കാസർകോട്: ദാഹനീരിനുവേണ്ടി ഊർധശ്വാസം വലിക്കുകയാണ് ഉപ്പള പുഴ. കിലോമീറ്ററുകളോളം മരുഭൂമിക്ക് സമാനമായ അവസ്ഥ. കൊടിയ വേനൽ മാത്രമല്ല പുഴയുടെ ഇൗ സ്ഥിതിക്ക് കാരണം. പുഴയിലെ അവസാന തുള്ളിയും ഊറ്റി വലിക്കുന്ന കിണറുകൾ കൂടിയാണ്.
കാർഷികാവശ്യത്തിന്റെ മറവിലുള്ള അമിതമായ ജലചൂഷണമാണ് ഇവിടെ നടക്കുന്നത്. ഉപ്പള പുഴയുടെ കരയിലാകെ വലിയ അടക്കാത്തോട്ടങ്ങളാണ്. അടക്കാകർഷകരുടെ മേഖലയിലെ പുഴയിൽ അനധികൃതമായി കുഴിച്ച കിണറുകൾക്ക് കണക്കില്ല. ഇത്തരത്തിൽ കിണർ കുഴിക്കണമെങ്കിൽ പഞ്ചായത്ത് സെക്രട്ടറിയുടെ അനുമതിയാവശ്യമാണ്. എന്നാൽ, ഒരനുമതിയുമില്ലാതെയാണ് ഈ കിണറുകൾ കുഴിച്ചിരിക്കുന്നത്. മുമ്പ് കലക്ടറടക്കം ഈ വിഷയത്തിൽ ഇടപെട്ടിരുന്നു. പഞ്ചായത്ത് സെക്രട്ടറിയടക്കമുള്ള അധികൃതർ ഇതു നിർത്തിവെക്കാൻ ആവശ്യപ്പെട്ടുവെന്നും പറയുന്നു. പക്ഷേ, കർഷക പ്രതിഷേധത്തിൽ മുട്ടുമടക്കിയിരിക്കുകയാണ് അധികൃതർ.
പൊതുജനങ്ങൾക്കുവേണ്ടി ജലനിധിയുടെ രണ്ടു കിണറുകൾ ഉപ്പള പുഴയിൽ കുഴിച്ചിട്ടുണ്ട്. ഒന്ന് ബുദ്രിയ പദ്ധതിയിലും മറ്റേത് അമ്മനടുക്കം പദ്ധതിയിലും. വേനൽക്കാലത്ത് കുടിവെള്ളം വീടുകളിലെത്തിക്കാൻ വേണ്ടിയാണീ കിണറുകൾ.
എന്നാൽ, കർഷകർക്കായി കുഴിച്ച കിണറുകളിൽനിന്ന് 24 മണിക്കൂറും വെള്ളമെടുക്കുന്നു. കാർഷികാവശ്യത്തിന് ജലമെടുക്കാൻ വൈദ്യുതി ചാർജ് സൗജന്യമായതുകൊണ്ടുതന്നെ യഥേഷ്ടം വെള്ളമാണ് ഇങ്ങനെ ഉപയോഗിക്കുന്നത്. രാവിലെ മോട്ടോർ ഓണാക്കിയാൽ പലപ്പോഴും ഓഫാക്കുന്നത് വൈകീട്ടാണ്. ഇതിന്റെ പിന്നിൽ വലിയ ലോബിയാണ് പ്രവർത്തിക്കുന്നതെന്ന് ജനങ്ങൾ പറയുന്നു.
ഇതുമൂലം മിയാപ്പദവ്, മീഞ്ച, പൈവളിഗെ എന്നീ പ്രദേശങ്ങളിൽ കുടിക്കാനുള്ള വെള്ളം കിട്ടാക്കനിയായിരിക്കുകയാണ്. കുഴൽക്കിണർ കുഴിച്ചാൽപോലും വെള്ളം കിട്ടാത്ത അവസ്ഥ. അമിത ജല ഉപഭോഗം ഭൂഗർഭജലത്തിന്റെ തോതിനെ കാര്യമായി ബാധിക്കും. 2017ലെ ഗ്രൗണ്ട് വാട്ടർ റിസോഴ്സസ് ഓഫ് കേരള റിപ്പോർട്ട് പ്രകാരം ജില്ലയിലെ കാഞ്ഞങ്ങാട്, കാറഡുക്ക, മഞ്ചേശ്വരം എന്നിവിടങ്ങളിൽ വ്യാപകമായ ഭൂഗർഭജല ദൗർലഭ്യ പ്രശ്നമാണുള്ളത്.
അനധികൃതമായി നിർമിച്ച കിണറുകൾ മൂടുകയോ അല്ലെങ്കിൽ മോട്ടോർ നിശ്ചിതസമയം പ്രവർത്തിപ്പിക്കുകയോ ആണ് ജനങ്ങൾ മുന്നോട്ടുവെക്കുന്ന പോംവഴി. കേരളത്തിലെ എല്ലാ നദികളുടേയും തോടുകളുടേയും കുളങ്ങളുടെയും നീർച്ചാലുകളുടേയും സംരക്ഷണം പഞ്ചായത്തിൽ നിക്ഷിപ്തമായിട്ടും അധികൃതരുടെ മൂക്കിനുകീഴിൽ പരിധിയില്ലാതെയുള്ള ജലചൂഷണം തുടരുകയാണ്.
മഞ്ചേശ്വരം മണ്ഡലത്തിൽ കുടിവെള്ളം വലിയൊരു പ്രശ്നമാണ്. ഭൂഗർഭജലത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞുവരുന്നതായാണ് റിപ്പോർട്ടുകൾ. ഉപ്പള പുഴയിലെ അനധികൃത കിണർനിർമാണം ശ്രദ്ധയിൽപെട്ടിട്ടില്ല. ഉണ്ടെങ്കിൽ ഇതിന് നിയന്ത്രണമേർപ്പെടുത്തും. കർഷകരുടെ ആവശ്യവും ന്യായമാണ്. പക്ഷേ, ജലത്തിന്റെ അളവ് കുറയുന്ന സാഹചര്യമുണ്ട്. കുടിവെള്ളമേഖലക്ക് മാത്രമായി അടുത്ത വേനൽക്കാലം ഫണ്ട് നീക്കിവെക്കും.
ഉപ്പള പുഴയിൽ അനധികൃതമായി കിണർ കുഴിച്ചത് കണ്ടിട്ടില്ല. ഇക്കാര്യം പറഞ്ഞ് കേട്ടിട്ടുണ്ട്. കർഷകരെ കുറ്റംപറയാൻ പറ്റില്ല. എന്നാൽ, മോട്ടോർ മുഴുസമയം ഉപയോഗിക്കുന്നതും അനധികൃതമായി കിണർ കുഴിക്കുന്നതിനും നിയന്ത്രണമേർപ്പെടുത്തണം. വ്യാപകമായ കുടിവെള്ളപ്രശ്നമാണ് പഞ്ചായത്ത് അനുഭവിക്കുന്നത്. ഭൂഗർഭജലനിരപ്പ് താഴുന്ന അവസ്ഥയിൽ നിയന്ത്രണം ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.