സംഘടിത ആക്രമണം എന്തുകൊണ്ടെന്ന് സിനിമ കണ്ടപ്പോൾ മനസിലായി; എമ്പുരാൻ ജനങ്ങൾ കാണുന്നതിനെ സംഘപരിവാർ ഭയപ്പെടുന്നു -കെ.സി. വേണുഗോപാൽ

എമ്പുരാനെതിരെ എന്തിനാണ് ഈ സംഘടിത ആക്രമണം നടത്തുന്നതെന്നതിന് ഉത്തരം ഈ സിനിമ കണ്ടപ്പോൾ തനിക്ക് ലഭിച്ചെന്ന് കെ.സി. വേണുഗോപാൽ എംപി. സാങ്കൽപ്പികമാണെന്ന് പറയുന്നുണ്ടെങ്കിൽപ്പോലും, സംഘപരിവാറിന്റെ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞുള്ള സിനിമയാണ് എമ്പുരാൻ എന്നതിൽ അവർക്കുള്ള അമർഷവും കേരളത്തെ ചുറ്റിപ്പറ്റി സംഘപരിവാർ നടത്താൻ ഉദ്ദേശിക്കുന്ന ചില മായികമായ, വസ്തുതക്ക് നിരക്കാത്ത കാര്യങ്ങൾ സിനിമയിലൂടെ പുറത്ത് വന്നിട്ടുണ്ടോ എന്നുള്ള ആശങ്കയുമാണ് സംഘപരിവാറിന്റെ ആക്രമണത്തിന് പിന്നിൽ. ഈ രണ്ടിന്റെയും ആഘാതത്തിൽ നിന്നുണ്ടായിട്ടുള്ള വൻ കേന്ദ്രങ്ങളിൽ നിന്നുള്ള ഗൂഢാലോചനയാണ് സിനിമക്കെതിരായ ആക്രമണം. എമ്പുരാന് പിന്നിലുള്ളവർ ഉദ്ദേശിക്കാത്ത മാനത്തിലേക്ക് സിനിമ എത്തിയത് സംഘപരിവാറിന്റെ എതിർപ്പിന്റെ കാഠിന്യം കൂടിയത് കൊണ്ടാണ്.

ഭൂരിപക്ഷ വർഗ്ഗീയതയും ന്യൂനപക്ഷ വർഗ്ഗീയതയും ഒരുപോലെ ഈ സിനിമയിൽ പരാമർശിക്കപ്പെടുന്നുണ്ട്. അവ രണ്ടും ഒരുപോലെ അപകടകരവും സാധാരണക്കാരായ മനുഷ്യരെ തകർക്കുന്നതുമാണ്. കേരളത്തിൽ കുറെക്കാലമായി സംഘപരിവാർ സ്വയം പ്രചരിപ്പിക്കുന്നത് അവർ വിശുദ്ധപശുക്കളും ഹിന്ദുക്കളുടെ സംരക്ഷകരും സമാധാനകാംക്ഷികളുമാണെന്ന നരേറ്റീവാണ്. ആ നരേറ്റീവിനെ ഇല്ലാതാക്കുന്നതാണ് ഈ സിനിമ. അതുകൊണ്ട് ഈ സിനിമ ആളുകൾ കാണുന്നതിനെ സംഘപരിവാർ ഭയപ്പെടുന്നു. ഈ സിനിമയുടെ ആവിഷ്കാരം സംഘപരിവാറിന്റെ അജണ്ടകൾക്ക് എതിരാണ്.

തങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ പറഞ്ഞാൽ ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന സമീപനമാണ് സംഘപരിവാറിന്റേത്. പൃഥ്വിരാജിനെതിരെ സംഘപരിവാർ മാധ്യമങ്ങൾ അഴിച്ചുവിട്ടത് കൃത്യമായ ആക്രമണം. ആർ.എസ്.എസ് മുഖപത്രം ഓർഗനൈസർ നേരിട്ട് മൂന്ന് എഡിറ്റോറിയലുകളാണ് എമ്പുരാനെതിരെ ഇറക്കിയത്.

കേരളാ സ്റ്റോറിക്കും എമർജൻസിക്കും കശ്മീർ ഫയൽസിനും ആക്സിഡന്റൽ പ്രൈം മിനിസ്റ്ററിനും അനുമതി കൊടുത്ത സെൻസർബോർഡ് തന്നെയാണ് എമ്പുരാനും അനുമതി നൽകിയത്. അനുമതി നൽകി സിനിമ പുറത്തിറക്കിയ ശേഷം, അഭിനേതാക്കളെയും സംവിധായകനെയും തിരക്കഥാകൃത്തിനെയും ഭീഷണിപ്പെടുത്തി സിനിമയിലെ ഭാഗങ്ങൾ വെട്ടിക്കളയുമ്പോൾ അവർ മനസ്സിലാക്കാത്തത്, വെട്ടിക്കളയുന്ന ഭാഗങ്ങൾ ജനം തിരഞ്ഞുപിടിച്ചു കാണും എന്നതാണ്. ഈ ജനാധിപത്യ രാജ്യത്ത് ഇ.ഡി.യെയും സി.ബി.ഐ.യെയും മറ്റ് ഏജൻസികളെയും ഉപയോഗിച്ച് എല്ലാവരെയും തീർത്തുകളയാമെന്നാണ് സംഘപരിവാറിന്റെ ചിന്തയെങ്കിൽ അത് നടക്കില്ല.

സിനിമ കാണുന്നവരെല്ലാം ഗോദ്ര സംഭവത്തെ കുറിച്ചുള്ള സത്യവും അന്വേഷിക്കും. സംഘപരിവാർ വിവക്ഷിക്കുന്നത് മാത്രമല്ല രാജ്യസ്നേഹം. സംഘപരിവാറിന് സിനിമയെ സിനിമയായി കാണാൻ പറ്റുന്നില്ല. അവരുടെ അജണ്ട വെളിച്ചത്ത് വരുന്നതിൽ ഭയന്നാണ് അവർക്കതിന് കഴിയാത്തത്. കോൺഗ്രസിനെതിരെയും ധാരാളം സിനിമകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ആ സിനിമകൾക്കെതിരെ ആരും അക്രമം അഴിച്ചുവിട്ടിട്ടില്ലെന്ന് കെ. സി. വേണുഗോപാൽ പറഞ്ഞു.

Tags:    
News Summary - KC Venugopal - Empuran response

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.