കൽപറ്റ: രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനച്ചടങ്ങിൽ സി.പി.എം പങ്കെടുക്കാത്തതിനെതിരെ എ.ഐ.സി.സി സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ക്ഷണിച്ചിട്ടും സി.പി.എം മാത്രമാണ് പങ്കെടുക്കാതിരുന്നത്. അവര്‍ക്ക് ഇന്ത്യ മുന്നണിയെന്നത് തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള ആയുധം മാത്രമാണ്, അല്ലാതെ ആത്മാര്‍ഥത ഒട്ടുമില്ല -വേണുഗോപാൽ പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ എത്രകണ്ട് വയനാട്ടുകാര്‍ ഹൃദയത്തിലേറ്റിയെന്നത് ഓരോ തവണ ഇവിടെ വരുമ്പോഴും എനിക്ക് ബോധ്യപ്പെടുന്ന കാഴ്ചയാണ്. അഭൂതപൂര്‍വമായ ജനപങ്കാളിത്തമായിരുന്നു കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലങ്ങളിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ കണ്ടത്.
രാഹുല്‍ ഗാന്ധി ആദ്യമായിട്ടല്ല വയനാട്ടില്‍ മത്സരിക്കുന്നത്. രാജ്യത്തെ പല മണ്ഡലങ്ങളിലും മത്സരിക്കണമെന്ന് ആവശ്യങ്ങളും അഭിപ്രായങ്ങളും ഉണ്ടായിരുന്നെങ്കിലും വയനാടുമായുള്ള അഞ്ചുവര്‍ഷത്തെ അടുപ്പവും അനുഭവവും കൊണ്ടാണ് വീണ്ടും ഇവിടെത്തന്നെ മത്സരിക്കാന്‍ അദ്ദേഹം എത്തിയത്. പ്രസംഗത്തിന്റെ പേരില്‍ എം.പി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയിട്ടും മണിക്കൂറുകളോളം ഇ.ഡി ചോദ്യം ചെയ്തിട്ടും ഭയക്കില്ലെന്നുറക്കെ പ്രഖ്യാപിച്ച് പോരാട്ടം നടത്തുന്നയാളാണ് രാഹുല്‍ ഗാന്ധി.
ഒരു നോട്ടീസ് കിട്ടിയാല്‍ പേടിച്ച് മാളത്തിലൊളിച്ച് ഒത്തുതീര്‍പ്പാക്കുന്നവരാണ് ഇപ്പോള്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നത്. അദ്ദേഹത്തെ ഇപ്പോള്‍ കുറ്റപ്പെടുത്തുന്നവര്‍ ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. കലാപഭൂമിയായ മണിപ്പൂരില്‍ പോകാന്‍ മോദി തയ്യാറായില്ല എന്നത് പോലെ തന്നെ, വളരെ അടുത്തായിട്ടു കൂടി സിദ്ധാര്‍ഥന്റെ വീട്ടിലെത്തി കുടുംബത്തെ
ആശ്വസിപ്പിക്കാന്‍ മുഖ്യമന്ത്രിയും തയ്യാറായിരുന്നില്ല. എന്നാല്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കമ്പോളത്തില്‍ സ്‌നേഹത്തിന്റെ കട തുറക്കുകയെന്ന ദൗത്യവുമായാണ് രാഹുല്‍ ഗാന്ധി രാജ്യത്തുടനീളം സഞ്ചരിച്ചത്.
കലാപഭൂമിയായിരുന്ന മണിപ്പൂരില്‍ ആദ്യമായി പോകാന്‍ ധൈര്യം കാണിച്ച നേതാവായിരുന്നു രാഹുല്‍ ഗാന്ധി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ 21 ക്രിമിനല്‍ കേസുകളാണ് രാഹുല്‍ ഗാന്ധിക്കെതിരെ എടുത്തിട്ടുള്ളത്. അതിനെയെല്ലാം അവഗണിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി രാജ്യത്തുടനീളം നടക്കാന്‍ തീരുമാനിച്ചത്. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനച്ചടങ്ങിലേക്കാവട്ടെ, എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ക്ഷണിച്ചിരുന്നു. പ്രഗത്ഭരായ നേതാക്കളെല്ലാം എത്തിയെങ്കിലും സി.പി.എം പങ്കെടുത്തില്ല. അവര്‍ക്ക് ഇന്ത്യ മുന്നണിയെന്നത് തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള ആയുധം മാത്രമാണ്, അല്ലാതെ ആത്മാര്‍ഥത ഒട്ടുമില്ല. ഇതെല്ലാം മനസ്സിലാക്കുന്ന ജനം അതനുസരിച്ച് തന്നെ ഇക്കുറി വോട്ട് രേഖപ്പെടുത്തുമെന്ന കാര്യം ഉറപ്പാണ്. അതിന്റെ സൂചനകളാണ് ഇക്കാണുന്നതൊക്കെയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.