കൊല്ലം: കൊട്ടാരക്കരയിൽ അപകടത്തിൽപെട്ട ബസിന് മറ്റു തകരാറുകളില്ലെന്നും ബസിന്റെ ടയറിലേക്ക് കാർ ഇടിച്ച് കയറിയതാണ് ടയർ ഇളകാൻ കാരണമെന്നും ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. കൊട്ടാരക്കര കോട്ടപ്പുറത്ത് ഇന്ന് രാവിലെ ഏഴിനായിരുന്നു അപകടം.
കൊട്ടാരക്കരയിൽ നിന്ന് പുനലൂരിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി വേണാട് ബസിൽ അമിതവേഗതയിൽ എത്തിയ കാർ ഇടിച്ചതോടെ പിന്നിലെ നാല് ടയറുകളും ഊരിത്തെറിച്ച് പോവുകയായിരുന്നു. ഇടിയുടെ ശക്തി മുഴുവൻ ടയറിനാണ് കൊണ്ടതെന്നും മന്ത്രി പറഞ്ഞു. ടയറുകൾ ഊരിപ്പോയതോടെ പിറകുവശം റോഡിൽ ഇരുന്നാണ് ബസ് നിന്നത്. ബസിൽ യാത്രക്കാർ കുറവായിരുന്നു.
വളവിൽ അമിത വേഗതയിലാണ് കാർ വന്നതെന്നും കാറിന്റെ വേഗത കണ്ട് ഡ്രൈവർ ബസിന്റെ മുൻഭാഗം അൽപം വെട്ടിച്ചിരുന്നുവെന്നും കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർ വിനോദ് പറഞ്ഞു. കാറിന്റെ ഡ്രൈവർ ബ്രേക്കിന് പകരം ആക്സിലേറ്ററിൽ ചവിട്ടിയതാവാം അപകടകാരണമെണന്നും അദ്ദേഹം പറഞ്ഞു. ബസിലുണ്ടായിരുന്ന മൂന്നു യാത്രക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാറോടിച്ചിരുന്ന ഇളമ്പൽ സ്വദേശി ആബേൽ (21) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
അപകടത്തിൽബസിനുണ്ടായ നഷ്ട പരിഹാരം കാർ ഉടമ നൽകണമെന്നും ഇല്ലെങ്കിൽ കേസ് നൽകുമെന്നും കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.