസ് പ്രതിയായ ആർ.എസ്.എസ് പ്രവർത്തകൻ ജ്യോതിഷിന്റെ ആത്മഹത്യയുമാണ് ബി.ജെ.പിയിലെ ഗ്രൂപ് പ്രവർത്തനത്തിന്റെ അടിസ്ഥാനം. ജ്യോതിഷിനെ സഹായിക്കാതെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്നാണ് സുരേന്ദ്രൻ പക്ഷത്തിനെതിരെയുള്ള ആരോപണം. ഇതിന് സുരേന്ദ്രൻ പക്ഷ നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യത്തിൽ ഒരുവിഭാഗം ഇപ്പോഴും ഉറച്ചുനിൽക്കുന്നതാണ് ഇപ്പോൾ പോര് മൂർധന്യത്തിലെത്താൻ കാരണം. അങ്ങനെ നടപടിയെടുക്കുമ്പോൾ ജില്ല ഓഫിസ് പൂട്ടിയതിനുപിന്നിൽ പ്രവർത്തിച്ചവർക്കെതിരെയും നടപടിവേണമെന്ന് മറുപക്ഷം വാദിക്കുന്നു.
വിഭാഗീയതയെതുടർന്ന് നേരത്തേ അഡ്വ. കെ. ശ്രീകാന്തിനെ ജില്ല പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റി സംസ്ഥാന സെക്രട്ടറിയായി കണ്ണൂർ ജില്ലയുടെ ചുമതലയിലേക്ക് മാറ്റിയിരുന്നു. ശ്രീകാന്തിനെ വീണ്ടും ജില്ല പ്രസിഡന്റാക്കാൻ സുരേന്ദ്രൻ വിഭാഗം ആഗ്രഹിക്കുന്നുണ്ട്.
അതിനെതിരെ നീക്കം ശക്തമാക്കുകയാണ് ആർ.എസ്.എസ് പക്ഷത്തുള്ള സംസ്ഥാന സമിതിയംഗം പി. രമേശ്, ജില്ല പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ എന്നിവർ. ഇവർ സമവായം എന്ന നിലയിൽ ജില്ല ജനറൽ സെക്രട്ടറി എ. വേലായുധനെ പിന്തുണച്ചേക്കും. മറുപക്ഷം അശ്വിനിയെയും. എന്നാൽ, രണ്ടുപേർക്കും പക്ഷം കൽപിച്ചതോടെ അതും പ്രതിസന്ധിയിലായിരിക്കുകയാണ്. പ്രശ്നം രൂക്ഷമായാൽ എം.എൽ. അശ്വിനിയെ കേന്ദ്രനേതൃത്വം അധ്യക്ഷ സ്ഥാനത്തേക്ക് മുന്നോട്ടുവെച്ചേക്കും. അത് ഒരു പരിധിവരെ സുരേന്ദ്രൻ വിഭാഗത്തിന്റെ വിജയമാകും.
45 മുതൽ 60 വരെയാണ് ബി.ജെ.പി ജില്ല പ്രസിഡന്റിന്റെ പ്രായ പരിധി. തിരുവനന്തപുരത്തെ എസ്. സുരേഷിനാണ് കാസർകോട് തെരഞ്ഞെടുപ്പ് ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.