കാസർകോട്: രാജ്യത്തെ മുഴുവൻ പോസ്റ്റ് ഓഫിസുകളിലും പെൺകുട്ടികൾക്കുള്ള പ്രത്യേക സമ്പാദ്യ പദ്ധതിയായ സുകന്യ സമൃദ്ധി അക്കൗണ്ട് തുറക്കാനുള്ള പ്രത്യേക കാമ്പയിനുമായി തപാൽ വകുപ്പ്.
രണ്ടു ദിവസം കൊണ്ട് ഏഴര ലക്ഷം അക്കൗണ്ട് തുറക്കാനാണ് ലക്ഷ്യമിടുന്നത്. ഫെബ്രുവരി 11 മുതൽ 13 വരെ ന്യൂഡൽഹിയിൽ നടക്കുന്ന അമൃത്പെക്സ് ഫിലാറ്റലി എക്സിബിഷനോട് അനുബന്ധിച്ച് ഫെബ്രുവരി ഒമ്പത്, 10 തീയതികളിലാണ് ക്യാമ്പ്.
പത്തു വയസ്സിനു താഴെയുള്ള പെൺകുട്ടികളെ പദ്ധതിയിൽ ചേർക്കാം. 250 രൂപയാണ് അക്കൗണ്ട് തുടങ്ങാനുള്ള കുറഞ്ഞ സംഖ്യ. തുടർന്ന് 100 രൂപയുടെ ഗുണിതങ്ങളായി അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാം. ഒരു സാമ്പത്തിക വർഷം പരമാവധി ഒന്നര ലക്ഷം വരെ നിക്ഷേപിക്കാവുന്നതാണ്. ഇവക്കു ആദായനികുതി ഇളവും ലഭ്യമാണ്. അക്കൗണ്ട് കാലാവധി 21 വർഷമാണ്.
കാലാവധിയെത്തും മുമ്പേ നിബന്ധനകൾക്ക് വിധേയമായി നിക്ഷേപിച്ച തുകയുടെ പകുതി പിൻവലിക്കാവുന്നതാണ്. പോസ്റ്റ് ഓഫിസിലെ തന്നെ ഐ.പി.പി.ബി. അക്കൗണ്ട് വഴി ഓൺലൈനായി അടക്കാനുള്ള സൗകര്യവും ലഭ്യമാണെന്ന് പോസ്റ്റൽ സൂപ്രണ്ട് വി. ശാരദ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.