ബംഗളൂരു: കാസർകോടുനിന്നും മംഗളൂരുവിലേക്കും തിരിച്ചുമുള്ള യാത്ര സംബന്ധിച്ച പ്രശ്നം കർണാടകവും കേരളവും ചേർന്ന് അടിയന്തരമായി പരിഹരിക്കണമെന്ന് മംഗളൂരു എം.എൽ.എ യു.ടി. ഖാദർ ആവശ്യപ്പെട്ടു. ഉപജീവനത്തിനായി ദിവസേന നിരവധി പേർക്ക് കാസർകോടുനിന്നും മംഗളൂരുവിലേക്ക് പോകേണ്ടതുണ്ട്. ഇപ്പോഴും നിയന്ത്രണം തുടരുന്നത് ഇവരെ ബുദ്ധിമുട്ടിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ജാഗ്രത പോർട്ടലിലൂടെ ഇത്തരക്കാർക്കായി 28 ദിവസത്തേക്കായി പാസ് നൽകുന്ന സംവിധാനം കാസർകോട് ജില്ല കലക്ടർ ആരംഭിച്ചിട്ടുണ്ട്. ഇതേ മാതൃകയിൽ ദക്ഷിണ കന്നട ജില്ല ഭരണകൂടവും പാസ് നൽകണമെന്നും യാത്രപ്രശ്നം പരിഹരിക്കണമെന്നും യു.ടി. ഖാദർ ആവശ്യപ്പെട്ടു. മംഗളൂരുവിലെ ജോലി സ്ഥലത്തേക്കും തിരിച്ചും നിരവധി പേർക്ക് ദിവസേന യാത്ര ചെയ്യേണ്ടതുണ്ട്.
നേരത്തേ കോവിഡ് വ്യാപനത്തിെൻറ പേരിലാണ് അതിർത്തി അടച്ചതെങ്കിൽ ഇപ്പോൾ അതിന് പ്രസക്തിയില്ലാതായെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽനിന്നും വിദേശത്തുനിന്നും വരുന്നവർക്കാണ് ദക്ഷിണ കന്നടയിൽ കൂടുതലായി രോഗം സ്ഥിരീകരിക്കുന്നത്.
അതിനാൽതന്നെ, കാസർകോട് അതിർത്തിയിലെ നിയന്ത്രണം എടുത്തുകളയണമെന്നും ഇതിനായി ഇരു ജില്ല ഭരണകൂടവും ചർച്ച നടത്തി പ്രശ്നപരിഹാരം കെണ്ടത്തണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇരു ജില്ലകളിലുമായി യാത്ര ചെയ്യുന്നവർക്കായി ജൂൺ 30വരെ പ്രത്യേക പാസ് നൽകുന്നത് സംബന്ധിച്ച മാർഗനിർദേശം പുറത്തിറക്കുമെന്നാണ് ദക്ഷിണ കന്നട ഡെപ്യൂട്ടി കമീഷണർ അറിയിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.