നീലേശ്വരം: കാലവർഷക്കെടുതിയിൽ നിലംപതിച്ച മടിക്കൈയിലെ കർഷകരുടെ ആയിരക്കണക്കിന് നേന്ത്രവാഴക്കുലകൾ കെട്ടിക്കിടക്കുന്ന കാഴ്ച സങ്കടകരമായി. തങ്ങളുടെ നേന്ത്രക്കുലകൾ വാങ്ങി ഒന്ന് സഹായിക്കണേ എന്നാണ് ഈ കർഷകരുടെ അഭ്യർഥന.
ജില്ലയിൽ ഏറ്റവും കൂടുതൽ നേന്ത്രവാഴ കൃഷി ചെയ്തുവരുന്ന മടിക്കൈയിലെ ആയിരക്കണക്കിന് നേന്ത്രവാഴകളാണ് കാറ്റിൽ ഒടിഞ്ഞുവീണത്. 100 ഏക്കറിലധികം വയലുകളിലും നിരപ്പായ വളപ്പുകളിലും കൃഷിചെയ്ത് കുലച്ച് വിളവെടുപ്പിന് പാകമായതാണ് ഒന്നിച്ച് വെള്ളത്തിൽവീണ് മുങ്ങിയത്. ചില കുലകൾ വെള്ളത്തിൽ ചീഞ്ഞ് നശിച്ചുപോവുകയും ചെയ്തു. ഈ ദുരിതത്തിൽ കുലകൾ വാങ്ങാൻ ആവശ്യക്കാർ കുറഞ്ഞത് കർഷകർക്ക് ഇരട്ട പ്രഹരമായി.
ഒന്നാം നമ്പർ ആറ് ക്വിന്റലും രണ്ടാം നമ്പർ 25 ക്വിന്റലും മൂന്നാം നമ്പർ 30 ക്വിന്റലും വാഴക്കുലകൾ വാങ്ങാൻ ആവശ്യക്കാർ വരുന്നതും കാത്ത് മടിക്കൈ വി.എഫ്.സി.കെ ഓഫിസിൽ കെട്ടിക്കിടക്കുകയാണ്. മൂന്നാം നമ്പർ നേന്ത്രക്കായക്ക് വിപണിയിൽ ആവശ്യക്കാർ പൊതുവേ കുറവാണെന്നതാണ് സങ്കടം. ഇത്തവണ സീസൺ തുടക്കത്തിൽ 60 മുതൽ 62 രൂപവരെ നേന്ത്രക്കായക്ക് വില ലഭിച്ചിരുന്നു. ഇപ്പോൾ 30 രൂപയാണ് വില. വായ്പയെടുത്ത് കൃഷിക്കിറക്കുന്ന കർഷകർക്ക് മുടക്കു മുതൽ പോലും തിരിച്ചുകിട്ടാത്ത സ്ഥിതിയാണുള്ളത്.
ഈ സാഹചര്യത്തിൽ കർഷകരെ ചേർത്തുപിടിച്ച് ആവശ്യക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാരും. ആവശ്യമുള്ളവർക്ക് ഓർഡർ ചെയ്യാൻ മടിക്കൈ വി.എഫ്.സി.കെയിലെ നമ്പറിലേക്ക് വിളിക്കാം. ഫോൺ: 8089150773.
മടിക്കൈയിലെ നൂറുകണക്കിന് കർഷകരുടെ കണ്ണീരൊപ്പാൻ എല്ലാവരും നേന്ത്രക്കുലകൾ വാങ്ങാൻ തയാറാകണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അഭ്യർഥിച്ചു.
മടിക്കൈയിൽ കഴിഞ്ഞ വർഷത്തെ വാഴകൃഷിയിലുണ്ടായ നാശത്തിൽ കർഷകർക്ക് പഞ്ചായത്ത് ഇടപെട്ട് നഷ്ടപരിഹാരം നൽകാൻ സാധിച്ചെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, വൈസ് പ്രസിഡന്റ് വി. പ്രകാശൻ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.