കാസർകോട്: ജനറൽ ആശുപത്രിയിൽ ഒഴിവുകൾ നികത്താത്തത് മൂലം ജോലിഭാരം താങ്ങാനാവാതെ ഡോക്ടർമാർ രാജിവെച്ചൊഴിയുന്നു. ജനറൽ ഒ.പി വിഭാഗത്തിലെ ഡോക്ടറാണ് രാജിക്കത്ത് നൽകിയത്. ഒ.പിയിൽ ഡോക്ടറുടെ ക്ഷാമം കാരണം ഉച്ചക്കു ശേഷമുള്ള ഒ.പി. നിർത്തിയിട്ട് ഒരു മാസമായി. ഡോക്ടറുടെ സേവനം ലഭ്യമാകാതെ രോഗികൾ തിരികെ പോകുന്നതും പതിവായി. സ്പഷാലിറ്റി വിഭാഗത്തിലെ ഡോക്ടർമാരുടെ കുറവ് ഏറിവരുകയാണ്.
പത്തിലധികം ഒഴിവുകൾ ഇപ്പോൾ തന്നെയുണ്ട്. സീനിയർ കൺസൾട്ടന്റ് മെഡിസിൻ, സീനിയർ കൺസൾട്ടന്റ് ശിശുരോഗം, ജൂനിയർ കൺസൾട്ടന്റ് ശിശുരോഗം, സീനിയർ കൺസൾട്ടന്റ് ഇ.എൻ.ടി, ജൂനിയർ കൺസൾട്ടന്റ് ഓഫ്താൽമോളജി, അനസ്തേഷ്യ വിഭാഗത്തിൽ രണ്ട് ഒഴിവുകൾ, പ്രസവ ചികിത്സ വിഭാഗത്തിൽ ഒരു ഒഴിവ്, അസി. സർജൻ രണ്ട് ഒഴിവ് എന്നിങ്ങനെ ജനറൽ ആശുപത്രിയിൽ ഡോക്ടർമാരുടെ ഒഴിഞ്ഞ കസേരകൾ നിറയുകയാണ്.
അത്യാഹിത വിഭാഗത്തിൽ എട്ട് പേരാണ് വേണ്ടത്. ഇപ്പോൾ ആകെ മൂന്നുപേർ മാത്രമാണുള്ളത്. ഓർത്തോ വിഭാഗത്തിൽ ഒ.പി. വിഭാഗം ആഴ്ചയിൽ മൂന്നു ദിവസമാക്കിയത് ഡോക്ടർമാരില്ലാത്തതിനെ തുടർന്നാണ്. ഈ വകുപ്പിലും ഒരു തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. മാനസിക രോഗ വിഭാഗത്തിലും കൺസൾട്ടന്റ് മാനസിക രോഗ വിദഗ്ധന്റെ ഒരു ഒഴിവുണ്ട്. ഇ.എൻ.ടി.ഡോക്ടർ അവധിയെടുത്താൽ വേറെ ഡോക്ടറില്ല. നിയമിക്കാവുന്നവരുടെ പട്ടികയുണ്ട് എങ്കിലും നിയമിക്കാൻ സർക്കാർ തയാറാകുന്നില്ല. സാമ്പത്തിക പ്രതിസന്ധി തന്നെ കാരണം.
ഇ.എൻ.ടിയിൽ ഒരു വർഷത്തിലേറെയായി ഒഴിവ്. മറ്റ് ഒഴിവുകൾക്ക് എല്ലാം ആറ് മാസത്തിലധികം കാലാവധി വന്നു കഴിഞ്ഞു. ഉയർന്ന തസ്തികയിൽ നിയമനം കൊടുക്കാനാളുണ്ട്, എന്നാൽ പ്രമോഷൻ തടഞ്ഞുവെച്ചിരിക്കുകയാണ്. അസി. സർജൻ സ്ഥാനത്തേക്ക് ക്ഷണിച്ചാൽ പി.ജി ചെയ്യുന്നവർ വരും. അവർ ജോലിയിൽ പ്രവേശിച്ച് അവധിയെടുത്ത് പി.ജി. ചെയ്യാൻ പോകും. കരാർ അടിസ്ഥാനത്തിൽ ആളുകളെ നിയമിക്കാൻ അധികാരമുണ്ട്.
എന്നാൽ തിരുവിതാംകൂർ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ വേണം. കർണാടകത്തിൽ മെഡിസിൻ പഠിച്ച വിദ്യാർഥികൾക്ക് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകാരമാണുള്ളത്. അവർ കേരളത്തിൽ രജിസ്റ്റർ ചെയ്യാൻ താൽപ്പര്യപെടുന്നില്ല. തെക്കൻ കേരളത്തിൽ ഒഴിവുവരുമ്പോൾ കാസർകോടുള്ളവരെ കൊണ്ടുപോകുന്നു. എന്നാൽ കാസർകോട് ഒഴിവ് നികത്താൻ ആകുന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.