കാസർകോട്: ബി.ജെ.പി കാസർകോട് ജില്ല കമ്മിറ്റിയുടെ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത് പാർട്ടിയുടെ സർവേ തള്ളിക്കൊണ്ട്. ജില്ലയിലെ പത്ത് മണ്ഡലങ്ങളിൽ ബി.ജെ.പിയുടെ കേന്ദ്ര-സംസ്ഥാന നിരീക്ഷകർ നടത്തിയ സർവേയിൽ കെ. സുരേന്ദ്രൻ പക്ഷത്തെ സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്തിനായിരുന്നു മേൽക്കൈ. ഇത് അംഗീകരിച്ചാൽ കാസർകോട് ബി.ജെ.പിയിൽ കലാപം ഉറപ്പാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മഹിളമോർച്ച നേതാവ് എം.എൽ. അശ്വിനിയെ പ്രസിഡന്റാക്കുകയായിരുന്നു.
ശ്രീകാന്തിനെ പ്രസിഡന്റാക്കിയാൽ പ്രക്ഷോഭത്തിന് ഒരുവിഭാഗം ഒരുങ്ങിനിന്നിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലുണ്ടായ വിഭാഗീയതയെ തുടർന്ന് ബി.ജെ.പി ജില്ല ആസ്ഥാനം പൂട്ടിട്ട് പൂട്ടിയ സംഘം തന്നെയാണ് ശ്രീകാന്തിന്റെ വരവിനെതിരെ പടയൊരുക്കിയതെന്ന് പറയുന്നു. കെ. ശ്രീകാന്ത് ഉൾപ്പെടുന്ന സുരേന്ദ്രൻ പക്ഷവും പ്രസിഡന്റ് പദവിയൊഴിഞ്ഞ രവീശ തന്ത്രി കുണ്ടാർ, സംസ്ഥാന കമ്മിറ്റിയംഗം പി. രമേശ് എന്നിവരുടെ വിമത പക്ഷവും ചേരിതിരിഞ്ഞ് പോരടിക്കുന്ന സ്ഥിതിയിൽ ബി.ജെ.പി ദേശീയ സെക്രട്ടറി ബി.എൽ. സന്തോഷിന്റെ ഇടപെടലാണ് കാസർകോട് പാർട്ടിയിലെ കലാപം ഒതുക്കിയത്.
മഹിള മോർച്ച ദേശീയ നിർവാഹക സമിതിയംഗം എം.എൽ. അശ്വിനിയെ പ്രസിഡന്റായി നിയോഗിച്ചുവെങ്കിലും ബി.ജെ.പിയിൽ അമർന്നുകത്തുന്ന വിഭാഗീയതയാണ് അവർക്കുമുന്നിലുള്ള പ്രധാന കടമ്പ.
ജില്ലയിലെ 10 മണ്ഡലങ്ങളിൽ നടത്തിയ സർവേയിൽ രവീശ തന്ത്രി കുണ്ടാർ, അഡ്വ. കെ. ശ്രീകാന്ത്, വിജയകുമാർ റൈ, എം.എൽ. അശ്വിനി എന്നിവരുടെ പേരുകളാണ് മണ്ഡലം ഭാരവാഹികളിൽ നിന്നും ലഭിച്ചത്. ഇതിൽ 70 ശതമാനം പേരും നിർദേശിച്ചത് ശ്രീകാന്തിനെയായിരുന്നു. വിജയകുമാർ റൈയാണ് തൊട്ടുപിന്നിൽ വന്നത്. പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ താൽപര്യമില്ലാതിരുന്നയാളാണ് തന്ത്രി. സംഘടനയെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ അശ്വിനിക്ക് കഴിയില്ലെന്ന അഭിപ്രായം സർവേയിൽ ശക്തമായി പ്രകടമായിരുന്നു.
എന്നാൽ, വിഭാഗീയതയെ തുടർന്ന് അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിവാക്കി കണ്ണൂർ ജില്ലയുടെ ചുമതല നൽകിയ ശ്രീകാന്തിനെ വീണ്ടും ജില്ലയിലേക്ക് കൊണ്ടുവരാൻ കഴിയാത്ത അന്തരീക്ഷം ഉടലെടുത്തു. തുടർന്നാണ് വനിത സംവരണമെന്ന പേരിൽ എം.എൽ. അശ്വിനിയെ പ്രസിഡന്റാക്കിയത്. പാർട്ടിയിലെ വിഭാഗീയത കാരണം വർഷങ്ങളായി വിട്ടുനിന്നവർ അശ്വിനിയുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തു. പ്രത്യേകിച്ച് കെ. സുരേന്ദ്രൻ വിരുദ്ധ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.