കാസർകോട്: കേന്ദ്ര സർക്കാറിൽനിന്ന് സംസ്ഥാനം വിലക്കു വാങ്ങിയ പൊതുമേഖല സ്ഥാപനമായ കെൽ ഇ.എം.എൽ കമ്പനി ഫെബ്രുവരി 15ന് തുറക്കുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം. കേരളപ്പിറവിക്ക് തുറക്കുമെന്ന് പ്രഖ്യാപിച്ച കമ്പനിയാണ് പലതവണ മാറ്റി ഒടുവിൽ ഈ മാസം 15ന് പ്രവർത്തനമാരംഭിക്കുമെന്ന ഉറപ്പുനൽകിയത്. വ്യവസായ മന്ത്രി പി. രാജീവ് നേരിട്ട് ബദ്രഡുക്കയിലെ കമ്പനി പ്രദേശത്തെത്തിയാണ് പ്രഖ്യാപനം നടത്തിയത്.
എന്നാൽ, ജീവനക്കാരും കമ്പനിയുമായുള്ള ധാരണപത്രം ഒപ്പിടാൻ കഴിയാത്തതിനാൽ നിലവിലെ സാഹചര്യത്തിൽ ഒന്നും പറയാൻ കഴിയാത്ത സ്ഥിതിയാണ്. 2020 മാർച്ചിൽ അടച്ചുപൂട്ടിയ കമ്പനിയിലെ ജീവനക്കാരുടെ വേതനത്തിെൻറ കാര്യത്തിലൊന്നും കൃത്യമായ ഉത്തരമില്ലാത്തതാണ് ഒപ്പിടാൻ ജീവനക്കാർ മടിക്കുന്നത്. കമ്പനിയുടെ പേര് മാറ്റിയതിനുപിന്നാലെ മുമ്പ് ജോലി ചെയ്തതോ മറ്റോ ഒന്നും അവകാശപ്പെടാൻ അധികാരമില്ലെന്ന നിലക്കാണ് കമ്പനി തയാറാക്കിയ ധാരണപത്രം. ഭെൽ ഇ.എം.എൽ കമ്പനിയായപ്പോൾ പെൻഷൻ പ്രായം 60 ആയിരുന്നു. പുതിയ കമ്പനിയിൽ അത് 58 ആക്കി കുറച്ചു. അത് നടപ്പാക്കിയാൽ 53 ജീവനക്കാർക്ക് പുറത്തുപോകേണ്ടി വരും.
21 മാസം അടഞ്ഞുകിടന്ന കെട്ടിടത്തിെൻറയും യന്ത്രസാമഗ്രികളുടെയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. പൊതുമേഖല പുനരുദ്ധാരണ സ്ഥാപനമായ റിയാബ്, കമ്പനിക്കുവേണ്ടി പ്രത്യേക പുനരുദ്ധാരണ പാക്കേജ് തയാറാക്കി. 2021 സെപ്റ്റംബര്‍ എട്ടിനാണ് മുഖ്യമന്ത്രി പിണറായി വിജയന് കമ്പനിയുടെ ഏറ്റെടുക്കല്‍ പ്രഖ്യാപനം നടത്തിയത്. കമ്പനി പുനരുദ്ധാരണത്തിന് 13 കോടിയും 34 കോടി രൂപയുടെ ബാധ്യതയും ചേര്‍ത്ത് 77 കോടി രൂപ നീക്കിവെച്ചാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.
ആദ്യ ഗഡുവായി ലഭിച്ച 20 കോടി രൂപ കമ്പനിക്ക് കൈമാറിയിരുന്നു. ഈ തുകയില്‍ നാലുകോടി രൂപ ജീവനക്കാരുടെയും തൊഴിലാളികളുടെയും ശമ്പള കുടിശ്ശിക അനുവദിക്കുന്നതിനാണ്. ബാക്കി തുക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി, യന്ത്രസാമഗ്രികള്‍ വാങ്ങല്‍, കെ.എസ്.ഇ.ബി കുടിശ്ശിക, മറ്റ് അറ്റകുറ്റപ്പണികള്‍ തുടങ്ങിയവക്ക് നീക്കിവെച്ചു. മന്ത്രിയുടെ ദുബൈ സന്ദർശനത്തിനുശേഷം വീണ്ടും ചർച്ച നടത്താമെന്ന നിലപാടാണ് വ്യവസായ വകുപ്പ് സ്വീകരിച്ചത്. എന്നാൽ, മന്ത്രി നാട്ടിലെത്തിയിട്ടും ചർച്ചക്ക് വിളിക്കുന്നില്ലെന്ന് ജീവനക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.