കാസർകോട്: നഗരത്തിൽ സ്വകാര്യവ്യക്തിയുടെ പാർക്കിങ് കേന്ദ്രത്തിന് സമീപം ഷെഡ് കെട്ടി പതിവായി പ്ലാസ്റ്റിക് മാലിന്യമടക്കം കത്തിക്കുന്നതിൽ നടപടിയുമായി നഗരസഭ ആരോഗ്യവിഭാഗം. കാസർകോട് പുതിയ സ്റ്റാൻഡിന് എതിർവശത്തുള്ള പ്രമുഖ വസ്ത്രാലയത്തിന്റെ പാർക്കിങ് മൈതാനത്താണ് അനധികൃതമായി ഷെഡ് നിർമിച്ച് പ്ലാസ്റ്റിക് മാലിന്യമടക്കം കത്തിക്കുന്നത്.
വസ്ത്രാലയത്തിലെ മാലിന്യവും പ്ലാസ്റ്റിക്കും കൂടാതെ, നഗരത്തിലെ ചില കടയുടമകൾ നൽകുന്ന മാലിന്യമടങ്ങിയ ചാക്കുകെട്ടുകളും ഇവിടെ കത്തിക്കുന്നതായി പരാതിയുണ്ട്. ആസ്ബസ്റ്റോസ് ഷീറ്റ് കെട്ടി നിർമിച്ച ഷെഡിൽ രാത്രിസമയങ്ങളിൽ മാലിന്യം ചാക്കുകളിലാക്കി തീയിടുന്നതായാണ് ആരോഗ്യവകുപ്പിന് ലഭിച്ച പരാതിയിൽ പറയുന്നത്.
കഴിഞ്ഞ കുറെ കാലമായി ഇത് പതിവാണെന്ന് സമീപ കെട്ടിടങ്ങളിലെ ജീവനക്കാരും ആരോപിക്കുന്നു. സ്വകാര്യ വ്യക്തിയുടെ ഒരു കാറിലാണ് മാലിന്യം ചാക്കുകളിലാക്കി കൊണ്ടുവരുന്നത്. മിക്കപ്പോഴും രാത്രിസമയങ്ങളിലും പുലർച്ചെയുമാണ് മാലിന്യം എത്തിക്കുന്നതെന്നും സമീപവാസികൾ ആരോപിക്കുന്നു.
പുറത്തുനിന്ന് ആരും ശ്രദ്ധിക്കാത്തതരത്തിലാണ് പാർക്കിങ് ഗ്രൗണ്ട് സ്ഥിതിചെയ്യുന്നത്. പലപ്പോഴും പ്ലാസ്റ്റിക് കത്തിക്കുന്നതിന്റെ രൂക്ഷഗന്ധം പുതിയ സ്റ്റാൻഡ് പരിസരത്ത് രാത്രിസമയങ്ങളിൽ അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അനധികൃത ഷെഡ് ശ്രദ്ധയിൽപെട്ടത്. ഈ ഷെഡിന് സമീപത്താണ് ഒരു ഷോപ്പിങ് മാൾ അടക്കം പ്രവർത്തിക്കുന്നത്.
സർക്കാർ മാലിന്യത്തിനെതിരെ നടപടി കർശനമാക്കുമ്പോഴാണ് നഗരത്തിൽ രഹസ്യമായി മാലിന്യം കത്തിക്കുന്നത്. കൂടാതെ, സമ്പൂർണ മാലിന്യമുക്ത ജില്ലയായി കാസർകോടിനെ പ്രഖ്യാപിച്ചിട്ട് ഒരാഴ്ചപോലുമായിട്ടില്ല.
ഹരിതകർമസേന പ്രവർത്തകർ കടകൾ കയറി മാലിന്യം ശേഖരിക്കുകയും ചില കടക്കാർ നൽകാതിരിക്കുന്നതും നഗരത്തിൽ പതിവാണെന്നും ആക്ഷേപമുണ്ട്. ക്ലീൻ സിറ്റി മാനേജർ മധുസൂദനന്റെ നിർദേശപ്രകാരം സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുധീർ ബാബു, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഷീന എന്നിവരടങ്ങിയ ആരോഗ്യവിഭാഗം ജീവനക്കാർ സ്ഥലം സന്ദർശിച്ച് ദൃശ്യങ്ങൾ ശേഖരിച്ചു. പിഴയടക്കമുള്ള നിയമനടപടി സ്വീകരിക്കുമെന്ന് സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുധീർ ബാബു ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.