പത്തനാപുരം: നിയമസഭക്കകത്തും പുറത്തും മിണ്ടാതിരുന്നിട്ട് ലഭിക്കുന്ന സ്ഥാനമാനങ്ങൾ തനിക്ക് ആവശ്യമില്ലെന്ന് ഗണേഷ് കുമാർ എം.എൽ.എ. എന്നെ നിയമസഭയിലേക്ക് പറഞ്ഞയച്ച ജനങ്ങളുടെ കാര്യം അവിടെ പറയേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്ന് ഗണേഷ് കുമാർ പറഞ്ഞു.
മിണ്ടാതിരുന്നാൽ മന്ത്രിയാകാൻ സാധ്യതയുണ്ട്. എങ്കിലും അങ്ങനെ കിട്ടുന്ന സ്ഥാനം വേണ്ട. ബൈക്കിൽ കുട്ടികളെ കൊണ്ടുപോകുന്നതിന് പിഴ ഈടാക്കുന്നതിനെതിരെ ശബ്ദിച്ചപ്പോൾ മുഖ്യമന്ത്രിക്ക് ദേഷ്യം വരില്ലേയെന്ന് ചിലർ ചോദിച്ചു. സത്യം പറയുമ്പോൾ എന്തിന് ദേഷ്യപ്പെടണം. പത്തനാപുരത്ത് പാർട്ടി പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ഗണേഷ് കുമാർ ഇങ്ങനെ പ്രതികരിച്ചത്.
അനീതിക്കെതിരെ പ്രതികരിക്കുന്നവരാകണം രാഷ്ട്രീയ പ്രവർത്തകർ. അത് സർക്കാരിനെതിരായ നീക്കമല്ല. അതിന്റെ അർഥം ജനങ്ങൾക്കു വേണ്ടി സംസാരിക്കുക എന്നതാണ്. അത് കേരള കോൺഗ്രസിന്റെ മുഖമുദ്രയായിരിക്കണം. കണ്ടിടത്തു ചെന്ന് വഴക്കുണ്ടാക്കുന്നതിനു പകരം, കേരള കോൺഗ്രസ് പ്രവർത്തകർ അനീതിക്കെതിരെയും അന്യായത്തിനെതിരെയും പ്രതികരിക്കുന്നവരാകണമെന്നും ഗണേഷ് കുമാർ പറഞ്ഞു.
നിയമസഭയിലാകുമ്പോൾ ഒരു വിഷയം അവതരിപ്പിക്കുമ്പോൾ, കാര്യങ്ങൾ മുഖ്യമന്ത്രി കേൾക്കും, മറ്റു മന്ത്രിമാർ കേൾക്കും, എം.എൽ.എമാരും കേൾക്കും. അവരെല്ലാവരും ആ വിഷയത്തിൽ താൽപര്യം കാണിക്കും. ജനങ്ങളുടെ കാര്യങ്ങൾ അവിടെയാണ് പറയേണ്ടത്. അതുകൊണ്ടാണ് അവിടെ പറയുന്നത്. കേരളത്തിൽ സ്കൂട്ടറിൽ കുട്ടികളെ ഇരുത്തിക്കൊണ്ടു പോയാൽ ഫൈൻ അടിക്കുമെന്ന് പറഞ്ഞപ്പോൾ അതിനെ എതിർത്ത ഒരേയൊരു രാഷ്ട്രീയക്കാരൻ ഞാൻ മാത്രമേയുള്ളൂവെന്നും ഗണേഷ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.