കത്വ ഫണ്ട് തിരിമറി: പരാതി ലഭിച്ചാലുടൻ ലീഗ് നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കെ.ടി ജലീൽ

കത്വ ഫണ്ട് തിരിമറി: പരാതി ലഭിച്ചാലുടൻ ലീഗ് നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കെ.ടി ജലീൽ

മലപ്പുറം: കത്വയിൽ കൂട്ട ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിക്ക് വേണ്ടി യൂത്ത് ലീഗ് സമാഹരിച്ച ഫണ്ടിലെ തിരിമറി ആരോപണത്തിൽ പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.ടി ജലീൽ.

ആർഭാട ജീവിതം നയിക്കുന്ന ലീഗ് നേതാക്കളുടെ വരുമാനവും വിദേശ യാത്രകളും പരിശോധിക്കണം. പിരിവ് നടത്തിയാൽ കണക്ക് ബോധിപ്പിക്കേണ്ട എന്ന ധിക്കാരം അനുവദിക്കാൻ പാടില്ലന്നും ജലീൽ പറഞ്ഞു. പിരിച്ചതിന്‍റെ കണക്കുകൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ ലീഗ് തയ്യാറാകാണമെന്നും ജലീൽ ആവശ്യപ്പെട്ടു.

പിരിച്ച പണം വകമാറ്റലും സ്വന്തം ആവശ്യത്തിന് ഉപയോഗിക്കലും ലീഗിൽ സമീപകാലത്ത് തുടങ്ങിയ പ്രതിഭാസങ്ങളാണ് എന്ന് പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്ന പഴമൊഴി ഉദ്ധരിച്ചുകൊണ്ട് കെ.ടി ജലീൽ ഫേസ്ബുക്കിലും ലീഗ് നേതാക്കളെ കുറ്റപ്പെടുത്തി. തന്നെ രാജിവെപ്പിക്കാൻ നടത്തിയ കാസർഗോഡ്- തിരുവനന്തപുരം "കാൽനട വാഹന വിനോദ യാത്ര" ക്കുള്ള ചിലവ് കണ്ടെത്തിയത് പാവം ആസിഫയെന്ന പിഞ്ചോമനയുടെ കണ്ണീർ കണങ്ങളിൽ ചവിട്ടിയാണെന്നത് എത്രമാത്രം ക്രൂരമാണ് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കത്വ, ഉന്നാവ് പെൺകുട്ടികൾക്കായി യൂത്ത് ലീഗ് നടത്തിയ ധനസമാഹരണത്തിൽ അട്ടിമറി നടന്നതായാണ് യൂത്ത് ലീഗ് ദേശീയ സമിതി അംഗം യൂസഫ് പടനിലം ആരോപിച്ചത്. ഒരു കോടിയോളം രൂപ ഇരകൾക്ക് കൈമാറാതെ സംസ്ഥാന നേതാക്കൾ വിനിയോഗിച്ചതായാണ് ആരോപണം. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, സി.കെ സുബൈർ എന്നിവർക്കെതിരെയാണ് യൂസഫ് പടനിലത്തിൻറെ ആരോപണം.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണൂപം:

പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്ന പഴമൊഴി ഒരിക്കൽകൂടി നമ്മുടെ കൺമുന്നിൽ പുലരുകയാണ്.

പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലെ ഇളമുറക്കാരനായ സയ്യിദ് മുഈനലി ശിഹാബ് തങ്ങളുടെ സാക്ഷ്യം മാത്രംമതി ഒരു ജൻമം വൃഥാവിലാവാൻ. കത്വവയിലെ ആസിഫയുടെ ആർത്തനാദം പോലും സംഗീതമാക്കി മദിച്ചവരുടെ തൊലിക്കട്ടിയോർത്ത് ലജ്ജിക്കുകയല്ലാതെ മറ്റെന്തുചെയ്യാൻ? മണിമാളികയും വിലപിടിച്ച കാറുമൊക്കെ ആർക്കുമാവാം. സ്വയം അദ്ധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാവണം എന്നേയുള്ളൂ.

പിരിച്ച പണം വകമാറ്റലും സ്വന്തം ആവശ്യത്തിന് ഉപയോഗിക്കലും ലീഗിൽ സമീപകാലത്ത് തുടങ്ങിയ പ്രതിഭാസങ്ങളാണ്. മുസ്ലിംലീഗിലെ സംശുദ്ധർ ഇന്നും ആവേശത്തോടെ അനുസ്മരിക്കുന്ന ഒരു സംഭവമാണ് മനസ്സിൻ്റെ അഭ്രപാളികളിൽ തെളിയുന്നത്.

ഒരിക്കൽ മുസ്ലിംലീഗിൻ്റെ വാർഷിക കൗൺസിൽ ചേരാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ മുൻ സ്പീക്കറും മഹാസാത്വികനുമായിരുന്ന കെ.എം സീതി സാഹിബ് അസ്വസ്ഥനായി കാണപ്പെട്ടുവത്രെ. കാരണം തിരക്കിയവരെ ശ്രദ്ധിക്കാതെ അദ്ദേഹം ആലോചനാ നിമഗ്നനായി അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്. വിവരം ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിൻ്റെ ചെവിയിലുമെത്തി. അദ്ദേഹം സീതി സാഹിബിനെ കാണാൻ ചെന്നു. കേട്ടത് സത്യമെന്ന് ബോദ്ധ്യമായ ഇസ്മായിൽ സാഹിബ് വിഷമത്തിൻ്റെ കാരണം തിരക്കി. ഇതുകേട്ട സീതിസാഹിബ് നിറഞ്ഞ കണ്ണുകളോടെ ഖാഇദെമില്ലത്തിൻ്റെ നേർക്കുതിരിഞ്ഞ് പറഞ്ഞു: "വാർഷിക കൗൺസിലിൽ വരവുചെലവുകൾ അവതരിപ്പിക്കാൻ കണക്കുകൾ ശരിയാക്കവെയാണ് ഒരു രൂപയുടെ വ്യത്യാസം എൻ്റെ ശ്രദ്ധയിൽ പെട്ടത്. ഏതിനത്തിലാണ് ആ ഒരു രൂപ ചെലവാക്കിയതെന്ന് എത്ര ആലോചിച്ചിട്ടും ഓർമ്മ കിട്ടുന്നില്ല. കൗൺസിലിനു മുന്നിൽ ഞനെന്തു സമാധാനം പറയും? അതോർത്ത് എൻ്റെ മനസ്സ് നീറുകയാണ്". ഇതുകേട്ട ഇസ്മായിൽ സാഹിബ് സത്യസന്ധതയുടെ സ്വരൂപമായ തൻ്റെ സഹപ്രവർത്തകനെ കെട്ടിപ്പിടിച്ച് തേങ്ങിയത് ലീഗിൻ്റെ പുത്തൻ കോർപ്പറേറ്റ് നേതത്വത്തിനും യൂത്ത്ലീഗിൻ്റെ മനശുദ്ധിയില്ലാത്ത യുവ സിങ്കങ്ങൾക്കും കെട്ടുകഥകളായി തോന്നാം. പക്ഷെ, അതാണ് ലീഗിൻ്റെ യഥാർത്ഥ ചരിത്രം.

സുനാമിയും ഗുജറാത്തും കത്വവയും രോഹിത് വെമുലയുമെല്ലാം ലീഗിലെ ചില പിഴിയന്മാർക്ക് പണപ്പിരിവിനുള്ള വെറും ഉൽസവങ്ങൾ മാത്രമാണ്. ഇല്ലാത്ത ഇഞ്ചി കൃഷിയുടെയും പറമ്പ് കച്ചവടത്തിൻ്റെയും ഭാര്യവീട്ടുകാരുടെ ഊതിപ്പെരുപ്പിച്ച സാമ്പത്തിക ഭദ്രതയുടെ ഇല്ലാകഥകളുടെ മറവിലും സുഖലോലുപരും ആഢംബര പ്രിയരുമാകാൻ ഒരു നേതാവിനെയും ആത്മാർത്ഥതയുള്ള ലീഗു പ്രവർത്തകർ അനുവദിക്കരുത്. വേലയും കൂലിയുമില്ലാത്ത മൂത്തൻമാരും യൂത്തൻമാരും കൂറ്റൻ ബംഗ്ലാവുകൾ പണിയുമ്പോഴും വിലയേറിയ കാറുകളിൽ മലർന്നുകിടന്ന് ചീറിപ്പാഞ്ഞ് പോകുമ്പോഴും വൻ ബിസിനസ്സുകളുടെ അമരത്തിരുന്ന് ലക്ഷങ്ങൾ "ഗുഡ് വിൽ" പറ്റി വിലസുമ്പോഴും ഇവയെല്ലാം സ്വന്തമാക്കാനുള്ള "വക" എവിടെ നിന്നാണ് അത്തരക്കാർക്കൊക്കെ കിട്ടിയതെന്ന് ഇനിയെങ്കിലും സാധാരണ ലീഗുകാർ ചോദിക്കാൻ തുടങ്ങണം. അതിഥികൾ വന്നാൽ ഒന്നിരിക്കാൻ നൽകാൻ പോലും കസേരയില്ലാത്ത മദിരാശിയിലെ സൂഫിവര്യനായ തുർക്കിത്തൊപ്പി ധരിച്ച നരച്ച താടിയുള്ള കോട്ടിട്ട നേതാവിൻ്റെ ജീവിതം ഇനി മേലിൽ അത്തരം കപടൻമാരോട് പറയരുതെന്ന് കൽപിക്കാൻ ആത്മാർത്ഥതയുള്ള ലീഗുകാർക്ക് കഴിയണം.

എന്നെ രാജിവെപ്പിക്കാൻ നടത്തിയ കാസർഗോഡ്- തിരുവനന്തപുരം "കാൽനട വാഹന വിനോദ യാത്ര" ക്കുള്ള ചിലവു പോലും കണ്ടെത്തിയത് പാവം ആസിഫയെന്ന പിഞ്ചോമനയുടെ കണ്ണീർ കണങ്ങളിൽ ചവിട്ടിയാണെന്നത് എത്രമാത്രം ക്രൂരമാണ്! പിരിക്കലും മുക്കലും മുഖമുദ്രയാക്കുന്നതല്ല, അത്തരം ഗുരുതരമായ അരുതായ്മകൾ ചൂണ്ടിക്കാണിക്കുന്നതാണ് പുതിയ കാലത്തെ ലീഗിൽ തെറ്റെന്ന് യൂത്ത്ലീഗ് ദേശീയ ഉപാദ്ധ്യക്ഷൻ പാണക്കാട് മുഈനലി തങ്ങൾ പറഞ്ഞത് തീർത്തും ശരിയാണ്. അതിൻ്റെ ഒരിരയായിരുന്നല്ലോ ഈയുള്ളനും.

യൂത്ത്ലീഗിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയുടെ കസേരയിലിരുന്ന കാലത്തും അതിനുശേഷം ഈ നിമിഷം വരെയും മഹാമനീഷികളായ ഇസ്മായിൽ സാഹിബും സീതി സാഹിബും പരസ്പരം പങ്കുവെച്ച "ഒരു രൂപയുടെ" ആ തേങ്ങൽ കരിക്കട്ടയാകാതെ സൂക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് ലോകത്തിലെ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളിലും കൈതൊട്ട് നിസ്സംശയം എനിക്ക് പറയാനാകും. ഇരുപത് കൊല്ലത്തെ എൻ്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച ഇ.ഡി, പത്തു പൈസയുടെ പിശക് കണ്ടെത്താനാകാതെ അന്തംവിട്ട് നിന്നത്, ആ കനൽ ഇന്നും അകക്കാമ്പിൽ എവിടെയൊക്കെയോ എരിയുന്നത് കൊണ്ടാണ്. എല്ലാ അപവാദ പ്രചാരകർക്കും കാലം കരുതിവെച്ച കാവ്യനീതി പുലരുന്നത് കാണാൻ ഇമ്മിണി വലിയ ചേലുണ്ട്! വെളിച്ചത്തിന് എന്തൊരു വെളിച്ചം!!! അല്ലേ!


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.