പത്തനംതിട്ട: സുപ്രസിദ്ധ കാഥിക മലയാലപ്പുഴ സൗദാമിനിയമ്മ (എം.കെ. സൗദാമിനിയമ്മ -100) അന്തരിച്ചു. മലയാലപ്പുഴ കാഞ്ഞിരപ്പാറയിലെ വസതിയിലായിരുന്നു അന്ത്യം. 1950കൾ മുതൽ ഹരികഥ, കഥാപ്രസംഗവേദികളിൽ നിറഞ്ഞുനിന്നയാളാണ് പാട്ടമ്മ എന്ന പേരിൽ അറിയപ്പെടുന്ന സൗദാമിനിയമ്മ.
പുരാണങ്ങളും ഇതിഹാസങ്ങളും നോവലുകളും കഥാപ്രസംഗമാക്കി നൂറുകണക്കിന് വേദികളിൽ അവതരിപ്പിച്ചു. 1921ൽ മലയാലപ്പുഴ മുണ്ടോത്തറയിൽ കേശവെൻറയും കുഞ്ഞിക്കാവമ്മയുടെയും മകളായാണ് ജനനം. ചെറുപ്പത്തിൽ തന്നെ അടൂർ കേശവപിള്ളയുടെ കീഴിൽ സംഗീതവും തിരുവല്ല കെ.ജി. കേശവപ്പണിക്കരുടെ കീഴിൽ ഹാർമോണിയവും അഭ്യസിച്ചു. സംഗീതക്കച്ചേരികളിലുടെ ശ്രദ്ധേയായി. എം.പി. മന്മഥെൻറ സംഘത്തിൽ ഹാർമോണിയം വായിക്കാൻ ചേർന്നു. തുടർന്ന് കെ.കെ. വാധ്യാരുടെ സംഘത്തിലെത്തി.
മഹാകവി കുമാരനാശാെൻറ കരുണയും ദുരവസ്ഥയും ലീലയും ചങ്ങമ്പുഴയുടെ രമണനും ആയിരത്തിലധികം വേദികളിൽ അവതരിപ്പിച്ചു. രാജ്യത്തിെൻറ വിവിധഭാഗങ്ങൾക്ക് പുറമെ സിംഗപ്പൂർ, മലേഷ്യ, ശ്രീലങ്ക തുടങ്ങിയയിടങ്ങളിലും പരിപാടികൾ അവതരിപ്പിച്ചു. മികച്ച സംഗീതജ്ഞകൂടിയായ അവർക്ക് നിരവധി ശിഷ്യസമ്പത്തുണ്ട്.
കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കാഥികരുടെ സംഘടനയുടെയും പുരോഗമന കലാസാഹിത്യസംഘത്തിെൻറയും പ്രവർത്തക ആയിരുന്നു. കഴിഞ്ഞ വർഷം കലാസാഹിത്യസംഘം ആദരിച്ചിരുന്നു. ഭർത്താവ് പരേതനായ കെ.കെ. വാധ്യാർ. ഇദ്ദേഹവും പ്രസിദ്ധനായ കാഥികനായിരുന്നു. മകൻ: പി.എസ് ഹരികുമാർ (കെ.എസ്.ആർ.ടി.സി, പത്തനംതിട്ട). മരുമകൾ: അജിത. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.