ആലപ്പുഴ: സി.പി.എം മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനുമായി കൂടിക്കാഴ്ച നടത്തി എ.ഐ.സി.സി ജനറൽ സെക്രട്ടറിയും ആലപ്പുഴ എം.പിയുമായ കെ.സി വേണുഗോപാൽ. ആലപ്പുഴയിലെ വീട്ടിലെത്തിയാണ് സുധാകരനെ വേണുഗോപാൽ കണ്ടത്.
സുധാകരനുമായുള്ള കൂടിക്കാഴ്ച സൗഹൃദ സന്ദർശനമെന്ന് കെ.സി വേണുഗോപാലുമായി ബന്ധപ്പെട്ടവർ മാധ്യമങ്ങളോട് പ്രതികരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സുധാകരൻ വിശ്രമത്തിലായിരുന്നുവെന്നും അവർ വ്യക്തമാക്കി.
കെ.സി വേണുഗോപാലുമായുള്ളത് സ്വാഭാവിക കൂടിക്കാഴ്ചയാണെന്നും തന്‍റെ ആരോഗ്യ വിവരം തിരക്കി വന്നതാണെന്നും ജി. സുധാകരനും വ്യക്തമാക്കി.
അതേസമയം, സി.പി.എം അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിലേക്ക് ജി. സുധാകരനെ ക്ഷണിക്കാത്തത് വലിയ വാർത്തകൾക്ക് വഴിവെച്ചിരുന്നു. ഉദ്ഘാടന സമ്മേളനത്തിലും പൊതുസമ്മേളനത്തിലും ജി. സുധാകരനെ ഒഴിവാക്കിയത് വ്യാപക വിമർശനത്തിന് ഇടയാക്കി.
സുധാകരന്റെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രമാണ് വേദിയിലേക്കുള്ള ദൂരം. പലഘട്ടങ്ങളില്‍ സുധാകരന്‍ പാര്‍ട്ടിയെ വിമര്‍ശിച്ച് രംഗത്തെത്തിയത് വിവാദമായിരുന്നു. പാര്‍ട്ടിയില്‍ ഉന്നത പദവി വഹിക്കുന്നില്ലെങ്കില്‍ പോലും മുതിര്‍ന്ന നേതാക്കളെ സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നത് പതിവാണ്.
മന്ത്രി സജി ചെറിയാനാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. 28 വര്‍ഷം മുമ്പ് സി.പി.എം മുന്‍ എംപി ടി.ജെ ആഞ്ചലോസിനെ പുറത്താക്കിയത് കള്ളറിപ്പോര്‍ട്ടിലൂടെയാണെന്ന് ജി. സുധാകരന്‍ ആരോപിച്ചിരുന്നു. സി.പി.എം നേതൃത്വത്തിനെതിരെ പല ഘട്ടത്തിലും സുധാകരൻ ഉയർത്തിയ വിമർശനങ്ങളാണ് അദ്ദേഹത്തെ തഴയാൻ ഇടയാക്കിയതെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.